
നാൻജിങ്: ബാഡ്മിന്റൺ വിശ്വകിരീടം സ്പാനിഷ് താരം കരോലിന മരിന്,ഇന്ത്യൻ പ്രതീക്ഷയായിരുന്ന പി.വി.സിന്ധു പുറത്ത്. ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ് വനിത സിംഗ്ൾസിൽ തുടർച്ചയായി രണ്ടാം വട്ടവും ഫൈനലിൽ കടന്ന സിന്ധുവിന് ഒരിക്കൽ കൂടി മരിൻ എന്ന എതിരാളിയോട് തോറ്റ് പ്രധാന കിരീടം നഷ്ടമായി. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു മരിൻറെ ജയം. സ്കോർ 19-21, 10-21.
മരിൻറെ മൂന്നാം ലോക കിരീടമാണിത്. 2014, 2015 വർഷങ്ങളിലായിരുന്നു ഇതിന് മുമ്പ് മരിൻ വിജയിയായത്. ഫൈനൽ മത്സരത്തിൽ മരിനെതിരെ താളം കണ്ടെത്തുന്നതിൽ സിന്ധു പരാജയപ്പെട്ടു. ആദ്യ ഗെയിമിൽ മികച്ച പോരാട്ടം നടത്തിയ സിന്ധുവിന് പിന്നീട് ആ മികവ് ആവർത്തിക്കാനായില്ല. മാരക ഫോമിൽ കളിക്കുന്ന മരിൻ മുന്നിൽ ഇന്ത്യൻ താരത്തിന് രണ്ടാം ഗെയിമിൽ കാര്യമായി ഒന്നും ചെയ്യാനായില്ല.
കഴിഞ്ഞ ഒളിമ്പിക്സിലും ഫൈനലിൽ സിന്ധുവിന് മരിനോട് കീഴടങ്ങിയിരുന്നു. 2016ന് ശേഷം ഇതാദ്യമായാണ് ഒരു പ്രധാന മത്സരത്തിൽ ഇരുവരും ഏറ്റുമുട്ടിയത്. സെമി ഫൈനൽ പോരാട്ടത്തിൽ ലോക റാങ്കിങ്ങിലെ രണ്ടാം നമ്പർ താരം ജപ്പാെൻറ അകാനെ യമാഗുച്ചിയെ നേരിട്ടുള്ള ഗെയിമിന് കീഴടക്കിയാണ് സിന്ധു ഫൈനലിൽ കടന്നത്.
