മാർക്സിസത്തിനെതിരെയുള്ള വിമർശനം – വെല്ലുവിളി ഏറ്റെടുക്കാൻ രവിചന്ദ്രൻ തയ്യാറാവണം* – അഡ്വ : ജോണി സെബാസ്ട്യൻ

May 25, 2020,  7:17 AM

Share :ജനാധിപത്യപരമായ സംവാദം പോലും അർഹിക്കാത്ത തരത്തിൽ ജനവിരുദ്ധമായ ആശയങ്ങളാണ് തൊഴിലാളിവർഗ വിമോചനത്തിന്റെ ദാർശനികരായ കാൾ മാർക്സും ഫ്രെഡറിക് എംഗൽസും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലൂടെ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് രവിചന്ദ്രന്റെ അഭിപ്രായം എന്ന് വേണം കരുതാൻ. കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയെ നിരോധിക്കണമെന്ന് പറയുന്ന രവിചന്ദ്രൻ ഒരുപടി കൂടി കടന്ന് മുതലാളിത്തത്തിന്റെ പ്രകീർത്തകനായി മാറുകയും ചെയ്തിരിക്കുന്നു. മുതലാളിത്ത സാമൂഹ്യ വ്യവസ്ഥിതിയോടെ ചരിത്രം അവസാനിക്കുകയാണെന്നാണോ യാന്ത്രിക ഭൗതികവാദിയായ രവിചന്ദ്രൻ കരുതുന്നത്? മുതലാളിത്തത്തേക്കാൾ മെച്ചപ്പെട്ട ഒരു സാമൂഹ്യ വ്യവസ്ഥയ്ക്ക് ഇനി ഒരു സാധ്യതയുമില്ലെന്നാണ് അദ്ദേഹത്തിലെ യുക്തിചിന്തയും ശാസ്ത്ര ബോധവും അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിരിക്കുന്നതെന്ന് തോന്നുന്നു. പദാർഥവും സമൂഹവും നിരന്തര ചലനത്തിലാണെന്ന ശാസ്ത്രസത്യം അംഗീകരിക്കുന്ന ഒരാൾക്കും രവിചന്ദ്രന്റെ മുതലാളിത്ത കീർത്തനം ഉൾക്കൊള്ളാനാവില്ല. അടിമയുടമസ്ഥതയുടേയും ജൻമിത്തത്തിന്റെയും രാഷ്ട്രീയാധിപത്യം തകർത്തുകൊണ്ടാണ് മനുഷ്യരാശി മൂലധനാധിപത്യത്തിന്റെ പുത്തൻ ദശാസന്ധിയിൽ എത്തിയിരിക്കുന്നത്. പഴയ വ്യവസ്ഥകളെ അപേക്ഷിച്ച് സ്വാതന്ത്ര്യത്തിലേക്കുള്ള മെച്ചപ്പെട്ട ഘട്ടമെന്ന നിലയിലാണ് മൂലധന വ്യവസ്ഥയിൽ മനുഷ്യൻ എത്തിയിരിക്കുന്നത്. എന്നാൽ മൂലധനാധിപത്യത്തിന്റെ ബന്ധനത്തിൽ നിന്നും മുക്തി നേടുന്നതിനുള്ള മനുഷ്യന്റെ സ്വാതന്ത്ര്യവാഞ്ഛയെയും തടഞ്ഞു നിർത്താനാവില്ല എന്ന ചരിത്ര സത്യത്തെ രവിചന്ദ്രനും കൂട്ടരും അംഗീകരിക്കുന്നില്ല. യുക്തിചിന്തയും ശാസ്ത്ര ബോധവും പ്രചരിപ്പിക്കുന്നവർ മുതലാളിത്ത വ്യവസ്ഥയും തകർച്ചയ്ക്ക് വിധേയമാണ് എന്ന ശാസ്ത്രസത്യത്തെ നിരാകരിക്കുകയാണ്. അതു വഴി അവർ മുതലാളിത്ത വ്യവസ്ഥയുടെ കുഴലൂത്തുകാരായി അധ:പതിക്കുകയാണ്.

മനുഷ്യവിമോചനസ്വപ്നങ്ങളുടെ അസന്ദിഗ്ധവും ചരിത്രപരവുമായ പ്രഖ്യാപനമാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ .മനുഷ്യ നാഗരികതയുടെ മുന്നോട്ടുള്ള പ്രയാണത്തിലെ ഒരു സുപ്രധാന ചുവടുവെപ്പായിരുന്നു സോവിയറ്റ് യൂണിയന്റെയും മറ്റു സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെയും പിറവി.മുതലാളിത്ത രാജ്യങ്ങൾക്ക് സ്വപ്നം കാണാൻ കഴിയാത്ത തരത്തിലുള്ള വളർച്ചാ നിരക്കാണ് സോവിയറ്റ് യൂണിയനിൽ ഉണ്ടായിരുന്നത്. ജനങ്ങളുടെ അടിസ്ഥാന ജീവിതപ്രശ്നങ്ങളായ ദാരിദ്ര്യം, തൊഴിലില്ലായ്മ, പണപ്പെരുപ്പം, നിരക്ഷരത, അനാരോഗ്യം തുടങ്ങിയവയ്ക്ക് പരിഹാരം കണ്ടെത്താൻ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങൾക്ക് കഴിഞ്ഞിരുന്നു എന്ന യാഥാർഥ്യം കമ്യൂണിസ്റ്റ് വിരുദ്ധർ പോലും അംഗീകരിച്ചിട്ടുള്ളതാണ്. ‘തെളിവുകൾ നയിക്കട്ടെ’ എന്ന് ഉദ്ഘോഷിക്കുന്ന എസെൻസ് ഗ്ലോബൽ യുക്തിവാദികൾ ഈ തെളിവുകളൊന്നും അംഗീകരിക്കാൻ തയ്യാറല്ല.മുതലാളിത്ത വ്യവസ്ഥയുടെ അനിവാര്യ ഫലങ്ങളായ നിരവധിദുരന്തങ്ങൾ കൺമുമ്പിലുണ്ടായിട്ടും ആ തെളിവുകളൊന്നും അവർക്ക് തൃപ്തികരമല്ല. മാനവരാശി ഇത: പര്യന്തം നേടിയ നേട്ടങ്ങളെല്ലാം ഒരു പിടി സമ്പന്നവർഗം തട്ടിയെടുത്തിരിക്കുന്നു. തൽഫലമായി ബഹുഭൂരിപക്ഷത്തിന് മനുഷ്യോചിതമായ ജീവിതം പോലും നിഷേധിക്കപ്പെട്ടിരിക്കുന്നു. വിഭവക്കൊള്ളയും കൊടിയ ചൂഷണവും അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു. ദാരിദ്ര്യവും പട്ടിണിയും തൊഴിലില്ലായ്മയും പെരുകി വരുന്നു. മാനുഷികമൂല്യങ്ങളും ധാർമ്മികനൈതിക സങ്കൽപങ്ങളുമെല്ലാം മാർക്കറ്റ് നിയമങ്ങളുടെ കരാളഹസ്തങ്ങളിൽ പെട്ട് ഞെരിഞ്ഞമരുന്നു .ഭീകരമായ പരിസ്ഥിതിവിനാശം ലാഭാർത്തിയിലധിഷ്ഠിതമായ മൂലധനാധിപത്യത്തിന്റെ അനിവാര്യമായ പരിണതഫലമാണ്. മനുഷ്യ വിരുദ്ധമായ മൂലധനവാഴ്ച കാരണം ശ്വസിക്കാൻ ശുദ്ധവായുവോ കുടിക്കാൻ ശുദ്ധജലമോ കഴിക്കാൻ വിഷരഹിത ഭക്ഷ്യപദാർഥങ്ങളോ ലഭ്യമല്ലാത്ത അവസ്ഥ സംജാതമായിരിക്കുന്നു. ജീവൻരക്ഷാമരുന്നുകളോ കേറിക്കിടക്കാൻ പാർപ്പിട മോ ഇല്ലാതെ ദശലക്ഷക്കണക്കിന് കുഞ്ഞുങ്ങളുൾപ്പെടെയുള്ള പാവങ്ങൾ മരിച്ചു കൊണ്ടിരിക്കുന്നു. അവയവക്കച്ചവടമാഫിയകളും മനുഷ്യക്കടത്ത് – സെക്‌സ് റാക്കറ്റുകളും ലൈംഗികവ്യാപാരവുമെല്ലാം മുതലാളിത്ത ജീർണ സംസ്കാരത്തിന്റെ അടയാളമാണെന്ന യാഥാർഥ്യമൊന്നും രവിചന്ദ്രനും സംഘവും കാണുന്നില്ല. കാണുന്നുണ്ടെങ്കിൽ എങ്ങനെ അവർക്ക് മൂലധനാധിപത്യ വ്യവസ്ഥയ്ക്ക് ഇങ്ങനെ സ്തുതി പാടാൻ കഴിയും? ഈ ജീർണതയ്ക്കെല്ലാം പരിഹാരം മുതലാളിത്തം തന്നെയാണെന്ന വിചിത്ര വാദമുന്നയിച്ചുകൊണ്ട് രവിചന്ദ്രൻ മൂലധന വ്യവസ്ഥയ്ക്കു വേണ്ടി ക്വട്ടേഷൻ സംഘത്തിന്റെ പണി ഏറ്റെടുത്തിരിക്കുകയാണ്.ശാസ്ത്രത്തെ മനുഷ്യ നൻമയ്ക്കും സാമൂഹ്യ പുരോഗതിക്കുമായി പ്രയോഗിക്കണം എന്നാഗ്രഹിക്കുന്ന ആർക്കും മുതലാളിത്തത്തിനു വേണ്ടി ഇത്രയും നിർലജ്ജമായി കുഴലൂത്ത് നടത്താനാവില്ല.

രവിചന്ദ്രൻ ഏകപക്ഷീയമായി മാനിഫെസ്റ്റോനിന്ദയും മുതലാളിത്ത കീർത്തനവും നടത്തിയാൽ പോര.കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ കാലികപ്രസക്തി ഉയർത്തിപ്പിടിക്കുന്നവർക്ക് അദ്ദേഹത്തോട് പല ചോദ്യങ്ങളും ഉന്നയിക്കുവാനുണ്ട്. അവയ്ക്ക് മറുപടി പറയാനുള്ള ബാധ്യത രവി ചന്ദ്രനുണ്ട്.അതോടൊപ്പം മാർക്സിസത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ വിമർശനങ്ങൾക്ക് മറുപടി നൽകുവാനുള്ള ഉത്തരവാദിത്തം കമ്മ്യൂണിസ്റ്റുകാർക്കുമുണ്ട്. വളരെ ജനാധിപത്യപരമായ സംവാദം ഈ വക വിഷയങ്ങളിൽ വളർന്നു വരേണ്ടതുണ്ട്. വൈജ്ഞാനിക-രാഷ്ട്രീയ വിഷയങ്ങളിൽ നടക്കുന്ന ബൗദ്ധിക സംവാദ സംസ്കാരം നമ്മുടെ സാമൂഹ്യ-രാഷ്ട്രീയാന്തരീക്ഷത്തെ മെച്ചപ്പെടുത്താനും നവീകരിക്കാനും സഹായിക്കും. അതിനാൽ ഒരു പൊതുവേദിയിൽ ആരോഗ്യകരമായ ഒരു സംവാദത്തിന് സി.രവിചന്ദ്രൻ തയ്യാറാവണം.മാസ് മൂവ് മെൻറ് ഫോർ സോഷ്യലിസ്റ്റ് ആൾട്ടർനേറ്റീവ് എന്ന സംഘടന അത്തരമൊരു സംവാദത്തിന് ഷേണിക്കുന്നതായാണ് അറിയുന്നത് അങ്ങനെയെങ്കിൽ . ഈ വെല്ലുവിളി സ്വീകരിക്കാൻ രവിചന്ദ്രൻ തയ്യാറാവുമെന്നും വിഷയത്തിൽ തുടർ സംവാദങ്ങളുടെ വഴിതെളിയുമെന്നുമാണ് കരുതുന്നത് .EBAN Marketing is a custom website designing and digital marketing company in Trivandrum.
  • EBAN Marketing is a custom website designing and digital marketing company in Trivandrum.

പ്രധാന വാർത്തകൾ