പ്രവാസികളുടെ മടങ്ങി വരവും അതിജീവന വെല്ലുവിളികളും -അനുമോൾ ലിൻസ്

July 8, 2020,  11:05 AM

Share :
കോവിഡ് സമൂഹ വ്യാപനത്തെ തുടർന്ന് മാർച്ചിൽ ഗൾഫ് രാജ്യങ്ങളിൽ ആരംഭിച്ച ലോക്ക് ഡൗൺ പൂർണമായും ദുബായ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ പിൻവലിച്ച മട്ടാണ്. കോവിഡ് വ്യപന നിരക്കിൽ വലിയ വ്യത്യാസങ്ങൾ ഒന്നുമില്ലാത്ത സാഹചര്യത്തിലും നിയന്ത്രണങ്ങൾ പിൻ വലിക്കാൻ മിക്ക ഗൾഫ് രാജ്യങ്ങളും നിര്ബന്ധിതരായിരിക്കുകയാണ്. ഭാഗികമായ നിയന്ത്രണങ്ങൾ പ്ര്യയോഗികമല്ല എങ്കിലും രാജ്യത്തെ സാമ്പത്തിക സ്ഥിതി വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇതല്ലാതെ വേറെ നിർവാഹമില്ല എന്ന അവസ്ഥയാണ്.

ഗൾഫ് പ്രവാസികളിൽ കൂടുതലും മലയാളികൾ ആണെന്നിരിക്കെ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള കേന്ദ്ര സർക്കാരിന്റെയും വിവിധ സാമൂഹിക സംഘടനകളുടെയും ഫ്ലൈറ്റുകൾ ഒട്ടു മിക്ക ഗൾഫ് രാജ്യങ്ങളിൽ നിന്നും ആദ്യം പറന്നത് കേരളത്തിലേക്കായിരുന്നു. ആദ്യമേ എത്തിയ ഫ്ലൈറ്റുകളിൽ വന്നിറങ്ങിയത് രോഗികളായവരും സന്ദർശന വിസ കാലാവധി കഴിഞ്ഞവരും ആയിരുന്നെങ്കിൽ ഇപ്പോഴത്തെ അവസ്ഥ വ്യത്യസ്തമാണ്.
ജോലിയിൽ നിന്ന് പിരിച്ചു വിട്ടവരും മാസങ്ങളോളം തൊഴിൽ ഇല്ലാതെ മുറികളിൽ അടച്ചിട്ടിരിക്കുന്ന പ്രതീക്ഷ അസ്തമിച്ച ഒരു പറ്റം ആളുകളും ഉൾപ്പെടെ എങ്ങനെയെങ്കിലും ജീവനോടെ നാട്ടിലെത്തി വീട്ടിലുള്ള പ്രിയപ്പെട്ടവരേ കാണാൻ ആഗ്രഹിക്കുന്നവരും ഒക്കെയാണ് ദിനം പ്രതി ഇപ്പോൾ നാട്ടിലെത്തിക്കൊണ്ടിരിക്കുന്നത് .
രോഗം വന്നു മരിച്ചവരിൽ മലയാളികളുടെ എണ്ണം കൃത്യം ആണോ എന്ന് പോലും ഉറപ്പില്ലാത്ത സാഹചര്യത്തിൽ മരിച്ചവരിൽ ആരുടെയൊക്കെ മൃതദേഹങ്ങൾ നാട്ടിൽ എത്തിയിട്ടുണ്ടാകും എന്നുള്ളത് തന്നെ ആശങ്കജനകമായ ചോദ്യമാണ്.

ഏകദേശം രണ്ടു ലക്ഷത്തോളം മടങ്ങിയെത്തിയ പ്രവാസികളിൽ ജോലി നഷ്ടപ്പെട്ടു തിരിച്ചെത്തിയവരുടെ എണ്ണം കണക്കെടുത്തു വരുന്നതേയുള്ളു.

പല കമ്പനികളും ജോലിയിൽ നിന്ന് നിർബന്ധ പൂർവം പിരിച്ചു വിടൽ തുടങ്ങി . അല്ലാത്തിടത്തും സ്ഥിതി വ്യത്യസ്തമല്ല . നിർബന്ധിത ലീവും ശമ്പള വെട്ടിക്കുറക്കലും മാർച്ചു മാസം മുതലേ തുടങ്ങിക്കഴിഞ്ഞു.
ഗൾഫിലെ പ്രവാസികൾ അനശ്ചിതാവസ്ഥയുമായി മാനസികമായി ഒത്തുതീർപ്പിൽ എത്തിത്തുടങ്ങാൻ തുടങ്ങിയോ?

സമ്പാദ്യ ശീലം തുലോം തുച്ഛവും ദാന ശീലം ആവോളവുമുള്ള ഗൾഫിലെ സാധാരണ മലയാളി ജീവനക്കാരുടെ നാളെകൾ ആശങ്കാഭരിതമാണ്. അതിലേറെയാണ് അവർ കടന്നു പോകുന്ന മാനസിക സംഘർഷങ്ങൾ.

30 മുതൽ 50 ശതമാനത്തോളം ഗൾഫ് മലയാളികൾ തൊഴിലെടുക്കുന്നതും ബിസിനസ് നടത്തുന്നതും കൃത്യമായ തൊഴിൽ വിസയില്ലാതെ സ്പോൺസർ വിസയിൽ മാസനിരക്കിലോ വാർഷിക നിരക്കിലോ ഒരു നിശ്ചിത തുക അർബാബ് അഥവാ വിസ സ്പോൺസർ ചെയ്ത ആൾക്ക് നൽകിക്കൊണ്ടാണ്. ഇതിൽ കൂടുതലും ഭീഷണി നേരിടുന്നത് തയ്യൽ തൊഴിലാളികൾ , ഡ്രൈവർമാർ ചെറുകിട സ്ഥാപനങ്ങൾ നടത്തുന്നവരും അത്തരം സ്ഥാപനങ്ങളിൽ ജോലിക്കു നിൽക്കുന്നവരും , ബ്യൂട്ടിപാർലറുകളിലും വീടുകളിലും പണിയെടുക്കുന്ന സ്ത്രീകൾ തുടങ്ങിയവരാണ് . ഗൾഫിലെ അതിജീവനം ഇവരെ സംബന്ധിച്ചിടത്തോളം ഇവിടെ നിന്നങ്ങോട്ടു വലിയ വെല്ലുവിളിയാണ്.

പിരിച്ചു വിടൽ ആരംഭിച്ച മറ്റു വലിയ കമ്പനികൾ ടിക്കറ്റും പിരിച്ചുവിടുമ്പോൾ നൽകുന്ന വേതനവും നല്കുന്നുണ്ടെകിലും മേൽപ്പറഞ്ഞ ആളുകൾ ഒന്നും തന്നെ അതിനു അര്ഹതയില്ലാത്തവർ ആണ്. അത് മാത്രമല്ല ആരോഗ്യ ഇൻഷുറൻസ് പോലും ഇല്ലാത്ത ഇവർക്ക് കോവിഡ് ബാധിച്ചാൽ ആശുപത്രി ചിലവെല്ലാം സ്വയം വഹിക്കുകയും വേണം.

വാടകയും ഇവിടുത്തെ നിത്യ വൃത്തിക്കുള്ളതും സ്പോൺസർക്കുള്ള തുകയും ഒക്കെ മാറ്റി വെച്ച ശേഷം മിച്ചം പിടിച്ചു നാട്ടിലേക്കു അയച്ചിരുന്ന തുകയിൽ സമ്പാദ്യം എന്ന് പറയാൻ ഉള്ളവർ വളരെ കുറവായിരിക്കും. പ്രാരാബ്ധങ്ങളുടെ ചുമട് കൊണ്ട് കടൽ കടന്നെത്തിയവർക്കു സമ്പാദ്യം ഒരു ദിവാസ്വപ്നം മാത്രം.

പ്രവാസികളുടെ തിരിച്ചു വരവ് ഏതൊക്കെ മേഖലയെ എങ്ങനെയൊക്കെ ആയിരിക്കും ബാധിക്കാൻ പോകുന്നത്?

ഗൾഫ് മലയാളികളുടെ തിരിച്ചു വരവ് കോവിഡ് പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുന്ന കേരളത്തിലെ സാമ്പത്തിക അവസ്ഥയെ വീണ്ടും തകിടം മറിക്കാനുള്ള സാധ്യത വിദൂരമല്ല. സാമ്പത്തിക വരുമാന മാർഗ ത്തിൻറെ നല്ലൊരു നേടും തൂണായിരുന്ന ഗൾഫ് പണമൊഴുക്ക് കുറയുകയും മടങ്ങി വരുന്ന പ്രവാസികളുടെ പുനരധിവാസത്തിന് സാമ്പത്തികം കണ്ടത്തേണ്ടതുമായ നിലയിലേക്ക് കാര്യങ്ങൾ നീങ്ങുന്നത് ചർച്ച ചെയ്യേണ്ട വിഷയം ആണ്. മാത്രമല്ല വരും മാസങ്ങളിൽ ഇനിയും ഒരു കൂട്ട പലായന ത്തിനു സാധ്യത ഉള്ളതിനാൽ പ്രവാസികളുടെ പുനരധിവാസത്തിന് നിലവിലുള്ളതും ഇപ്പോൾ ആവിഷ്ക്കരിച്ചതുമായ പദ്ധതികൾ മതിയാകുമോ എന്നും പുനർവിചിന്തനം നടത്തേണ്ടിയിരിക്കുന്നു.
തിരിച്ചെത്തുന്നവരിൽ പലരും സ്ഥിരമായി ആരോഗ്യപരമായ വിഷമതകൾ അനുഭവിക്കുന്നവ ർ ആണ്. കഠിനമായ മാനസിക സംഘർഷം സ്ഥിതി വ ഷ ളാ ക്കി ക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നാട്ടിൽ ചികിത്സ ചെലവുകളിൽ എന്തെങ്കിലും അയവു വരുത്തേണ്ടി വരും.
അഭ്യസ്തവിദ്യരും അല്ലാത്തവരുമായ തൊഴിൽ നഷ്ടപ്പെട്ട് മടങ്ങിവരുന്ന പ്രവാസികളിൽ നിലവിൽ തന്നെ ഒരുപാട് സാമ്പത്തിക ബാധ്യതകൾ ഉള്ളവരും ഉണ്ടായിരിക്കാം.
പെട്ടെന്നുള്ള ജോലി നഷ്ടവും പറിച്ചു നടലും സാമ്പത്തിക വെല്ലുവിളികളും ഒക്കെയായി ഒട്ടേറെ മാനസിക ആരോഗ്യ പ്രശ്നങ്ങളുമായാണ് ഓരോരുത്തരും ജന്മനാട്ടിൽ തിരിച്ചെത്തുന്നത്. അത് കൊണ്ട് തന്നെ ഇത്തരം മാനസിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായുള്ള സൗകര്യങ്ങ ളാ കും എത്രയും പെട്ടെന്ന് ഒരുക്കേണ്ടത്.

ലോകമെമ്പാടുമുള്ള പ്രവാസ ജനതയിൽ തന്നെ ഭൂരിഭാഗം മലയാളികൾ ആണെന്നിരിക്കെ അതിജീവനത്തിനായി തിരിച്ചെത്തുന്ന ഓരോ പ്രവാസികളുടെയും പുനരധിവാസത്തിനു വരുംനാളെകളിൽ നാടും നാട്ടുകാരും മുണ്ടു മുറുക്കി തന്നെ ഒരുങ്ങേണ്ടതുണ്ട് എന്നതിൽ ഒരു സംശയവുമില്ല.EBAN Marketing is a custom website designing and digital marketing company in Trivandrum.
  • EBAN Marketing is a custom website designing and digital marketing company in Trivandrum.

പ്രധാന വാർത്തകൾ