കോവിഡ് കാല പെൺ ജീവിതം -എച്ച്മുക്കുട്ടി കോവിഡ് കാലം കഴിയട്ടേ ഞാൻ ഡിവോഴ്സ് ന് പോകും എന്നൊരു സുഹൃത്ത് തേങ്ങിക്കരഞ്ഞുകൊണ്ട് ഫോൺ ചെയ്തപ്പോഴാണ് വുഡ്പെക്കറിനു വേണ്ടി ആദ്യം എഴുതിയ കുറിപ്പ് ഞാൻ മായിച്ചു കളഞ്ഞത്.

July 12, 2020,  7:04 AM

Share :കോവിഡ് കാലം  കഴിയട്ടേ ഞാൻ ഡിവോഴ്സ് ന് പോകും എന്നൊരു സുഹൃത്ത്  തേങ്ങിക്കരഞ്ഞുകൊണ്ട് ഫോൺ ചെയ്തപ്പോഴാണ്  വുഡ്പെക്കറിനു വേണ്ടി ആദ്യം എഴുതിയ കുറിപ്പ് ഞാൻ മായിച്ചു കളഞ്ഞത്. 
അറിഞ്ഞത് എത്രയോ നിസ്സാരം..അറിയാത്ത് എത്രയോ ഗുരുതരമെന്ന് ജീവിതം എല്ലാക്കാലത്തും പഠിപ്പിച്ചു തന്നിട്ടുണ്ട്. എങ്കിലും കോടതികൾ പോലും പ്രവർത്തിക്കാത്ത ഈ കാലത്ത് സ്ത്രീകൾ പോലീസും കോടതിയും പഴയപടി ആവുന്നതിനായി കാത്തിരിക്കുന്നുവെന്നത് ഏറെ ദൈന്യം പകരുന്ന നൊമ്പരമായിരുന്നു.

നമ്മുടെ പോലീസും കോടതിയുമൊന്നും ഒട്ടും സ്ത്രീ സൗഹാർദ്ദപരമല്ല. സ്ത്രീകൾ തരം കിട്ടിയാൽ പോലീസിനേയും കോടതിയേയും സമീപിച്ചുകളയുമെന്ന, ഹാസ്യാഭാസഭാവന കാണിച്ച് സ്ത്രീകളെ പരിഹാസ്യരാക്കുന്ന പൊതുബോധം ഉണ്ടാക്കുന്നതിൽ നമ്മുടെ സകല കലാരൂപങ്ങൾക്കും അവയുടെ ആവിഷ്ക്കർത്താക്കൾക്കും മോശമല്ലാത്ത പങ്കുണ്ട്. അവരൊന്നും തന്നെ കോടതിയിലേയും പോലീസിലേയും മനുഷ്യത്വ വിരുദ്ധതയെക്കുറിച്ച്  സംസാരിക്കുകയുമില്ല.
സ്ത്രീ വിരുദ്ധതയും ദരിദ്ര, ദളിത, പ്രകൃതി വിരുദ്ധതയും പലഹാരം പോലെ വിളമ്പി യാണല്ലോ കലാരൂപങ്ങൾ പൊതുവെ ആസ്വാദ്യമാക്കാൻ എല്ലാവരും ശ്രമിക്കാറ്. അതുണ്ടാക്കുന്ന ട്രോമയെപ്പറ്റി ആരും എവിടെയും ചർച്ച ചെയ്യാറുമില്ല.
കോവിഡ് അടച്ചിടൽ ആരംഭിച്ചപ്പോൾആദ്യം തോന്നിയിരുന്ന ഒരു ചെറിയ അവധിക്കാല സമാശ്വാസവും  ബസ്സിലും ട്രെയിനിലും ഓടിപ്പിടച്ച് കയറി ജോലിക്ക് പോകണ്ടല്ലോ എന്ന വിചാരവും  ദിവസങ്ങൾ കടന്നു പോകും തോറും സ്ത്രീകളിൽ കുറഞ്ഞു കുറഞ്ഞു വന്നു.

മദ്യം കിട്ടാതിരുന്നപ്പോഴത്തെ പുരുഷന്മാരുടെ നൈരാശ്യം  മുതൽ കിട്ടിത്തുടങ്ങിയപ്പോഴത്തെ ആഹ്ളാദം വരെ പെണ്ണുങ്ങൾ അടിയായും തൊഴിയായും സഹിക്കുന്നുണ്ട്

അടുക്കളയിൽ നിന്ന് ഊണുമുറിയിലേക്കും  ഊണുമുറിയിൽ നിന്ന് അടുക്കളയിലേക്കും നടന്നു നടന്നു മിക്കവാറും പേർ ക്ഷീണിച്ചു. ആരോട് സംസാരിക്കുമ്പോഴും എനിക്ക് അടുക്കള പണി ചെയ്തു മതിയായി എന്ന് സ്ത്രീകൾ പറയാൻ തുടങ്ങി.  പല സുഹൃത്തുക്കളിൽ  നിന്നും അത് കേൾക്കേണ്ടി വരുമ്പോൾ എനിക്ക് ശരിക്കും വിഷമം തോന്നി തുടങ്ങിയിരുന്നു. 
അതിനും അപ്പുറത്താണ്  വീട്ടിൽ നിന്ന് ജോലി ചെയ്യേണ്ടി വരുന്ന സ്ത്രീകളുടെ സങ്കടങ്ങൾ. നൈറ്റിയിട്ടും അടിപ്പാവാടയിട്ടും  അതിനു മുകൾ ഭാഗത്തു മാത്രം ഫോർമൽ ഡ്രസ്സ് ധരിച്ചും സൂമിലും ഗൂഗിൾ മീറ്റിലും മറ്റും ഔദ്യോഗിക മീററിങ്ങുകളിൽപങ്കെടുക്കുന്ന വിഷമവും സ്ത്രീകൾ പങ്കുവെക്കുന്നുണ്ട്. അതിനൊപ്പം തന്നെ ഫ്രെയിമിൽ വരാതെ ഇടതുകൈ കൊണ്ട് ഇലക്ട്രിക് അടുപ്പുകളിൽ അവർ കറികൾ ഉണ്ടാക്കുന്നു, ചപ്പാത്തി മേക്കറിൽ ചപ്പാത്തികൾ ചുടുന്നു. കുഞ്ഞിനെ മടിയിൽ കിടത്തി തട്ടിയുറക്കുന്നു.
വീട്ടിലിരിക്കുന്ന പുരുഷന്മാർക്ക് ചായക്ക് ചൂടു പോരാ, ചായയുടെ ഒപ്പം കിട്ടുന്ന കടിക്ക് ഓഫീസിലെ പോലേ വൈവിധ്യം ഇല്ല എന്നു തുടങ്ങി പരാതികൾ ഏറേയാണ്. സ്ത്രീകൾ അടുക്കള വൃത്തിയായി സൂക്ഷിക്കുന്നില്ല, വാഷിംഗ് മെഷീനിൽ അലക്കുന്നത് ആരോഗ്യപരമായല്ല, മിക്സി ആവശ്യത്തിലധികം ഉപയോഗിക്കുന്നു, ടി വി സദാ അവരുടെ ഇഷ്ടത്തിനു മാത്രം പ്രവർത്തിപ്പിക്കുന്നു..രാഷ്ട്രീയ ചർച്ചകളോ വാർത്തകളോ കാണാൻ സ്ത്രീകൾ സമ്മതിക്കുന്നില്ല..അതിനും പുറമേ എപ്പോഴും ഫേസ്‌ബുക്കും വാട്സ്ആപ്പും നോക്കുന്നു.. 
ഇതൊക്കെ ഇത്തരം കാര്യങ്ങൾ വഹിക്കാൻ പറ്റുന്ന ധനമുള്ളിടത്ത്. ലോക്ക്ഡൗണിലും പഴയതു പോലേ തന്നെ ജീവിച്ചു പോകാൻ സാധിക്കുന്ന ഇടത്തെ കാര്യങ്ങളാണ്.

അല്ലാത്തിടത്ത് ദാരിദ്ര്യമുണ്ടാക്കുന്ന ആയിരം പ്രശ്നങ്ങൾ സ്ത്രീകളെ ബാധിക്കുന്നുണ്ട്. മദ്യം കിട്ടാതിരുന്നപ്പോഴത്തെ പുരുഷന്മാരുടെ നൈരാശ്യം  മുതൽ കിട്ടിത്തുടങ്ങിയപ്പോഴത്തെ ആഹ്ളാദം വരെ പെണ്ണുങ്ങൾ അടിയായും തൊഴിയായും സഹിക്കുന്നുണ്ട്. ആഹാരം തികയാത്തതിനു പുറമേ, കോവിഡ് രോഗഭീതിയും മറ്റു രോഗങ്ങൾക്കും മർദ്ദനങ്ങൾക്കും പോലും ആശുപത്രിയിൽ പോകാൻ പറ്റാത്ത ദൈന്യമുണ്ട്. മദ്യം തീരെ ലഭ്യമല്ലാത്ത പരിതസ്ഥിതിയിൽ എങ്ങനെയെങ്കിലുമൊക്കെ അതിനോടു പൊരുത്തപ്പെട്ട് ജീവിച്ച് കുടി നിറുത്തിയ പുരുഷന്മാരെ വീണ്ടും മദ്യം ലഭ്യമാക്കി കുടിയിലേക്ക് ആകർഷിച്ച സർക്കാരിനോട് പ്രതിഷേധമുണ്ട് ഏറെ സ്ത്രീകൾക്ക്…
ജോലി ഇല്ലാതായ പെണ്ണുങ്ങളുടെ കാര്യമാണ് ഏറ്റവും ദയനീയം. വീട്ടു ജോലിയടക്കം നഷ്ടപ്പെട്ടവർ. അവരാണ്‌ കോവിഡ് രോഗം പരത്തുന്നതെന്ന മട്ടിലാണ് പലരേയും ജോലിയിൽ നിന്ന് പറഞ്ഞുവിട്ടത്. ഉദ്യോഗസ്ഥവീട്ടമ്മ കോവിഡ് അവധിയായി വീട്ടിലുണ്ടല്ലോ. അങ്ങനെ കുറെ വീട്ടുസഹായികൾക്ക് പണിയും പോയി. അവരുടെ മക്കൾ വിശന്നു കരയുന്ന ഒച്ച പലപ്പോഴും കേൾക്കാറുണ്ട് ഞാൻ.. ലോട്ടറി വേണ്ട എന്നുറപ്പുള്ളപ്പോഴും ചിലപ്പോഴൊക്കെ എനിക്ക് ലോട്ടറി വേണമെന്ന് തോന്നാറുണ്ട് ഈ കരച്ചിൽ കേൾക്കുമ്പോൾ..

പങ്കാളികൾ വിദേശത്തായ സ്ത്രീകൾ, മക്കൾ വിദേശത്തായ സ്ത്രീകൾ, ആയിരക്കണക്കിനു കിലോമീറ്ററുകൾ വിണ്ട് പൊളിഞ്ഞ കാലുകളാൽ അളന്നു തീർത്തവർ, ആ നടത്തയിൽ തന്നെ വേണ്ടപ്പെട്ടവർ നഷ്ടമാവുന്ന ദുരിതവും പേറിയവർ,  തനിച്ചായ അമ്മയച്ഛന്മാർ… കോവിഡ് കാലം മനുഷ്യരെ ആകെ ഏകാന്തതയുടെ അതിഭീകരമായ ചങ്ങലകൾ കൊണ്ട് ചുറ്റി വരിയുകയാണ്.
ക്രിമിനൽ പ്രവർത്തനങ്ങളും കോവിഡാനന്തരകാലത്ത് വർദ്ധിച്ചു വരികയാവും ചെയ്യുക. ഉള്ളവരും ഇല്ലാത്ത വരും തമ്മിലുള്ള അന്തരം ഇപ്പോഴുള്ളതിലുമധികമാകും. അത് സാമ്പത്തികമായ  അന്തരം മാത്രമാവില്ല. ഒരുപാട് തരം ഒരുപക്ഷേ, ഇപ്പോൾ പ്രത്യക്ഷമായി കാണാത്ത പലതരം ഇല്ലായ്മകളുടെ ചുരുൾ നിവരലുകളിൽ വെളിപ്പെടുന്നവയാവാം. 
എന്തു തന്നെയായാലും സ്ത്രീ ജീവിതങ്ങളെ, കുഞ്ഞുങ്ങളുടെ ജീവിതങ്ങളെ, അവയെ തന്നെയാവും എല്ലാ ദുരിതവും ഏറ്റവും ആഴത്തിൽ ബാധിക്കുക.. EBAN Marketing is a custom website designing and digital marketing company in Trivandrum.
  • EBAN Marketing is a custom website designing and digital marketing company in Trivandrum.

പ്രധാന വാർത്തകൾ