പമ്പാ നദിയിലെ അറിയപ്പെടാത്ത വെള്ളച്ചാട്ടങ്ങൾ നുകരാൻ ഒരു യാത്ര

July 16, 2020,  10:46 AM

Share :പത്തനംതിട്ടയിൽ നിന്നും 26 കിലോമീറ്ററുകൾ അകലെ വിനോദസഞ്ചാരഭൂപടങ്ങളിൽ ഏറെ പ്രകീർത്തിക്കാത്ത നിരവധി വെള്ളച്ചാട്ടങ്ങളും കാടിന്റെ വന്യഭംഗിയും സഞ്ചാരികൾക്കായി കാത്തിരിക്കുന്നു.ജില്ലയുടെ കിഴക്കേ അറ്റത്ത് ശബരിമലക്കാടുകളുടെ അടിവാരത്തുള്ള നാറാണംമൂഴി പഞ്ചായത്തിലാണ് പെരുന്തേനരുവി ഉൾപ്പെടെയുള്ള നിരവധി നയനമനോഹരമായ വെള്ളച്ചാട്ടങ്ങൾ പതഞ്ഞൊഴുകുന്നത്.പത്തനംതിട്ട ശബരിമല പാതയിലെ പെരുനാട്ടിൽ നിന്നും നാലുകിലോമീറ്റർ സഞ്ചരിച്ചാൽ നാറാണംമൂഴി പഞ്ചായത്താസ്ഥാനമായ അത്തിക്കയമെന്ന ഉൾനാടൻ പട്ടണത്തിലെത്താം.നഗരത്തിരക്കിന്റെ ദുശ്ശാഠ്യങ്ങൾ അഴിച്ചുവെച്ച് ഇവിടെനിന്നും പമ്പാനദിയുടെ തീരത്തുകൂടി വീതികുറഞ്ഞ ടാർ റോഡിൽകൂടി രണ്ടു കിലോമീറ്റർ കിഴക്കോട്ടു സഞ്ചരിച്ചാൽ കിഴക്കുനിന്ന് അവസാനത്തേതും പടിഞ്ഞാറുനിന്ന് ആദ്യത്തേതുമായ പമ്പാനദിയിലെ കൊടുമ്പുഴ അരുവിയിലെത്താം.കാനനവാസത്തിന് പുറപ്പെട്ട രാമലക്ഷ്മണൻമാരെയും സീതയെയും ഗുഹൻ തോണിയിലേറ്റി പുഴകടത്തിയെന്ന ഐതിഹ്യമുള്ള തോണിക്കടവ് എന്ന ഗ്രാമത്തിലാണ് കരിമ്പാറകളിൽ തട്ടി ചിന്നിച്ചിതറിയൊഴുകുന്ന കൊടുമ്പുഴ അരുവി .ശാന്തമായി ഒഴുകിയെത്തുന്ന പുഴ ഇവിടെയെത്തുമ്പോൾ രൗദ്രഭാവം പൂണ്ട് ഒഴുകുന്നതുകൊണ്ടാണ് കൊടുംപുഴ എന്ന പേരുവന്നതെന്നാണ് പറയുന്നത് .തോണിക്കടവിൽ നിന്നും വീണ്ടും അരക്കിലോമീറ്റർ പിന്നിട്ടാൽ ഉന്നത്താനി എന്ന ഗ്രാമമായി.ഇവിടെയാണ് കല്ലിൽ പ്രകൃതി കരവിരുതു തീർത്ത കട്ടിക്കല്ലരുവി.കുത്തിയൊഴുകുന്ന വെള്ളച്ചാട്ടം കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന പാറകൾക്ക് വൈവിധ്യമാർന്ന ശില്പരൂപം നൽകിയിരിക്കുന്നു.അബ്സ്ട്രാക്ട് ശില്പങ്ങളെ അനുസ്മരിപ്പിക്കുന്ന വമ്പൻകല്ലുകൾ നിറഞ്ഞ സ്ഥലമായതിനാൽ ഇവിടം കട്ടിക്കല്ലരുവി എന്നപേരിൽ അറിയപ്പെടുന്നു.ഇവിടേക്ക് പമ്പാനദിയുടെ മറുകരയായ കടുമീൻചിറ വഴി എത്തിയാൽ വെള്ളച്ചാട്ടത്തിന്റെ സമീപംവരെ വാഹനമെത്തും

.കട്ടിക്കല്ലരുവി കഴിഞ്ഞ് കുടമുരുട്ടി വഴി ചണ്ണ എന്ന ഗ്രാമത്തിലെത്തുന്നതോടെ ടാർ റോഡും ജനവാസമേഖലയും അവസാനിക്കുന്നു.ഇനിയുള്ള യാത്ര വനത്തിലൂടെയുള്ള കോൺക്രീറ്റു വഴിയിലൂടെയാണ് പ്രശസ്തമായ പെരുന്തേനരുവിയിലേക്ക്.അത്തിക്കയത്തിൽ നിന്നും ഏഴു കിലോമീറ്ററാണ് പെരുന്തേനരുവിയിലേക്കുള്ള ആകെ ദൂരം.ഇതിൽ മൂന്നു കിലോമീറ്റർ വനപാതയാണ്.

പുണ്യനദിയായി അറിയപ്പെടുന്ന പമ്പയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടവും വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രവും ജില്ലയുടെ ടൂറിസം ഭൂപടത്തിൽ പ്രധാന സ്ഥാനവും പെരുന്തേനരുവിയ്ക്കാണ്.

പുണ്യനദിയായി അറിയപ്പെടുന്ന പമ്പയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടവും വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രവും ജില്ലയുടെ ടൂറിസം ഭൂപടത്തിൽ പ്രധാന സ്ഥാനവും പെരുന്തേനരുവിയ്ക്കാണ്. കാഴ്ചയ്ക്കാരന്റെ മനംകുളിർപ്പിച്ച് കാട്ടുകല്ലിലും ആറ്റുവഞ്ചിവേരുകളിലും തട്ടിച്ചിതറിയൊഴുകുന്ന പെരുന്തേനരുവി നയനമനോഹരവും അതേപോലെ അപകടകാരിയുമാണ്.കണ്ണാടിപോലെ മിനുസമാർന്ന പാറക്കെട്ടുകളിൽ നിന്ന് അരുവിയുടെ ഭംഗി ആസ്വദിക്കുമ്പോൾ അറിയാതെ ഒന്നു കാലിടറിയാൽ ആർത്തൊഴുകുന്ന അരുവിയുടെ കാണാച്ചുഴികൾ ആളുകളെ കവർന്നെടുക്കും.വേനൽക്കാലത്ത് വെള്ളം കുറഞ്ഞ് വെള്ളിവരപോലെ ദൃശ്യമാകുന്ന പെരുന്തേനരുവി മഴക്കാലമായാൽ ഹുങ്കാരശബ്ദത്തോടെ അലറിപ്പായും.ഒക്ടോബർ,നവംബർ മാസങ്ങളിലാണ് പെരുന്തേനരുവിയിൽ വിനോദസഞ്ചാരികൾ കൂടുതലായും എത്തുന്നത്.വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിച്ചതോടെ വിനോദസഞ്ചാരവകുപ്പ് പെരുന്തേനരുവിയിൽ ടൂറിസ്റ്റ് കോട്ടേജുകളും അമിനിറ്റി സെന്ററുമുൾപ്പെടെ വിപുലമായ പദ്ധതികൾ നടപ്പാക്കാൻ ഒരുങ്ങുകയാണ്.വനപ്രദേശമായ പെരുന്തേനരുവിയിൽ നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതോടെ പ്രകൃതിയുടെ സ്വാഭാവികസൗന്ദര്യം നഷ്ടമാകുമെന്നും പ്രകൃതി കൂടുതൽ മലിനപ്പെടുമെന്നും പരിസ്ഥിതിസ്നേഹികൾ ആശങ്കപ്പെടുന്നു.പെരുന്തേനരുവിയിൽ ചെറുകിടജലവൈദ്യുത പദ്ധതിയും പ്രവർത്തിക്കുന്നുണ്ട് .പെരുന്തേനരുവിയുടെ തൊട്ടുമുകളിലുള്ള മറ്റൊരു വെള്ളച്ചാട്ടമാണ് നാവീണരുവി.വാഴച്ചാൽ വെള്ളച്ചാട്ടത്തെ അനുസ്മരിപ്പിക്കുന്ന വിധം പരന്നൊഴുകുന്ന നാവീണരുവിയ്ക്ക് ആ പേര് ലഭിച്ചത് ബ്രിട്ടീഷ് അധിനിവേശക്കാലത്ത് വനയാത്രക്കെത്തിയ സായിപ്പിനോടൊപ്പമുണ്ടായിരുന്ന നായ നദി മുറിച്ചുകടക്കുന്നതിനിടെ ഒഴുക്കിൽപെട്ട് കാണാതായതിനെ തുടർന്നാണെന്ന് പറയപ്പെടുന്നു. ജലവൈദ്യുത പദ്ധതിയുടെ ഡാമിന് മുകളിൽ നിന്നാൽ നാവീണരുവിയുടെ മുഴുവൻ ഭംഗിയും ആസ്വദിക്കാനാകും.ഇനിയങ്ങോട്ട് മൂന്നര കിലോമീറ്ററോളം വന്യമായ കാടിന്റെ നടുവിലൂടെ ഒരു സാഹസികയാത്ര ഇഷ്ടപ്പെടുന്നവർക്ക് മാത്രം എത്തിച്ചേരാൻ കഴിയുന്ന പനങ്കുടന്ത അരുവിയാണ്.ഏതാനും വർഷം മുമ്പുവരെ ജീപ്പും ലോറിയും മറ്റും കടന്നുപോകുമായിരുന്ന ഇൗ കാട്ടുപാത വനനിയമങ്ങൾ ശക്തമായതോടെ ഇടിഞ്ഞുപൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായെങ്കിലും അടുത്തിടെ ഈ വഴി വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട് .ഇതുവഴി കാടിന്റെയും കാട്ടുചോലകളുടെയും ഭംഗി നുകർന്ന് മൂന്നു കിലോമീറ്റർ പിന്നിട്ടാൽ നാറാണംമൂഴി പഞ്ചായത്തിലെ വനമധ്യത്തിൽ ഒറ്റപ്പെട്ടുകിടക്കുന്ന ഗ്രാമമായ കുരുമ്പൻമൂഴിയിലെത്തും.കോട്ടയം എരുമേലി ചാത്തന്തറ വഴിയും ഇവിടെ എത്താം

കുരുമ്പൻമൂഴി ഗ്രാമത്തിന്റെ കിഴക്കേ അറ്റത്ത് കാടിന്റെ നടുവിലാണ് പനങ്കുടന്ത വെള്ളച്ചാട്ടം.ശബരിമലവനത്തിന്റെ പടിഞ്ഞാറൻ മലഞ്ചരുവുകളിൽ ഉത്ഭവിച്ച് പമ്പാനദിയിൽ ചേരുന്ന ചെറുനദിയാണ് കുരുമ്പൻമൂഴിയ്ക്ക് സമീപം പനങ്കുടന്ത വെള്ളച്ചാട്ടമായി രൂപപ്പെടുന്നത്.

ഒന്നര കിലോമീറ്റർ ഉയരമുള്ള വെള്ളച്ചാട്ടത്തിന്റെ ഏറ്റവും താഴെ നൂറു മീറ്റർ അകലെവരെ വാഹനമെത്തും.

ഒന്നര കിലോമീറ്റർ ഉയരമുള്ള വെള്ളച്ചാട്ടത്തിന്റെ ഏറ്റവും താഴെ നൂറു മീറ്റർ അകലെവരെ വാഹനമെത്തും.അവിടെ നിന്നും വെള്ളച്ചാട്ടത്തിന്റെ ഏറ്റവും താഴത്തെത്തട്ടിൽ നടന്നെത്തുവാൻ കഴിയും.പ്രശസ്തമായ കുറ്റാലം വെള്ളച്ചാട്ടത്തെക്കാൾ പത്തിരട്ടി വലിപ്പമുള്ളതും പതിനൊന്നു തട്ടുകളുള്ളതുമായ പനങ്കുടന്ത അരുവി പൂർണമായി കണ്ട് ആസ്വദിക്കണമെങ്കിൽ കുരുമ്പൻമൂഴിയിൽ താമസിക്കുന്ന നാട്ടുകാരുടെയോ ആദിവാസികളുടെയോ സഹായത്തോടെ ചെങ്കുത്തായ മലമ്പാതയിലൂടെ കാടുകയറിയേ മതിയാകൂ.കാടിന്റെ നടുവിലൂടെ സ്വച്ഛന്ദമായി ഒഴുകിയെത്തുന്ന കാട്ടുചോല അഗാധമായ ഗർത്തത്തിലേക്ക് പതിച്ചുകൊണ്ടാണ് ഏറ്റവും മുകളിൽ പനങ്കുടന്ത അരുവി ആരംഭിക്കുന്നത്.അവിടെനിന്ന് താഴേക്ക് വന്യമായ പാറക്കെട്ടുകളിലൂടെ ആകാശത്ത് പാൽക്കുടം തട്ടിമറിഞ്ഞതുപോലെ പതിനൊന്നു തട്ടുകളിൽ ചിന്നിച്ചിതറി പനങ്കുടന്ത വെള്ളച്ചാട്ടം താഴേക്ക്.അരുവിയുടെ ഉത്ഭവസ്ഥാനം കാണാൻ പോകുന്ന സഞ്ചാരികൾക്ക് ഭാഗ്യമുണ്ടെങ്കിൽ കാട്ടാനയുൾപ്പെടെയുള്ള വന്യമൃഗങ്ങളെയും കാണാൻ കഴിയും.അതുകൊണ്ടുതന്നെ ഇൗ നിബിഡവനപ്രദേശത്തേക്ക് പോകുവാൻ ഇവിടുത്തെ ആദിവാസികളുടെ സഹായം അനിവാര്യമാണ്.അത്യപൂർവമായ ഓർക്കിഡുകളും മലവാഴകളും അപൂർവ സസ്യങ്ങളും ഔഷധ സസ്യങ്ങളും പനങ്കുടന്തയിൽ ധാരാളം കാണാം.മഴക്കാലത്ത് ചെങ്കുത്തായി പതിക്കുന്ന വെള്ളച്ചാട്ടത്തിലൂടെയുള്ള മത്സ്യങ്ങളുടെ യാത്ര കൗതുകകരമായ കാഴ്ചയാണ്.ഏറെ അറിയപ്പെടാത്തതും വിനോദസഞ്ചാരവകുപ്പിന് ഇന്നും അജ്ഞാതവുമായ പനങ്കുടന്ത വെള്ളച്ചാട്ടത്തിലേക്കെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം അനുദിനം വർദ്ധിച്ചു വരുന്നുണ്ട്.അത്തിക്കയം മുതൽ പനങ്കുടന്തവരെ സാഹസികയാത്ര നടത്തി പ്രകൃതി സൗന്ദര്യം നുകർന്നെത്തുന്നവർക്ക് ഇതേ വഴിയിലൂടെ മടക്കയാത്ര നടത്താതെ കുരുമ്പൻമൂഴിയിൽ നിന്നും പമ്പാനദി കടന്ന് എരുമേലി വഴി തിരികെ പോകുവാനും കഴിയും.EBAN Marketing is a custom website designing and digital marketing company in Trivandrum.
  • EBAN Marketing is a custom website designing and digital marketing company in Trivandrum.

പ്രധാന വാർത്തകൾ