അഷിത….

May 25, 2020,  7:35 AM

Share :അഷിത…. ഈ പേര് ആദ്യം കേട്ടത് കുട്ടിയായിരിക്കുമ്പോഴാണ്. അച്ഛനും സുഹൃത്തുക്കളായ ചില സൈക്കിയാട്രിസ്റ്റുമാരും ലേശം മദ്യത്തിന്റെ അകമ്പടിയോടെ റിലാക്സ് ചെയ്യുമ്പോൾ… അമ്മ മദ്യത്തിന്റെ ഗന്ധം ഇഷ്ടപ്പെടാതെ അടുക്കളയിൽ മുഖം ചുളിച്ചിരുന്ന് തോരനുണ്ടാക്കുമ്പോൾ…. ആ പേരാണ് എന്നിൽ അൽഭുതമുണ്ടാക്കിയത്.. അതേന്തോന്ന് പേര്? അഷിതയോ? ആ കുട്ടി കഥയും കവിതയും എഴുതും. അതാണ് വലിയ രോഗം. അതിനാണ് ചികിൽസ വേണ്ടത്. അങ്ങനൊരു രോഗമോ ? എന്താണ് ആ രോഗത്തിൻറെ പേര് ? എനിക്ക് ഒന്നും മനസ്സിലായില്ല. എന്നാലും ഞാൻ ചുമ്മാ കേട്ടിരുന്നു. കുറെ സംസാരിച്ച ശേഷം കൂട്ടത്തിൽ ഏറ്റവും പ്രഗൽഭനെന്ന് പേരെടുത്തിട്ടുള്ള ഡോക്ടർ ഉച്ചത്തിൽ പറഞ്ഞു. ” ആ കൊച്ചിന് ഒന്നുമില്ല. തന്തേം തള്ളേം വേലിപ്പത്തല് വെട്ടി നല്ല അടി കൊടുക്കണം. അപ്പോൾ അവരുടെ രോഗമങ്ങ് മാറും. ഞാനിത് തീർത്തു പറയാൻ പോവുകയാണ് “

ഒന്നു രണ്ടു കൂട്ടുകാർക്ക് അല്പം വൈകി അനിയത്തിമാർ ജനിച്ചപ്പോൾ ഞാൻ അഷിത എന്ന പേര് നിർദ്ദേശിച്ചു നോക്കി. ആരും ആ പേര് ഇട്ടില്ല. പിന്നെ വലുതായപ്പോൾ അഷിതയെ വായിച്ചു ശ്വാസം മുട്ടി, വെറുതെ കരഞ്ഞു. എന്തിനാണ് സങ്കടമെന്നറിയാതെ വേദനിച്ചു. രാത്രി ഉറങ്ങാതിരുന്നു. അവരും അവരുടെ എഴുത്തും ആ ഓർമ്മകൾ ഉണരുമ്പോഴൊക്കെ എന്നിൽ വേദനയായി നിറഞ്ഞു നിന്നു. ഞാൻ ഉടുപ്പീലായിരുന്നു അവർ എനിക്ക് ഫോൺ ചെയ്ത ദിവസം. ഒരു കല്യാണാഘോഷത്തിൻറെ ബഹളത്തിലായിരുന്നതുകൊണ്ട് ഞാൻ അറിഞ്ഞില്ല. അവർ സന്ദേശവുമയച്ചു. “എച്മൂ, പ്ളീസ് പിക് അപ് ദ ഫോൺ. ദിസ് ഈസ് അഷിത. ” രാത്രി ഒമ്പതരക്ക് ഞാൻ തിരിച്ചു വിളിച്ചപ്പോൾ അവർ ഫോണെടുത്തില്ല. പിറ്റേന്ന് രാവിലെ ആ ശബ്ദം എന്നെ തേടി വന്നു. ബാലനോട് ചോദിച്ചു, നമ്പർ സംഘടിപ്പിച്ചുവെന്നും പുതിയ ബുക്കിൻറെ പ്രകാശനത്തിന് അവർ എന്നെ മാത്രമേ വിളിക്കുന്നുള്ളൂവെന്നും പറഞ്ഞു. ബാലനോട് എന്നെപ്പറ്റി ഒത്തിരി സംസാരിച്ചുവെന്നും ബാലൻ ഒരുപാട് വേദനിക്കുന്നുണ്ടെന്നും അവർ അറിയിച്ചു. പിന്നെ ഞങ്ങൾ ഇടയ്ക്ക് ചെറിയ സന്ദേശങ്ങൾ കൈമാറി. ആ പ്രകാശനത്തിന് പോവാൻ എനിക്ക് പറ്റിയില്ല. മൈഗ്രേയിൻറെ നീരാളിപ്പിടുത്തത്തിൽ തലയിണ ചുരുട്ടി തലയിലമർത്തി വെച്ച് വെളിച്ചത്തിനേയും ഒച്ചയേയും അടിച്ചോടിച്ച് കിടന്നു പോയി, ഞാൻ. അന്ന് പോയിരുന്നെങ്കിൽ അഷിത പരിപാടിക്ക് എത്തീരുന്നില്ലെങ്കിലും കിഴക്കുമ്പാട്ടുകരെ പോയി ഒന്നു കാണാൻ പറ്റിയേനേ.

ആ പുസ്തകം വായിച്ച് , ആകെ പൊട്ടിപ്പിളർന്ന അടരുകളായി ഞാൻ അഷിതയെ വിളിച്ചു. കീമോതെറാപ്പിയിലാണെന്നും വയ്യെന്നും രൂപം മാറിയെന്നും ക്ഷീണിച്ച ശബ്ദത്തിൽ അവർ എന്നോട് പറഞ്ഞു. ഇത്തിരി ഭേദമാവട്ടെ എന്നിട്ട് കാണാമെന്ന് തീരുമാനിച്ചെങ്കിലും ആ ദിനം വന്നില്ല… എന്നോട് ഒത്തിരി വാൽസല്യവും സ്നേഹവും അവർ പ്രകടിപ്പിച്ചിരുന്നു. അമ്മീമ്മയുടേയോ അമ്മയുടേയോ ശബ്ദം എൻറെ പക്കലില്ല. അഷിതയുടെ ശബ്ദം ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്… എനിക്കു ഇടയ്ക്കൊന്നു കേൾക്കാൻ… എച്മൂ എന്ന് വിളിച്ചത് ഒന്നു കൂടി കേൾക്കാൻ……..EBAN Marketing is a custom website designing and digital marketing company in Trivandrum.
  • EBAN Marketing is a custom website designing and digital marketing company in Trivandrum.

പ്രധാന വാർത്തകൾ