ഗര്‍ഭകാല / പ്രസവാനന്തര മാനസികവ്യതിയാനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടെണ്ടതുണ്ട്…

June 27, 2020,  10:39 AM

Share :അടുത്ത കാലത്ത് പത്രവാര്‍ത്തകളില്‍ ഏറ്റവും മനസ്സ് ഉടക്കിയത് നാദാപുരത്തിനടുത്ത് ഒരു യുവതി തന്‍റെ രണ്ട് കുട്ടികളെ ബാത്ത്റൂമിലെ ബക്കറ്റ് വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ച വാര്‍ത്തയാണ്. ഭര്‍തൃവീടിന്‍റെ മുകള്‍ നിലയിലാണ് സംഭവം. മൂന്നു വയസ്സുകാരി കൊല്ലപ്പെട്ടു. ഒന്നര വയസ്സുകാരന്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. രണ്ട് പേരും മരിച്ചെന്ന് കരുതി അവള്‍ ഞരമ്പ് മുറിച്ച് ആത്മഹത്യക്കും ശ്രമിച്ചു. രക്തമൊലിക്കുന്ന കൈത്തണ്ടയോടെ അവള്‍ തന്നെയാണ് താഴെ വന്ന് വിവരം പറയുന്നത്. ഇളയ കുഞ്ഞിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചത് കൊണ്ട് ജീവാപായം ഒഴിവായി. അവള്‍ പോലീസ് കസ്റ്റഡിയില്‍. പത്രക്കാരന്‍റെ ഭാഷ്യം ഭര്‍തൃവീട്ടുകാരുമായി ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ അത് ഇത്രയും കൊടിയ കൃത്യത്തിലേക്ക് നയിക്കുമോ എന്ന ചോദ്യം പോലിസിനെ കുഴക്കുന്നു എന്നുമാണ്. ഗള്‍ഫിലുള്ള ഭര്‍ത്താവ് ഒരു വര്‍ഷം മുന്‍പ് വന്ന് പോയതാണ് എന്നും അവളെയും കുട്ടികളെയും കൂട്ടിക്കൊണ്ട് പോകാന്‍ വിസയൊക്കെ എടുത്ത്, നാട്ടില്‍ വരാനുള്ള പുറപ്പാടിലായിരുന്നു എന്നും പത്രം പറയുന്നുണ്ട്. പത്രക്കാരുടെ പോലിസിനെ ഉദ്ധരിക്കല്‍ കോമഡി ആയത് കൊണ്ട് ഇതിലെ പോലീസ് ഭാഷ്യമേത്, പത്രഭാഷ്യമേത് എന്നൊക്കെ കണ്ടെത്താന്‍ കവടി നിരത്തുകയാണ് വഴി. അതവിടെ നിക്കട്ടെ. ഇത്തരം അസാധാരണമായ ഒരു സംഭവം ഉണ്ടാകുമ്പോള്‍ എന്ത് കൊണ്ടാകാം അന്വേഷണത്തിന്‍റെ തുടക്കത്തില്‍ തന്നെ, പോലീസ് പ്രതിയുടെ മാനസികനില വിദഗ്ദ്ധരായ സൈക്കോളജിസ്റ്റ്കളും സൈക്യാട്രിസ്റ്റുകളും അടങ്ങുന്ന ഒരു പാനലിനെക്കൊണ്ട് പരിശോധിപ്പിക്കാത്തത്? അങ്ങനെയൊരു രീതിശാസ്ത്രം തന്നെ നമുക്ക് ഇല്ലാത്തത്? എന്ത് കൊണ്ടാണ് മീഡിയ ഇത്തരം ക്രൈം റിപ്പോര്‍ട്ട്‌ ചെയ്യുമ്പോള്‍ ഡെസ്കില്‍ മിനിമം മന:ശാസ്ത്ര അവബോധം ഉള്ളവരെക്കൊണ്ട് സ്റ്റോറി തയ്യാറാക്കാത്തത്? പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന രണ്ട് സ്ഥിരം ചേരുവകളിലൊന്നാണ് അവര്‍ എത്തിച്ചേരുക. അവിഹിതം, അല്ലെങ്കില്‍ ഭര്‍തൃപീഡനം. എന്തിനധികം നമ്മുടെ ടിപ്പിക്കല്‍ സൈക്യാട്രിസ്റ്റുകള്‍ പോലും “പോസ്റ്റ്‌പാര്‍ട്ടം സൈക്കൊസിസ്” പോലുള്ള സാധ്യതയിലേക്ക് എത്താറുണ്ടോ എന്ന് സംശയമാണ്. ഈ സംഭവത്തിന്‍റെ ലക്ഷണങ്ങള്‍ വിരല്‍ ചൂണ്ടുന്നത് അതിലേക്കാണ്.


പ്രസവാനന്തരം സ്ത്രീകളില്‍ കാണുന്ന മാനസികവ്യതിയാനങ്ങളില്‍ ഏറ്റവും ഗുരുതരമായ ഒന്നാണിത്. 2001-ല്‍ ആന്‍ഡ്രിയ യേറ്റ്സ് എന്ന 36 വയസ്സുള്ള അമേരിക്കക്കാരി എന്തിനെന്ന് പറയാതെ പോലിസിനെ ഫോണ്‍ ചെയ്ത് സഹായമര്‍ഥിക്കുന്നു. അവരുടെ വീട്ടിലെത്തിയ പോലീസ് കണ്ടത് എഴു വയസ്സ് മുതല്‍ ആറുമാസം വരെ പ്രായമുള്ള അഞ്ച് കുട്ടികളെ അവര്‍ ബാത്ത്ടബ്ബിൽ വെള്ളം നിറച്ച്‍ അതിൽ മുക്കി കൊന്നതാണ്. അതിന്‍ പിന്നീടാണ്‌ ലോകം പോസ്റ്റ്‌പാര്‍ട്ടം ഡിപ്രഷന്‍ / സൈക്കോസിസ് എന്നീ അവസ്ഥകളെക്കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കുന്നത്. ഈ സംഭവത്തെ ആസ്പദമാക്കി 2008-ൽ ഒരു സിനിമ തന്നെയും ഇറങ്ങിയിട്ടുണ്ട് – ബേബി ബ്ലൂസ്. പ്രസവാനന്തര മനോവ്യതിയാനങ്ങളില്‍ ഏറ്റവും ലഘുവും കുറഞ്ഞ ആയുസ്സുമുള്ള ഒന്നാണ് ബേബി ബ്ലൂസ് സിണ്ട്രോം. വളരെ സാധാരണയായ ഈ അവസ്ഥ ഏതാണ്ട് 80% അമ്മമാരും അനുഭവിക്കുനുണ്ട് എന്നാണ് പറയപ്പെടുന്നത്. ലക്ഷണങ്ങള്‍ ഏറെക്കുറെ വിഷാദരോഗ(MDD) ത്തിന്‍റെത് (ലഘുവായ തോതില്‍) എന്ന് പറയാം. രണ്ടാഴ്ച വരെ നീണ്ടു നില്‍ക്കുകയും പ്രത്യേകിച്ച് ചികിത്സയൊന്നും കൂടാതെ തന്നെ അപ്രത്യക്ഷമാകുകയും ചെയ്യും. കുറേക്കൂടി സിവിയര്‍ ആയ അവസ്ഥയാണ്‌ പോസ്റ്റ്‌പാര്‍ടം ഡിപ്രഷന്‍. 15% അമ്മമാര്‍ ഈ അവസ്ഥയില്‍ കൂടി കടന്ന് പോകുന്നതായാണ് ഏകദേശ കണക്ക്. ലക്ഷണങ്ങള്‍ വിഷാദരോഗത്തിന്‍റെത് തന്നെ. രണ്ടാഴ്ചക്കപ്പുറം നീണ്ട് നില്‍ക്കുമ്പോഴാണ് അത് PPD ആണോന്ന് സംശയിക്കേണ്ടത്. ഗര്‍ഭാവസ്ഥയിലും പ്രസവം കഴിഞ്ഞ് ഒരു വര്‍ഷത്തിനിടയില്‍ എപ്പോള്‍ വേണമെങ്കിലും ഈ അവസ്ഥ പ്രകടമാകാം എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സാധാരണ വിഷാദരോഗത്തിന്‍റെ ചികിത്സാക്രമം തന്നെയാണ് ഇതിനും. കൌണ്സലിംഗ് / സൈക്കൊതെറാപ്പി അല്ലെങ്കില്‍ മരുന്നുകള്‍ അഥവാ രണ്ടും കൂടിയോ അവസ്ഥയുടെ തീവ്രതയും സ്വഭാവവും അനുസരിച്ച്.. ആറുമാസമോ ഒരു കൊല്ലമോ ഒക്കെ നീണ്ട് നിന്നെന്ന് വരാം.

ഡിഗ്രിയില്‍ മൂന്നാമത്തേതും വളരെ അപൂര്‍വവുമായ അവസ്ഥയാണ്‌ പോസ്റ്റ്‌പാര്‍ട്ടം സൈക്കോസിസ് എന്നത്. ഇതൊരു സൈക്യാട്രിക് എമര്‍ജന്‍സി ആയിട്ടാണ് ക്ലാസിഫൈ ചെയ്യപ്പെട്ടിരിക്കുന്നത്. പ്രസവാനന്തരം 0.2% സ്ത്രീകളില്‍ മാത്രമാണ് ഇതിന്‍റെ സാധ്യത. ഇത് നേരത്തെ പറഞ്ഞ രണ്ടവസ്ഥകളില്‍‍ നിന്ന് ഏറെ വ്യതിരിക്തമാണ്. ആ രണ്ടെണ്ണവും വിഷാദരോഗത്തിന്‍റെ കണക്കില്‍ ചേര്‍ക്കാമെങ്കില്‍ ഇത് ബൈപോളാര്‍ ഡിസോര്‍ഡറിന്‍റെ വകഭേദമായി എണ്ണപ്പെടുന്നു. ഇത് ബാധിക്കുന്ന പാതിപേരില്‍ വലിയ പുകില്‍ സൃഷ്ടിക്കില്ലത്രേ. എന്ന് വെച്ചാല്‍ പാതി ഹൈ റിസ്ക്‌ കാറ്റഗറിയാണ്. കുഞ്ഞുങ്ങളെ കൊല്ലലും സ്വയംഹത്യയും ഉള്‍പ്പെടെയുള്ള അപായമണികള്‍. ബൈപോളാര്‍ പൂര്‍വചരിത്രം, മനോജന്യരോഗങ്ങളുടെ കുടുംബചരിത്രം, മുന്‍ പ്രസവങ്ങളിലെ ഇതേ രോഗാവസ്ഥ… ഇവയൊക്കെ അപകടസാധ്യത കൂട്ടുന്നു. അത്തരം ഒരവസ്ഥയിലാണ് നേരത്തെ പറഞ്ഞ ആന്ദ്രിയ തന്‍റെ അഞ്ച് കുഞ്ഞുങ്ങളെ കൊന്നത്. ഒരു പക്ഷെ പത്രവാര്‍ത്തയിലെ നാദാപുരത്തെ യുവതിയെക്കൊണ്ട് ആ കടുംകൈ ചെയ്യിച്ചതും ഇതാകാം. പ്രസവിക്കുന്ന ആയിരത്തില്‍ ഒന്ന് എന്ന തോതില്‍ സ്ത്രീകള്‍ ഈ രോഗഭീഷണിയുടെ നിഴലിലാണ്. ഇത്തരം കേസുകള്‍ തുടര്‍ക്കഥയാകാതിരിക്കാന്‍ നാം ജാഗ്രതയും അവബോധവും സൃഷ്ടിക്കേണ്ടതുണ്ട്. ഗര്‍ഭകാല / പ്രസവാനന്തര മാനസികവ്യതിയാനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടെണ്ടതുണ്ട്. ഗൈനക്കൊളജിസ്റ്റുകള്‍ ഉള്‍പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരും മനോരോഗവിദഗ്ദ്ധരും ലക്ഷണങ്ങള്‍ തിരിച്ചറിയാനും ശരിയായ ഡയനോസിസില്‍ എത്താനും ഈ ഏരിയയില്‍ ആവശ്യമായ വൈദഗ്ദ്ധ്യം / പരിശീലനം ആര്‍ജ്ജിക്കേണ്ടതുണ്ട്‌. ലാഘവത്തോടെ എടുക്കുന്ന പക്ഷം ഇനിയും നമുക്ക് അരുമകളുടെ ജീവനുകള്‍ നഷ്ടപ്പെടാനാകും അത് വഴിയൊരുക്കുക..മിക്കവാറും മനോരോഗത്തിന്‍റെ പൂര്‍വചരിത്രം ദൃശ്യമാകാത്ത യുവതികള്‍ക്ക് ആ ആനുകൂല്യം ലഭ്യമാകാതെ, തങ്ങളുടെതല്ലാത്ത തെറ്റിന് അനേകവര്‍ഷങ്ങള്‍ ജയിലില്‍ കഴിയേണ്ടി വരുന്ന ദുര്യോഗതിനും അതിട വരുത്തും.EBAN Marketing is a custom website designing and digital marketing company in Trivandrum.
  • EBAN Marketing is a custom website designing and digital marketing company in Trivandrum.

പ്രധാന വാർത്തകൾ