ആണധികാര വനിതാ ദിനങ്ങൾ #രശ്മികേളു

May 25, 2020,  7:35 AM

Share :ലോക വനിതാ ദിനം…. ഈ വനിതാ ദിനത്തിലെ തീം “Think equal, build smart, innovate for change” എന്നതാണ്. ഇന്ത്യയില്‍ തന്നെ കേരളത്തിലെ പോലെ, സ്ത്രീ പുരുഷ അനുപാതം ഏകദേശം തുല്യ അളവില്‍ ഉള്ള ഒരു സംസ്ഥാനം വേറെയില്ല. വിദ്യാഭ്യാസ, കലാ, കായിക, സാംസ്കാരിക മേഖലകളില്‍ എല്ലാം തന്നെ സ്ത്രീകള്‍ ഇന്ന് വളരെയധികം പുരോഗമിക്കുകയും മുന്‍നിരയില്‍ തന്നെ എത്തുകയും ചെയ്തിട്ടുണ്ട്. പക്ഷെ, കേരളത്തിന്റെ ഒരു പൊതുബോധത്തില്‍ നിന്ന് കൊണ്ട് അവലോകനം ചെയ്‌താല്‍ ഈ വനിതാ ദിന ലോഗോ യുടെ ഒരു അപനിര്‍മ്മാണം കാണാം എന്നതാണ് ഇതിലെ ഹാസ്യം! ധാരാളം വനിതാ ദിനാശംസകള്‍ ഇൻബോക്സിലും വാട്ട്സാപ്പിലും വരികയും ചെയ്തു. എന്ത് സമത്വസുന്ദര കേരളം അല്ലേ? എന്തെങ്കിലും പ്രത്യേകത ഈ ദിവസത്തില്‍ തോന്നിയോ എന്നാണു ഞാൻ ആലോചിച്ചത്… കാരണം, കേരളത്തിലെ ഒട്ടുമുക്കാല്‍ ഗൃഹസ്ഥകളുടെയും ഒരു സാധാരണ ദിനം പോലെ ഈ ദിവസവും കടന്നു പോകും എന്നെനിക്കറിയാം… എന്നത്തെയും പോലെ അവർ അതിരാവിലെ എഴുന്നേല്‍ക്കുകയും, അടുക്കളപ്പണികൾ ധൃതി പിടിച്ചു ചെയ്ത്, കുട്ടികളെ അയച്ചു, ഓഫീസിലേക്ക് ഓടി….. ഇതല്ലാതെ, അവര്‍ക്കിഷ്ടപ്പെട്ട ഒരു പുസ്തകം വായിക്കുകയോ, ഒരിടത്ത് പോകുകയോ, അറ്റ്ലീസ്റ്റ് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഏലക്ക കാപ്പിയെങ്കിലും ഇന്നത്തെ ആശംസ പോലെ കിട്ടുകയോ ചെയ്തിട്ടുണ്ടാവുകയില്ല. ഈ ഒരു പൊസിഷനിൽ നിന്നുകൊണ്ടു വേണം സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ച് സംസാരിക്കേണ്ടത് എന്നും ആസന്നമായ ഭാവിയെക്കുറിച്ച് ആകുലപ്പെടേണ്ടത് എന്നും എനിക്കറിയാം. സ്ത്രീ ശാക്തീകരണം, നവോത്ഥാനം എന്നൊക്കെ കരഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നെ, കാര്യമാത്ര പ്രസക്തമായ അഭിപ്രായം ഉന്നയിക്കേണ്ട, തീരുമാനങ്ങള്‍ എടുക്കേണ്ട ഇടങ്ങളില്‍ ഒക്കെയും തന്നെ, കേരളത്തിലെ കുലസ്ത്രീകളായ സകല സുഭദ്രമാരുടെയും ശബ്ദം മച്ചകം ഭേദിക്കാതിരിക്കാൻ നമ്മുടെ അപ്ഫന്മാര്‍ ഒക്കെയും തന്നെ പ്രതിജ്ഞാബദ്ധരാണ് എന്നറിയാം. ഒരു സമാധാന പാട്രിയാര്‍ക്കി സമൂഹത്തിന്റെ ട്രസ്റ്റ് എന്നാല്‍ ഞാനും അപ്ഫനും സുഭദ്രയും ചേരുന്നതാണല്ലോ…! അതിനിനി നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും മാറ്റം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുക വയ്യ.

ഏത് മേഖലയിലും എന്ന പോലെ, സ്ത്രീകളെ ഒരു രണ്ടാം പൌരന്മാരായി കാണുന്ന അവസ്ഥ കാണാം. സംസ്ഥാന അസംബ്ലിയിലെ വനിതാ എം എൽ എ മാരുടെ എണ്ണം നോക്കുക. കേരളത്തിൽ നിന്ന് ഏക വനിതാ എംപി മാത്രമേയുള്ളു എന്ന കാര്യവും നോക്കുക. കേരളത്തിലെ ചില രാഷ്ട്രീയ പാർട്ടികൾ വനിതകളെ സ്ഥാനാർഥികളായി നിശ്ചയിക്കാൻ പോലുമുള്ള വിമുഖതയിൽ ആണ്. ഏറെ ആശങ്കയോടെ വേണം ഈ 2019 ലെ വനിതാ ദിനത്തില്‍ നാം ഇക്കാര്യം ചർച്ചക്കെടുക്കേണ്ടത്. കാരണം, ശബരിമല സ്ത്രീപ്രവേശന വിവാദവുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന്‌ സ്ത്രീകളെ അണിനിരത്തി വനിതാ മതിൽ തീർക്കുകയും നവോത്ഥാനവും സ്ത്രീ ശാക്തീകരണവും മുഖ്യ ചർച്ചയാക്കുകയും ചെയ്ത ഇടതുമുന്നണി പോലും സ്ഥാനാർത്ഥി നിർണയം വന്നപ്പോൾ സ്ത്രീകളെ കൈവിട്ട ഒരു നയമാണ് കൈക്കൊണ്ടത്. ആസന്നമായ തെരഞ്ഞെടുപ്പു സ്ഥാന നിര്‍ണ്ണയത്തില്‍ ഏറെക്കുറെ പൂർത്തിയായ ഇടതുമുന്നണിയുടെ സ്ഥാനാർത്ഥി പട്ടികയിൽ സ്ത്രീ പ്രാതിനിധ്യം വളരെക്കുറവാണ്. സി പി ഐയുടെ നാല് സ്ഥാനാർത്ഥികളിലും വനിതകളില്ല. മറ്റെല്ലാ എസ്റ്റാബ്ലിഷ്ഡ് രാഷ്ട്രീയ പാര്‍ട്ടികളുടെയും കാര്യത്തില്‍ ഇതില്‍ നിന്നും വേറിട്ട ഒരു തീരുമാനം ഉണ്ടാകും എന്നൊരു പ്രതീക്ഷയും ഇല്ല. രാഷ്ട്രീയ പാർട്ടികളുടെ പ്രഖ്യാപിത നിലപാടുകളിലെ കാപട്യത്തിന്റെ തെളിവ് കൂടിയാണ് ഈ പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടിക. പേരിന് ഒന്നോ രണ്ടോ പേർക്ക് അവസരം നൽകുന്നതിന് അപ്പുറം സ്ത്രീ പ്രാതിനിധ്യത്തിന് ഒരു പാർട്ടിയും തയ്യാറല്ല. എന്നാല്‍, ഈ ഏകപക്ഷീയമായ നിലപാടുകൾക്കെതിരെ ശക്തമായ വിയോജിപ്പ്‌ പറയേണ്ട സമയത്ത് നമ്മുടെ മുഖ്യധാരാ സാമൂഹിക- സാംസ്കാരിക നായികന്മാർ ഒക്കെയും തന്നെ മൌനത്തില്‍ ആണ് താനും. അധികാര സ്ഥാനങ്ങളില്‍ സ്ത്രീകള്‍ വരിക എന്നത് മാത്രമാണ് ഒരു പ്രകടമായ വ്യത്യാസം ഈ സാമൂഹ്യ വ്യവസ്ഥിതികളില്‍ ഉണ്ടാകാന്‍ കാരണമാവുകയുള്ളൂ. 50% സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഇപ്പോഴും തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ മാത്രമേ സാധിച്ചിട്ടുള്ളൂ… കുടുംബസ്ഥകളായ സ്ത്രീകള്‍ വനിതാ മെമ്പര്‍മാരായതിന്റെ അപാകതകള്‍ ഒക്കെ വലിയ വലിപ്പത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട് എന്നിരുന്നാലും അത്യന്താപേക്ഷിതമായ ഒരു മാറ്റത്തിന്റെ മുന്നോടിയായി അതിനെ കാണാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.

ഭാഷ, മതം, സംസ്കാരം, ലിംഗം എന്നിവയുടെ ഒന്നും പേരില്‍ വിവേചനം പാടില്ല എന്ന്‍ ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ട്. പക്ഷെ, കാര്യത്തോടടുക്കുമ്പോള്‍ ശങ്കരന്‍ പിന്നെയും തെങ്ങിന്മേല്‍ തന്നെയാണ്. ഈ അവസ്ഥ മാറണം. അതിനു വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ മുന്നോട്ടു വരേണ്ടതുണ്ട്. പാര്‍ട്ടി ഓഫീസുകള്‍ പോലും പീഡന ശാലകള്‍ ആയി മാറുന്ന അവസ്ഥ വരുന്നത് അപകടകരമാണ്. ഏത് സ്ത്രീ പീഡിപ്പിക്കപ്പെട്ടാലും ഉടനെ സ്ത്രീ വിരുദ്ധ അഭിപ്രായങ്ങള്‍ വിതറുന്ന മലിന മനസ്കരായ നേതാക്കള്‍ എങ്കിലും പരാജയപ്പെടേണ്ടതുണ്ട്. സ്ത്രീയുടെ വസ്ത്രവും, ആഭരണവും എന്ന് മാത്രമല്ല നടത്ത പോലും മറ്റുള്ളവര്‍ നിശ്ചയിക്കുന്ന അവസ്ഥകളില്‍ നിന്നൊരു മോചനമാണ് ആവശ്യം. ഇന്നത്തെ പെണ്‍കുട്ടികള്‍ വ്യത്യസ്തരാകുന്നുണ്ട് എന്നത് ആശ്വാസം തരുന്നു എങ്കിലും അത് കുറേക്കൂടി സാമ്പത്തിക ഭദ്രതയുള്ള കുടുംബങ്ങളില്‍ മാത്രമേ പ്രാവർത്തികമാകുന്നുള്ളൂ. ആധുനിക ലോകത്ത് സ്ത്രീകള്‍ക്കെന്താണ് ആവശ്യമെന്നത് കൂടുതല്‍ ആലോചനക്ക് വയ്ക്കുന്ന സാഹചര്യത്തില്‍ സ്ത്രീ ശാക്തീകരണം പ്രായോഗികവും കാര്യക്ഷമവുമാവണമെങ്കിൽ സ്ത്രീകളുടെ മാനസികവും ശാരീരികവും ബുദ്ധിപരവും വൈകാരികവുമായ എല്ലാ വശങ്ങളും പരിഗണിച്ചുളള സമീപനങ്ങള്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ. സാമൂഹ്യ രംഗത്തും സാമ്പത്തിക രംഗത്തുമെന്നല്ല വിദ്യാഭ്യാസ രംഗത്തും സ്ത്രീകള്‍ നേടിയ പുരോഗതി കുറച്ചുകാണാനാവില്ല. പക്ഷേ സാക്ഷര സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളില്‍ പ്രബുദ്ധരെന്ന് ഊറ്റം കൊള്ളുന്ന കേരളത്തില്‍ സ്ത്രീകളും പെണ്‍കുട്ടികളും ഓരോ ദിനങ്ങളിലും അനുഭവിച്ചു പോരുന്ന എണ്ണമറ്റ അവഗണനയും പീഡനങ്ങളും അവമാനങ്ങളും എടുത്തു പറഞ്ഞാല്‍ ഇന്നത്തെ ദിനം തീരുകയില്ല. കുറഞ്ഞത്, സമ്മതപ്രകാരമാല്ലാത്ത ഒരു മൃദു സ്പര്‍ശം പോലും കടന്നു കയറ്റമാണ് എന്ന് പെണ്‍കുട്ടിയെ എന്നപോലെ ആണ്‍കുട്ടിയെയും പറഞ്ഞു മനസിലാക്കുകയെങ്കിലും ചെയ്യണം. നിയമവും ശിക്ഷയുമല്ല, സ്ത്രീകളെ ബഹുമാനിക്കാനും സ്നേഹിക്കാനും തയ്യാറാകുന്ന മനുഷ്യസമൂഹമാണ് ഉണ്ടാവേണ്ടത്. അത് കുടുംബത്തില്‍ നിന്ന് തന്നെയാണ് പ്രാവര്‍ത്തികമാക്കേണ്ടത്. ഈ അടുത്ത കാലത്തുണ്ടായ രണ്ടു യൂത്ത് കോണ്ഗ്രസ് പ്രവര്‍ത്തകരുടെ ദാരുണ കൊലപാതകം നാം ചര്‍ച്ച ചെയ്തതാണ്. എന്തുകൊണ്ട് രാഷ്ട്രീയ കൊലപാതകങ്ങളിൽ സ്ത്രീകൾ കൊല്ലപ്പെടുന്നില്ല? എന്ന കാര്യം നാം ചര്‍ച്ച ചെയ്യണം. കൊലപാത-, വിധ്വംസക രാഷ്ട്രീയ പ്രവര്‍ത്തനമല്ല നമുക്ക് വേണ്ടത്. മറിച്ച്, ഒരു കുടുംബത്തില്‍ സ്ത്രീ എങ്ങനെ സമസ്ത മേഖലകളും കൈകാര്യം ചെയ്യുന്നു എന്ന പോലെ തന്നെ സമഗ്രമായ ഒരു വികസനം ലക്‌ഷ്യം വച്ചുകൊണ്ടുള്ള ഒരു രാഷ്ട്രീയ പ്രവർത്തനവും രാഷ്ട്ര പുനര്‍നിര്‍മ്മാണവും ആണ് വേണ്ടത്. തീര്‍ച്ചയായും, വിദ്യാഭ്യാസവും സംസ്കാരവുമുള്ള സ്ത്രീകള്‍ക്ക് മാത്രമേ ഈ നാടിനു വേണ്ടി എന്തെങ്കിലും ചെയ്യാനാകൂ… രാഷ്ട്രീയ പ്രവര്‍ത്തകരുടെ വിദ്യാഭ്യാസ യോഗ്യത കണക്കിലെടുത്താല്‍ പലരെയും എടുത്തു ചവറ്റു കൊട്ടയിൽ എറിയേണ്ടി വരും എന്നതും ഹാസ്യമല്ല!EBAN Marketing is a custom website designing and digital marketing company in Trivandrum.
  • EBAN Marketing is a custom website designing and digital marketing company in Trivandrum.

പ്രധാന വാർത്തകൾ