പോരാട്ടമാണ്‌. ‘മീ റ്റൂ’ – സുജി മീത്തൽ

May 25, 2020,  7:36 AM

Share :2006-ൽ ടരാനാ ബുർക്ക് തുടങ്ങിവെച്ച ‘മീ റ്റൂ’ മൂവ്മെന്റിന്റെ രണ്ടാം ഘട്ടം സോഷ്യൽ മീഡിയകളിൽ ആരംഭിക്കുന്നത്‌ 2017 ഒക്റ്റോബർ 15-ന്‌ ഹോളിവുഡ്‌ നടി അലൈസ മിലാനോയുടെ വെളിപ്പെടുത്തലുകളോടെയായിരുന്നു. ഇന്ന് പഞ്ചപുഛമടക്കി അനുസരണം മാത്രം ശീലമാക്കിയിരുന്ന പെൺവർഗ്ഗം ശബ്ദമുയർത്തുമ്പോൾ ആരുടെയൊക്കെയോ മുട്ട്‌ വിറക്കുന്നുണ്ട്‌. രണ്ടാംഘട്ടത്തിന് ഒരുവർഷം തികയുമ്പോൾ, മുപ്പതിനായിരത്തിലേറെ സ്ത്രീകളും കുറച്ച് പുരുഷന്മാരും ഇതിനകം ‘മീ റ്റൂ’യിലൂടെ തങ്ങളുടെ ദുരനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ശരീരം മാത്രം അളവുകോലാക്കി മനുഷ്യനെ ആണും പെണ്ണുമായി വേർതിരിക്കുമ്പോൾ അധികാരം അവകാശം എന്നിവ അനുഭവിക്കുന്നതിലെ ഏറ്റക്കുറച്ചിലുകളാണ്‌ ചെറുപ്പം മുതലേ അന്ധാളിപ്പിച്ചിരുത്തിയിരുന്ന ഒരു കാര്യം. ഒരു സ്ത്രീക്ക്‌ ശരീത്തെപ്രതിമാത്രം ഏൽക്കേണ്ടിവരുന്ന അവഹേളനങ്ങളും പീഢനങ്ങളും തന്റെ അവകാശമായി അനുഭവിക്കേണ്ടതാണെന്ന പോലെ അവൾ ഒരു പരാതിയും പറയാതെ സ്വീകരിച്ചു പോകാൻ അതാത് സംസ്കാരമാണ്‌ മുഖ്യമായും കാരണമായിത്തീരുന്നത്‌. പാപബോധ പങ്കിലമായ മതാധിപത്യ സംസ്കാരം അവളിൽ ചെലുത്തിയ സ്വാധീനം ചില്ലറയല്ല. ആദമിനെ പ്രലോഭിപ്പിച്ച ആദിപാപ‌ ഹേതുവായി അവളെ അവരോധിച്ച മതം ആർത്തവം അവളുടെ അശുദ്ധിയാണെന്നും പഠിപ്പിച്ചു. പുരുഷനെ പ്രലോഭിപ്പിക്കുന്ന കാരണമായി അവളുടെ ശരീരത്തെ ഉയർത്തി പ്രചരിപ്പിച്ചു. അതവളുടെ ന്യൂനതയും കുറ്റവുമാക്കി അവളിൽ പാപബോധവും ഭയവും ബലഹീനതയും കുത്തിക്കയറ്റി അവളെ അസ്വതന്ത്രയാക്കി. അവളുടെ ജീവിതം എല്ലാം കൊണ്ടും ദുരിതമാകുന്നതിന്‌ ഇത്‌ മുഖ്യ കാരണമായി. ആൺ – പെൺ ഭേദമന്യേ ഇതൊരു അലംഘനീയ വിശ്വാസമായി സ്വീകരിക്കപ്പെട്ടു. ഒരു ഭാഗത്ത്‌ അമ്പലങ്ങളിലും പള്ളികളിലും അവൾക്കേൽക്കേണ്ടി വരുന്ന വിലക്ക്‌. മാത്രമല്ല, വ്യാപാര, രാഷ്ട്രീയ, വിദ്യാഭ്യാസ, കലാ സാംസ്‌കാരിക മേഖലകളിൽ വളർന്നുവരാൻ അവൾക്ക് പലപ്പോഴും തന്റെ ശരീരത്തെത്തന്നെ മറന്ന് ജീവിക്കേണ്ടിവരുന്നു. ഇങ്ങിനെ ജീവിക്കേണ്ടിവരുന്നത് കൂടുതൽ മെച്ചപ്പെട്ട ജീവിത സാഹചര്യം അവൾ തേടുന്നതുകൊണ്ടാണ്. മനുഷ്യരെപ്പോലെ ആഗ്രഹിക്കാനുള്ള അവകാശം അവളുടേതുമായത്കൊണ്ട് കൂടിയാണ്. മനുഷ്യരെപ്പോലെ മോഹിക്കാൻ അവകാശമുള്ള ജീവികളാണ് സ്ത്രീകളുമെന്ന തിരിച്ചറിവിൽനിന്നേ ഇത്തരം സ്ത്രീമുന്നേറ്റങ്ങളെ ‘ഫെമിനിച്ചി’ എന്ന പേരിലും, ‘മീ റ്റൂ’വിനെ ‘കൂടെക്കിടന്നിട്ട് തേച്ചവൾ’ എന്ന ദുഷ്‌പേരിലും പരിഹസിക്കാതിരിക്കാതിരിക്കാനുള്ള പക്വത സമൂഹത്തിന് കൈവരൂ. തൃപ്തിയോടെ ഇഷ്ടപ്പെടുന്നയാൾക്ക് വഴങ്ങുന്നതും നിവൃത്തികേടുകൊണ്ട് വഴങ്ങുന്നതും ഒരുപോലെ വായിക്കാൻ കഴിയുന്നതെങ്ങിനെയാണെന്ന് മനസ്സിലാവുന്നില്ല.


ഒരു കാര്യം മാത്രം പറയാം: ഉപ്പ്‌ തിന്നവനും തീറ്റിക്കപ്പെട്ടവനും ഒരു പോലല്ല.. രണ്ടുപേരും വെള്ളം കുടിച്ചു കാണും.. ഒന്ന് പക്ഷേ നിവൃത്തികേടുകൊണ്ടും, മറ്റേത്‌ സ്വയം തിരഞ്ഞെടുത്തതും.. അറിഞ്ഞുകൊണ്ട്‌ തിന്നവൻ വെള്ളം ഇനിയും ഇനിയും കുറേ കുടിക്കട്ടെ; മറ്റുള്ളവരെ തീറ്റിക്കരുതെന്ന തിരിച്ചറിവ്‌ വരുവോളം.. അമേരിക്കൻ സുപ്രീംകോടതി ജഡ്ജ് പാനലിലേക്ക് പീഡനം ആരോപിക്കപ്പെട്ട ജഡ്ജ് ബ്രെറ്റ് കാവനയ്ക്ക് അനുമതി ലഭിച്ചത് വീണ്ടും ‘മീ റ്റൂ’ വിനെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നു. ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സ്ത്രീകളാണ് പാപികളെന്നോണം പേരോ ഫോട്ടോയോ വിവരമോ പ്രസിദ്ധീകരിക്കാതെ ഒളിച്ചിരുന്ന കാലത്തേക്കാണ് ‘മീ റ്റൂ’ മുദ്രാവാക്യമുയർത്തി പേരും ഫോട്ടോയും മേൽവിലാസവും വെളിപ്പെടുത്തി പൊള്ളുന്ന അനുഭവങ്ങളുമായി സ്ത്രീകൾ മുന്നോട്ടുവന്നത്. ഐസിസ് പീഡനത്തിനിരയായ നോബൽ സമ്മാന ജേതാവ് നാദിയ മുറാദ് ഇവർക്കുമുന്നിൽ ചൊരിഞ്ഞുകൊടുത്ത മനോധൈര്യവും ആത്മവിശ്വാസവും ചില്ലറയല്ല.


ഇതിനുശേഷം ഇന്ത്യയിലും കേരളത്തിലും പുറത്തുവന്ന കേസുകൾ നിരവധി. കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മുൻ മാധ്യമ പ്രവർത്തകനുമായ എം. ജെ. അക്ബറിനെതിരെ പന്ത്രണ്ടോളം സ്ത്രീകൾ ആരോപണവുമായി രംഗത്തെത്തി. നടൻ നാനാപടേക്കറിനെതിരെ തനുശ്രീയും സംവിധായകൻ വികാസ് ബാലിനെതിരെ നടി കങ്കണയും തമിഴ് ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ഗായിക ചിന്മയും തുടങ്ങി മലയാള നടന്മാരായ മുകേഷും അലന്സിയറോളവും നീളുന്ന ഒരുപറ്റം പീഢനകഥകൾ നമ്മൾ കേട്ടുകഴിഞ്ഞു. മീ റ്റൂ മൂവ്മെന്റ് ശിക്ഷ വാങ്ങിക്കൊടുക്കാൻ മാത്രമുള്ളതല്ല. അത് ഒത്തൊരുമയുടെ ശക്തിപകർച്ചയും, ഒറ്റപ്പെടലിന്റെ തുരുത്തിനെ തകർത്തെറിയുന്ന ആപ്തവാക്യവുമാണ്. ‘എന്നി’ൽനിന്നും ‘ഞങ്ങളി’ലേക്കുള്ള ശക്തിയുടെ വളർച്ച. ‘ഒറ്റയ്ക്കൊറ്റയ്ക്ക്’, ‘ഒരുമിച്ച്’ആവുന്ന ഒരു ഐക്യപ്പെടൽ. അതിലൂടെ വളരുന്ന മാനസികൈക്യം. അതുണ്ടാക്കുന്ന മനസ്സുറപ്പും ശാക്തീകരണത്തിന്റെ ഉൾക്കരുത്തും ലോകത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നു. ഇനിയവളുടെ നിവൃത്തികേടിനും ബലഹീനതയ്ക്കും നേരെ കൈനീട്ടുമ്പോൾ നേർത്ത ഭയമെങ്കിലും വീഴാൻ ഈ മൂവ്മെന്റ് ധാരാളം. തുറക്കാൻ ഇനിയും ഒരുപാട്‌ മൂടിയ വാക്കുകളും വായകളുമുണ്ട്‌.. താക്കോൽ അവൾക്കൊപ്പവും.. ഭോഗവസ്തുവിനപ്പുറം സ്ത്രീയെ കണ്ടവൻ മാത്രം അതിജയിക്കട്ടെ എന്നുമാത്രം ആശിക്കുന്നു. ഒരു പെണ്ണും ഒറ്റയ്ക്കല്ല. പീഡിപ്പിക്കപ്പെടുമ്പോൾ ‘ഞാനും കൂടെ’ എന്നും പറഞ്ഞ് കൈപിടിക്കാൻ പതിനായിരങ്ങൾ മുന്നോട്ടുവരുന്നതിന്റെ പുലരിയിൽ നാം എത്തിനിൽക്കുന്നു, ശുഭാപ്തി വിശ്വാസത്തോടെ. പുരുഷനെന്ന മനുഷ്യജീവിക്കുള്ള എല്ലാ അവകാശങ്ങളും സ്ത്രീയെന്ന മനുഷ്യജീവിക്കും ലഭിക്കുംവരെ ‘മീ റ്റൂ’ ലോകത്തോട് കൂടുതലുറക്കെ ശബ്ദിക്കട്ടെ .EBAN Marketing is a custom website designing and digital marketing company in Trivandrum.
  • EBAN Marketing is a custom website designing and digital marketing company in Trivandrum.

പ്രധാന വാർത്തകൾ