
വെറും 250 രൂപയ്ക്ക് എല്ലാ രോഗങ്ങളും മാറുന്ന ജ്യൂസ്-അടുത്തിടെ ഒരു പ്രമുഖ പത്രത്തിലാണ് ഇത്തരം ഒരു ജ്യൂസ് വിൽപ്പനയെക്കുറിച്ച് വാർത്ത കണ്ടത്.പുരാണങ്ങളിലും നിത്യയൗവ്വനം സമ്മാനിക്കുന്ന അമൃതിനെക്കുറിച്ചുള്ള കഥകളൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഇത്തരത്തിലൊന്ന് ഇവിടുണ്ടെന്ന് കേൾക്കുന്നത് ഇതാദ്യം! മലപ്പുറം ജില്ലയിലാണ് പ്രസ്തുത കട നടത്തിവന്നത്.അതും രണ്ട് തമിഴ്നാട് സ്വദേശികൾ.കടയിലെ ആൾത്തിരക്ക് കണ്ട് റിപ്പോർട്ടർ അന്വേഷിച്ചപ്പോഴാണ് ഈ ഒറ്റമൂലി കഥ വാർത്തയായത്.വാർത്തയ്ക്കു പിന്നാലെ തന്നെ ആരോഗ്യവകുപ്പും പോലീസും എത്തി കടയുടമകളെ അറസ്റ്റ് ചെയ്തു കട സീൽ ചെയ്തു.പിന്നീടുള്ള പരിശോധനയിൽ ഉത്തേജക സ്വഭാവമുള്ള പലതരം രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തുകയും ചെയ്തു. പുറമേക്ക് അധികം പ്രചാരമാകുന്നില്ലെങ്കിൽ കൂടി ഇത്തരം ഒറ്റമൂലി പ്രയോഗങ്ങൾ ഇന്ന് കേരളത്തിൽ സുലഭമാണ്.വൃക്കരോഗത്തിന് ഡയാലിസിസിനു പകരം മുറിവൈദ്യം സ്വീകരിച്ച് മരിച്ച യുവാവും മഞ്ഞപ്പിത്തത്തിന് ഭസ്മം കഴിച്ചു മരണമടഞ്ഞവരും പ്രബുദ്ധകേരളത്തിന്റെ ഭാഗം തന്നെയാണ്.
പാരമ്പര്യവൈദ്യവും നാട്ടുചികിത്സകളും മലയോര നാടിന്റെ ഭാഗം തന്നെയാണ്.ശ്രേഷ്ഠരായ വൈദ്യരുടെ ഒറ്റമൂലി പ്രയോഗങ്ങൾ ഫലവും കണ്ടിട്ടുണ്ട്. വൈദ്യശാസ്ത്രം പോലും വിഷബാധയേറ്റ നിരവധിപ്പേർക്ക് തിരിച്ചു നൽകിയ ‘വനമുത്തശ്ശി’ നാടുമാണ്.എന്നിരുന്നാലും മർമ്മചികിത്സയും പാരമ്പര്യവൈദ്യവും രോഗശമനം തീർത്ത നാട്ടിൽ വസൂരി എന്ന മഹാരോഗം പടർന്നുപിടിച്ചപ്പോൾ,അത് ബാധിച്ചവരെ ദേവിയുടെ കോപത്തിനിരയായവനായി കണ്ട് പായിൽ പൊതിഞ്ഞ ജീവനോടെ കാട്ടിലുപേക്ഷിച്ച് അന്ധവിശ്വാസങ്ങളുടെ നാടുകൂടിയാണ്.അന്ന് വസൂരിയെ ഇല്ലായ്മ ചെയ്യാൻ ‘ഗോവസൂരി പ്രയോഗം’/smallpox vaccine എന്ന ആധുനിക വൈദ്യശാസ്ത്രത്തിന്റെ പ്രതിരോധകുത്തിവെയ്പ്പ് വേണ്ടിവന്നു.എഡ്വേർഡ് ജെനറിന്റെ ഈ കണ്ടുപിടിത്തം ലോകത്തിലെ ആദ്യത്തെ പ്രതിരോധകുത്തിവെയ്പ്പിനു ജന്മം കൊടുത്ത് വസൂരിയെ ലോകത്തിൽ നിന്ന് തുടച്ച് നീക്കാനും കാരണമായി.ഏത് മരുന്നിന്റെയും ഉത്ഭവം പ്രകൃതി തന്നെയാണ്.അത് പല തോതിൽ പല വേർതിരിക്കുമ്പോൾ പല മിശ്രിതങ്ങൾ ചേർക്കുമ്പോൾ അലോപ്പതി,ആയുർവ്വേദം,ഹോമിയോ തുടങ്ങി വ്യത്യസ്ത മേഖലകളിലേക്ക് മാറുന്നു.ആയുർവേദ മരുന്നുകൾ വരെ ഇന്ന് എളുപ്പത്തിനായി ഗുളിക രൂപത്തിൽ ലഭിക്കുന്നുണ്ട്.ആധുനികവൈദ്യം കേരളത്തിൽ വേരുറപ്പിച്ചു തുടങ്ങിയപ്പോൾ ആയുർവേദം നശിക്കാതിരിക്കാനാണ് കോട്ടക്കൽ ആര്യവൈദ്യശാലയിൽ ഗുളിക രൂപത്തിലും കുപ്പിമരുന്നു രൂപത്തിലും പി.എസ്.വാര്യർ ഔഷധങ്ങൾക്ക് പുതുരൂപം നൽകിയത്.വേരുകളും ചെടികളും അരച്ചുകലക്കി കുടിക്കുന്നതിലും എളുപ്പമാണ് ഒരു ഗുളികയെന്ന ആളുകൾ ചിന്തിച്ചു തുടങ്ങിയപ്പോൾ അത്തരത്തിലുള്ള എളുപ്പവഴികളിലെ വിൽപ്പനയെ ഇന്നത്തെ ഒറ്റമൂലി മുറിവൈദ്യന്മാർ വിദഗ്ദമായി ഉപയോഗിക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. വേദനയ്ക്കും മറ്റും മറ്റ് ആയുർവേദ മരുന്നുകൾ കൂടി ട്രമഡോൾ പോലെയുള്ള അതിഭീകര വേദനസംഹാരി വരെ ഉപയോഗിക്കുന്നു.ഇതിനു പുറമെ ‘ആയുർവേദിക്’ എന്നത് ഇന്ന് മാർക്കറ്റുകൾ കീഴടക്കുന്ന ‘ട്രേഡ്നേമാ’യി മാറിയിരിക്കുന്നു.തടി കുറക്കാനും മുഖം മിനുക്കാനും ആയുർവേദമെന്ന ലേബലിൽ ഇറങ്ങുന്ന മരുന്നുകൾ കഴിച്ച് വഞ്ചിതരാവുന്നവരും അപകടം വിളിച്ച് വരുത്തുന്നവരും നമ്മുടെ നാട്ടിൽ കൂടിവരികയാണ്. പല രോഗങ്ങൾക്കും ശരീരവേദനകൾക്കും ഉണ്ടെന്നുള്ളത് ശരിതന്നെ.നമ്മുടെ മുത്തശ്ശിമാരിൽ നിന്നും മറ്റും ഇത്തരം ഒറ്റമൂലികൾ നമ്മൾ സ്വീകരിക്കാറുമുണ്ട്-പാരമ്പര്യവൈദ്യത്തിൽ ജീവിച്ചിരുന്നവരുമാണ് മലയാളികൾ.ഒറ്റമൂലി എന്ന വാക്കിനർത്ഥം വേറൊരു മരുന്നും കൂടാതെ ഒരു രോഗത്തെ നശിപ്പിക്കാൻ ശക്തിയുള്ള ഔഷധിയെന്നാണ്.പാരമ്പര്യ അറിവുകളാണ് ഒറ്റമൂലികളാകുന്നതും.കൃത്യമായ അളവിലും മറ്റും ഇവ ഓരോ ശരീരഘടനയ്ക്കുമനുസരിച്ച് ഉപയോഗിക്കാൻ ഇത്തരം വൈദ്യർക്ക് അറിവുമുണ്ട്.അതാണ് അവർ തരുന്ന ഒറ്റമൂലികൾ ഫലപ്രദമാകുന്നതും.എന്നാൽ ഇത്തരത്തിലുള്ള യാതൊരു അറിവോ പാരമ്പര്യമോ ഇല്ലാതെ ‘ഒറ്റമൂലി’ എന്ന പേരിൽ തരുന്ന മുറിവൈദ്യപ്രയോഗങ്ങളാണ് അപകടമാകുന്നത്.പാരസെറ്റമോൾ ഗുളിക ഒരു രോഗിക്ക് ഒന്ന് വീതം കഴിക്കാനാണ് നൽകുന്നത്.അതിന്റെ അളവ് കൂടിയാൽ അല്ലെങ്കിൽ ഒരു ദിവസത്തെ മുഴുവൻ ഒറ്റനേരം കഴിച്ചാൽ അത് കരളിനെ ബാധിക്കുകയും എന്തിന് മരണം വരെയും സംഭവിക്കുമെന്നു ഡോക്ടർമാർ പറയുന്നുണ്ട്.ഇത്പോലെ തന്നെയാണ് അളവുകളും ചേരുവകളും കൃത്യമല്ലെങ്കിൽ അത് ഏത് വൈദ്യത്തിലായാലും ശരീരത്തെ പ്രതികൂലമായി ബാധിക്കുക തന്നെ ചെയ്യും.അപ്പോൾ പിന്നെ കൃത്യമായി തെളിയിക്കപ്പെടുക പോലും ചെയ്യാത്ത ഇത്തരം ഒറ്റമൂലികളോ?ജീവിതശൈലീരോഗങ്ങൾ അതായത് പ്രമേഹം,അമിതവണ്ണം,ഹൃദയാഘാതം തുടങ്ങിയവ വരാതിരിക്കാനുള്ള പ്രകൃതിദത്തമായ ഭക്ഷണക്രമങ്ങളുണ്ട് എന്നാൽ പ്രമേഹത്തിന് ഒറ്റമൂലി ഉണ്ടെന്ന് പറയുന്നത് എങ്ങനെ ശെരിയാകും?പ്രമേഹം ചികിൽസിച്ച് പൂർണമായി മാറ്റാൻ പറ്റുമെന്ന് ഒരു വൈദ്യശാസ്ത്രവും പറയുന്നില്ല.അത്പോലെ തന്നെ കാൻസറിനും എയ്ഡ്സിനും പോലും ഒറ്റമൂലി പ്രയോഗങ്ങൾ നടത്തുന്നവരാണ് ഈ മുറിവൈദ്യന്മാർ.പണം മാത്രം ലക്ഷ്യമിടുന്ന ഇത്തരക്കാർ കൃത്യമായ വിദ്യാഭ്യാസമോ പാരമ്പര്യമോ ഇല്ലാത്തവരാണ് അഞ്ച് വർഷത്തെ പഠനം വെറും ഒരു മാസം കൊണ്ട് പഠിച്ച് വൈദ്യന്മാരായ പ്രമുഖരും ഇവരിൽ ഉണ്ടെന്നുള്ളതാണ് മറ്റൊരത്ഭുതം.
ജനങ്ങളുടെ അറിവില്ലായ്മയെ മുതലെടുക്കുകയാണ് ഇവരെന്ന് ഒരു തരത്തിൽ പറയാം.ഇത്തരത്തിൽ മുതലെടുത്തവരാണ് ഒരു രീതിയിൽ എം.ആർ.വാക്സിനേഷൻ ക്യാമ്പയ്നിൽ.മലപ്പുറം ജില്ലയിലും ഇപ്പോൾ നിപ്പ വൈറസ് വിഷയത്തിൽ(അങ്ങനെയൊരു വൈറസേയില്ല,വവ്വാലിനില്ലാത്ത രോഗം മനുഷ്യനെങ്ങനെ വന്നു തുടങ്ങിയ പ്രചരണങ്ങൾ) കേരളത്തിലുടനീളവും ഈ വ്യാജവൈദ്യന്മാർ നടത്തുന്നതും.എത്ര ശാസ്ത്രീയ വിശകലനങ്ങളും ഇവരുടെ പ്രചാരണങ്ങൾക്ക് മുൻപിൽ തോറ്റുപോകുന്നു.നൂറുശതമാനം സാക്ഷരത കൈവരിച്ച ഒരിടത്ത് ഇങ്ങനെയെങ്കിൽ മറ്റിടങ്ങൾ എങ്ങനെയാകും? അറിവില്ലായ്മയെ ചോദ്യം ചെയ്യുക മാത്രമല്ല എന്തും എളുപ്പത്തിൽ ലഭിക്കുമെങ്കിൽ അതിനു പിറകെ പായുന്ന മലയാളിയുടെ തനതു സ്വഭാവവും ഇത്തരം ഒറ്റമൂലിക്കാർക്ക് വളമാകുന്നു.അഞ്ചു രൂപയുടെ കഞ്ഞി കുടിച്ചാൽ എല്ലാ വേദനകളും മാറുമെന്നു കേട്ടാൽ ഹാ!അഞ്ചു രൂപയല്ലേ ഉള്ളൂ കുടിച്ച് കളയാം എന്ന് പറഞ്ഞ് ഒന്നും ചിന്തിക്കാതെ അതിനു പിന്നാലെ പായുന്ന സ്വഭാവം മലയാളി മാറ്റിയെങ്കിലേ ഇത്തരക്കാർ പിന്മാറുകയുള്ളൂ..അല്ലെങ്കിൽ ഇനിയും ഒറ്റമൂലിപ്രയോഗങ്ങളുമായി മുറിവൈദ്യന്മാർ കേരളത്തിൽ വിലസും.ആയുർവേദത്തിന്റെ പ്രാധാന്യം കുറഞ്ഞതും അലോപ്പതി കേരളമണ്ണിൽ വേരുറച്ചതും ജീവിതശൈലീരോഗങ്ങൾക്ക് മുൻപന്തിയിൽ നിൽക്കുന്ന നാഡിതായി ഇവിടം മാറിയതും ഇത്തരത്തിലുള്ള എളുപ്പവഴികൾക്കു പിന്നാലെ പാഞ്ഞിട്ടാണെന്ന് ഓർക്കുന്നത് നന്നാകും.ആയുർവേദം കൃത്യമായ ഗ്രന്ഥജ്ഞാനവും പാരമ്പര്യ അറിവുകളും സിദ്ധിച്ചിട്ടുള്ള മഹത്തായ ചികിത്സാരീതിയാണ്.അത്പോലെ തന്നെ ചില നാട്ടുചികിത്സകരിലും പല മാറാരോഗങ്ങൾക്കുള്ള നാട്ടറിവുകളും കാണും.എന്നാൽ കൃത്യമായ അറിവ് സിദ്ധിച്ചവരെ അത് മനുഷ്യശരീരത്തിൽ പ്രയോഗിക്കാൻ പാടുള്ളു എന്നതാണ് വസ്തുത.അത്പോലെ തന്നെ ഒരു വ്യക്തി ഏത് മരുന്ന് ഉപയോഗിക്കുന്നതിനു മുൻപും അംഗീകൃത ബിരുദമുള്ള ഡോക്ടറിന്റെയോ വൈദ്യരുടെയോ ഉപദേശം സ്വീകരിക്കേണ്ടതാണ്.കൂടാതെ ഒറ്റമൂലികൾ ശാസ്ത്രീയമായി തെളിയിക്കപ്പെടേണ്ടതും വരും കാലങ്ങളിൽ ‘വ്യാജ ഒറ്റമൂലി’ക്കാരിൽ നിന്ന് രക്ഷപെടാൻ അനിവാര്യമാണ്,അല്ലെങ്കിൽ വൃക്കയും കരളും മാത്രമല്ല ജീവൻ തന്നെ ‘ചികിൽസിച്ച് നാഷ്ടമാകാം’.
