കാലവര്‍ഷക്കെടുതിയില്‍പെട്ടവരെ സഹായിക്കാന്‍ ഒരു വിഹിതം മാറ്റിവയ്ക്കണം: മുഖ്യമന്ത്രി

May 25, 2020,  6:59 AM

Share :ഓണം ആഘോഷിക്കുമ്പോള്‍ കാലവര്‍ഷക്കെടുതിയുടെ ഇരകളെ സഹായിക്കാന്‍ ഒരു വിഹിതം മാറ്റി വയ്ക്കാന്‍ എല്ലാവരും തയ്യാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സപ്ലൈകോയുടെ ഓണം ബക്രീദ് മെട്രോ ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം പുത്തരിക്കണ്ടം മൈതാനത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ദുരിതത്തില്‍ പെട്ടവര്‍ക്കുള്ള സര്‍ക്കാര്‍ സഹായം മാനദണ്ഡങ്ങളില്‍ ഒതുങ്ങിയല്ല നല്‍കുന്നത്. നിശ്ചയിക്കപ്പെട്ടിട്ടുള്ളതില്‍ കൂടുതല്‍ സഹായം നല്‍കാറുണ്ട്. ഇതിന് സര്‍ക്കാരിന് പണം ആവശ്യമായി വരും. ഓണം ആഘോഷിക്കുമ്പോള്‍ ചെറുതും വലുതുമായ സംഭാവനകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തയ്യാറാകണം. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് 22 ഡാമുകളും തുറക്കേണ്ടി വരുന്നത്. ഇതിലൂടെ ഉണ്ടാവുന്ന പ്രശ്‌നം വലുതാണ്. ചില പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു പോകുന്ന അവസ്ഥ വരും. പ്രതിരോധ സേനകള്‍ ഉള്‍പ്പെടെയുള്ളവര്‍ സഹായിക്കാനുണ്ട്. നാട്ടില്‍ വലിയ തോതില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം നടക്കുകയാണ്.


ഓണത്തിന് പച്ചക്കറിയില്‍ സ്വയംപര്യാപ്തത കൈവരിക്കാനാവുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ മഴയില്‍ വ്യാപക നാശനഷ്ടം സംഭവിച്ചു. ഏത്തക്കായയുടെ ഉത്പാദനവും നല്ല രീതിയില്‍ ഉണ്ടായിരുന്നു. ഇതും നശിച്ചിട്ടുണ്ട്. ഗുണമേന്‍മയുള്ള സാധനങ്ങള്‍ വിലക്കുറവില്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ ഓണം ബക്രീദ് കാലത്ത് കേരളത്തില്‍ 8000 ചന്തകളാണ് ആരംഭിക്കുന്നത്. വിലവര്‍ദ്ധന അനുഭവപ്പെടാതെ നിത്യോപയോഗ സാധനങ്ങള്‍ ഇത്തരം ഫെയറുകളിലൂടെ ലഭിക്കുമെന്നതാണ് പ്രത്യേകത. ഇത്തരം ചന്തകളിലൂടെ വിലക്കയറ്റം നാട്ടില്‍ പിടിച്ചുനിര്‍ത്താനായി. വിവിധ തലങ്ങളിലായി 1600 സപ്ലൈകോ സ്റ്റാളുകളാണ് ഒരുക്കുന്നത്. വിവിധ ഏജന്‍സികളുടെ ഉത്പന്നങ്ങള്‍ ഇത്തരം ഫെയറുകളിലൂടെ ലഭിക്കുന്നു. സബ്‌സിഡിയുള്ള 13 നിത്യോപയോഗ സാധനങ്ങളുടെ വില കഴിഞ്ഞ രണ്ടു വര്‍ഷവും വര്‍ദ്ധിച്ചിട്ടില്ല. കുടുംബശ്രീയും ഓണം ബക്രീദ് ഫെയറുകളുടെ ഭാഗമാവുന്നുണ്ട്. അവര്‍ നേരിട്ട് വില്‍പന നടത്തുമ്പോള്‍ സബ്‌സിഡി നല്‍കാനാവില്ല. കുടുംബശ്രീ ഉത്പാദിപ്പിക്കുന്ന പച്ചക്കറി ഹോര്‍ട്ടികോര്‍പ് വാങ്ങി സപ്ലൈകോ സ്റ്റാളുകളിലൂടെ വില്‍ക്കാനാണ് തീരുമാനം. ഇതിലൂടെ കൃഷി ചെയ്യുന്നവര്‍ക്ക് ന്യായവില നല്‍കുന്നതിനൊപ്പം ഗുണഭോക്താവിന് കുറഞ്ഞ വിലയ്ക്ക് സാധനം ലഭിക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


സാധാരണ സബ്‌സിഡി നല്‍കുന്ന 13 ഉത്പന്നങ്ങള്‍ക്ക് പുറമെ ബിരിയാണി അരി, പായസക്കൂട്ട്, ശര്‍ക്കര തുടങ്ങിയ സാധനങ്ങള്‍ക്കും സബ്‌സിഡി നല്‍കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. വി. എസ്. ശിവകുമാര്‍ എം. എല്‍. എ ആദ്യ വില്‍പന നടത്തി. ഭക്ഷ്യപൊതുവിതരണ സെക്രട്ടറി മിനി ആന്റണി, സപ്ലൈകോ എം. ഡി എം. എസ്. ജയ, ജനറല്‍ മാനേജര്‍ ഡോ. നരസിംഗുഗാരി ടി. എല്‍. റെഡ്ഡി, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ അഡ്വ. സതീഷ്‌കുമാര്‍, ആനാവൂര്‍ നാഗപ്പന്‍, അഡ്വ. ജി. ആര്‍. അനില്‍, ഡി. സുഭാഷ്ചന്ദ്രന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.EBAN Marketing is a custom website designing and digital marketing company in Trivandrum.
  • EBAN Marketing is a custom website designing and digital marketing company in Trivandrum.

പ്രധാന വാർത്തകൾ