വിദ്യാഭ്യാസ വൗച്ചർ പദ്ധതി-സ്വകാര്യവൽക്കരണത്തിലേക്കുള്ള ലോകബാങ്ക് കൗശലം – അഡ്വ. ടി നാരായണൻ വട്ടോളി

July 23, 2020,  2:19 PM

Share :STRENGTHENING TEACHING_LEARNING AND RESULTS FOR STATES(STARS) എന്ന പേരിലുള്ള പരിപാടി പൂർത്തീകരിക്കുന്നതോടെ സ്കൂൾ വിദ്യാഭ്യാസം സമ്പൂർണമായ സ്വകാര്യവൽക്കരണത്തിന് വിധേയമാക്കാനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നത്.

അമേരിക്കയിലും മറ്റു ചില രാജ്യങ്ങളിലും നിലനിൽക്കുന്ന വിദ്യാഭ്യാസ വൗച്ചർപദ്ധതി ഇന്ത്യയിലും ഉടനടി നടപ്പാക്കും. ഈ ദിശയിലേക്കുള്ള നീക്കങ്ങൾ കേന്ദ്ര സർക്കാർ ആരംഭിച്ചു കഴിഞ്ഞു. ലോകബാങ്കുമായി ജൂൺ 24 ന് കേന്ദ്ര സർക്കാർ ഉണ്ടാക്കിയ കരാറനുസരിച്ച് 6 വർഷം നീണ്ടു നിൽക്കുന്ന ഒരു നൂതന വിദ്യാഭ്യാസ പരിപാടി ആരംഭിക്കുകയാണ്. STRENGTHENING TEACHING_LEARNING AND RESULTS FOR STATES(STARS) എന്ന പേരിലുള്ള പരിപാടി പൂർത്തീകരിക്കുന്നതോടെ സ്കൂൾ വിദ്യാഭ്യാസം സമ്പൂർണമായ സ്വകാര്യവൽക്കരണത്തിന് വിധേയമാക്കാനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നത്. ഡി പി ഇ പി ക്കും എസ് എസ് എ ക്കും ശേഷം ഇന്ത്യയിൽ ലോക ബാങ്ക് നടപ്പിലാക്കുന്ന മൂന്നാം ഘട്ട പദ്ധതിയാണ് സ്റ്റാർസ് . ഇതിനുള്ള ആദ്യഗഡുവായി 500 ദശലക്ഷം ഡോളർ ലോകബാങ്ക് അനുവദിച്ചു കഴിഞ്ഞു. പ്രോജക്റ്റ് ID – പി. 166 868 പ്രകാരം ജൂൺ 24 ന് ഒപ്പിട്ട കരാറനുസരിച്ച് പദ്ധതിക്കു വേണ്ടി മൊത്തം വകയിരുത്തിയിരിക്കുന്നത് 361806 ദശലക്ഷം ഡോളറാണ്.ശബ്നം സിൻഹ , മാർഗരറ്റ് ക്ലാർക്ക് എന്നീ ലോകബാങ്ക് വിദ്യാഭ്യാസ സ്പെഷലിസ്റ്റുകളാണ് വിദ്യാഭ്യാസകരാറിന് നേതൃത്വം നൽകിയത്. ആഗോള വികസനത്തിനുള്ള വിദ്യാഭ്യാസം എന്ന കോർപറേറ്റ് ആശയത്തിന്റെ വക്താക്കളാണ് ഇരുവരും. ലോകബാങ്കിൽ ചേരും മുമ്പ് ശബ്നം സിൻഹ ഒരു വലിയ സ്വകാര്യ കമ്പനിയിൽ പബ്ളിക് – പ്രൈവറ്റ് വിദ്യാഭ്യാസപദ്ധതി (പി പി പി ) യുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു. ലോക ബാങ്കിന്റെ പഠന വിശകലന പരിപാടിയെ നയിക്കുന്ന സംഘത്തിൽ അംഗമാണ് മാർഗരറ്റ് ക്ലാർക്ക്.

വിദ്യാഭ്യാസ മേഖലയെ സ്വകാര്യവൽക്കരിക്കുന്നതിനും വാണിജ്യവൽക്കരിക്കുന്നതിനുമുള്ള വിവിധ തന്ത്രങ്ങൾ STARS പരിപാടി മുന്നോട്ട് വെക്കുന്നുണ്ട്. അതിൽ ഒന്നാണ് എജുക്കേഷൻ വൗച്ചർ പദ്ധതി. വിദ്യാഭ്യാസ വ്യവസ്ഥയ്ക്ക് ആവശ്യമായ ധനസഹായം പൊതു ഖജനാവിൽ നിന്ന് നൽകും. എന്നാൽ സർക്കാർ നേരിട്ട് സ്കൂളുകൾ നടത്തണമെന്നില്ല. സ്കൂളുകൾ സ്വകാര്യ മേഖലയിൽ ആരംഭിക്കാം. പൊതു വിദ്യാഭ്യാസ   വ്യവസ്ഥയിൽ സർക്കാർ തന്നെയാണ് സ്കൂളുകൾ നടത്തുന്നത്. ആ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാർ പിൻവാങ്ങുകയാണ്. നവോത്ഥാനനായകരുടെ സൗജന്യവും സാർവത്രികവുമായ ജനാധിപത്യ-ശാസ്ത്രീയ വിദ്യാഭ്യാസം എന്ന ആശയത്തിന് ഇന്നത്തെ വിപണി സമ്പദ്‌വ്യവസ്ഥയിൽ യാതൊരു പ്രാധാന്യവുമില്ല എന്ന് ലോക ബാങ്ക് കരുതുന്നു. കേന്ദ്ര സർക്കാർ ആ ആശയം മനോമോഹനം തന്നെയെന്ന് തല കുലുക്കി സമ്മതിക്കുന്നു. പൊതു ഫണ്ട് ഇനി പൊതു വിദ്യാലയങ്ങളെ പിന്തുടരണമെന്നില്ല. ഇനി ജനങ്ങളുടെ നികുതിപ്പണം അവരുടെ കുഞ്ഞുങ്ങളെത്തന്നെ നേരിട്ട് പിന്തുടരും . പൊതു വിദ്യാലയങ്ങളിൽ  പഠിക്കുന്ന വിദ്യാർഥികൾക്ക് അവർ ആവശ്യപ്പെട്ടാൽ ഒരു നിശ്ചിതതുകയ്ക്കുള്ള വിദ്യാഭ്യാസ വൗച്ചർനൽകും. തങ്ങൾക്ക് ഇഷ്ടമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ചേർന്ന് പഠിക്കാൻ അവർക്ക് സ്വാതന്ത്ര്യമുണ്ടാകും. സ്കൂൾ തെരഞ്ഞെടുക്കാനുള്ള കുട്ടികളുടെ സ്വാതന്ത്ര്യം അനുവദിക്കുന്ന പുരോഗമനപരമായ പദ്ധതിയാണിതെന്ന് സ്റ്റാർസ് അവകാശപ്പെടുന്നു.

 വിദ്യാഭ്യാസ വൗച്ചർ പദ്ധതി നടപ്പാക്കുന്ന സ്കൂൾ എന്ന പരസ്യത്തോടെ ആർക്കും ഇനി സ്വകാര്യ വിദ്യാലയങ്ങൾ ആരംഭിക്കാം. കുട്ടികളെ തങ്ങളുടെ വിദ്യാലയങ്ങളിലേക്ക് കാൻവാസ് ചെയ്യാം. ഇത്തരം സ്വകാര്യ സ്ഥാപനങ്ങൾ ഇനി മുക്കിലും മൂലയിലും മുളച്ച് വരും. പൊതു ഫണ്ട് ഉപയോഗിച്ച് സ്വകാര്യവൽക്കരണവും വാണിജ്യവൽക്കരണവും എളുപ്പത്തിൽ നടക്കും.

  സമ്പൂർണ സ്വകാര്യവൽക്കരണത്തിലേക്കുള്ള ആദ്യ പടി എന്ന നിലയിൽ വേറെയും കൗശലങ്ങൾ സ്റ്റാർസ് പദ്ധതിയിൽ സ്റ്റോക്കുണ്ട്. കൗശൽ വികാസ്‌ യോജന വകുപ്പിനു വേണ്ടി ലോകബാങ്ക് ടീമിനെ നയിക്കുന്ന ഉദ്യോഗസ്ഥ കൂടിയാണല്ലോ ശബ്നം സിൻഹ . പി പി പി പദ്ധതിയനുസരിച്ച് പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ സ്കൂളുകൾ ആരംഭിക്കും. പതിനൊന്നാം പഞ്ചവൽസര പദ്ധതിയിൽ സി ബി എസ് ഇ യിൽ അഫിലിയേറ്റ് ചെയ്ത 6000 മോഡൽ സ്കൂളുകൾ ആരംഭിക്കാൻ തീരുമാനിച്ചിരുന്നു. ഇതിൽ 2500 എണ്ണം പി പി പി മാതൃകയിൽ വേണമെന്നായിരുന്നു തീരുമാനം. പിന്നാക്ക മേഖലകളിലാണ് ഇത്തരം സ്കൂളുകൾ ആരംഭിക്കുക. പിന്നാക്ക മേഖലകളെ വിദ്യാഭ്യാസ പരമായി ഉദ്ധരിച്ച് പട്ടികജാതി – പട്ടിക വർഗ മറ്റു പിന്നാക്ക വിഭാഗങ്ങളെ പ്രബുദ്ധരാക്കുകയാണ് ഉദ്ദേശ്യം എന്നാണ് പ്രചാരണം. ഇത്തരം വിദ്യാലയങ്ങളിൽ പിന്നാക്കവിഭാഗങ്ങളിലെ വിദ്യാർഥികൾക്കുള്ള ഫീസ് റി ഇംബേഴ്സ് ചെയ്യാനുള്ള സൗകര്യം മാനേജ്മെന്റിനു ലഭിക്കും. ഇവിടെയും പങ്കാളിത്തം പൊതുഫണ്ട് സ്വകാര്യ മേഖലയിലേക്ക് ഒഴുക്കുന്നു എന്ന തരത്തിലാണ്. മാനേജ്‌മെന്റിന് ഇഷ്ടമുള്ള തുക പൊതു വിഭാഗത്തിൽ നിന്ന് ഈടാക്കാം. എജുക്കേഷൻ വൗച്ചർ -റീ ഇംബേഴ്സ്മെൻറ് പദ്ധതികളിലൂടെ സ്വകാര്യ മേഖലയുടെ വാണിജ്യ താൽപര്യം സുഗമമായി നടക്കും.

സ്റ്റാർസ് പദ്ധതി പ്രകാരം വിദ്യാഭ്യാസത്തിന് വ്യക്തവും സമൂർത്തവുമായ ലക്ഷ്യമുണ്ട്. സ്കൂളുകളിൽ നടക്കേണ്ടത് തൊഴി ലഭ്യാസമാണ് വിദ്യാഭ്യാസമല്ല. വ്യവസായ – കാർഷിക- ഉൽപാദന മേഖലകളിലെ ഭൗതികവികസനത്തിന് ആവശ്യമായ വിദഗ്ധ തൊഴിലാളികളെയാണ് വിപണിയിൽ ഇന്ന് ആവശ്യം. തൊഴിൽ വിപണിയുടെ ആവശ്യകതയെ തൃപ്തിപ്പെടുത്താനുതകുന്ന ഫലങ്ങളാണ് വിദ്യാഭ്യാസത്തിലൂടെ സൃഷ്ടിക്കേണ്ടതെന്നും വിദ്യാഭ്യാസത്തിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ ഭാവിയിലേക്കുവേണ്ട തൊഴിൽ ശേഷി ആർജിക്കാൻ കുഞ്ഞുങ്ങളെ പ്രാപ്തരാക്കുകയാണ് സ്റ്റാർസ് പരിപാടിയുടെ ലക്ഷ്യമെന്നും ഇന്ത്യയിലെ ലോക ബാങ്ക് കൺട്രി ഡിറക്ടറായ ജുനൈദ് അഹമ്മദ് സ്പഷ്ടമായി പറഞ്ഞിട്ടുണ്ട്. അറിവും സംസ്കാരവും ശാസ്ത്രബോധവും സ്വഭാവമഹിമയും വിമോചന ചിന്തയും ഒന്നുമല്ല തൊഴിൽ നൈപുണി വികസനം മാത്രമാണ് ഭാവിതലമുറയ്ക്ക് വേണ്ടതെന്ന് കോർപറേറ്റധീശത്വത്തിന്റെ വക്താക്കൾ തീരുമാനിച്ചിരിക്കുന്നു. ഇതിനാവശ്യമായ ശാക്തീകരണം വിദ്യാഭ്യാസവകുപ്പിനും അധ്യാപകർക്കും രക്ഷിതാക്കൾക്കും നൽകും . ഈ ലക്ഷ്യം കൃത്യമായി കൈവരിക്കുന്നുണ്ടോ എന്നറിയാനുള്ള ഹൈ സ്റ്റെയ്ക്ക് അച്ചീവ്മെൻറ് ടെസ്റ്റുകൾ നടത്തും. ഈ ലക്ഷ്യപ്രാപ്തി ഉറപ്പു വരുത്താൻ സ്കൂളുകൾക്ക് അക്രഡിറ്റേഷൻ ഏർപ്പെടുത്തും. വിദ്യാഭ്യാസനടത്തിപ്പ് ജനങ്ങൾക്ക് വിട്ടു കൊടുക്കും. പ്രാദേശികവിദ്യാഭ്യാസസമിതികൾ രൂപീകരിച്ച് വിദ്യാലയ നടത്തിപ്പിന്റെ സമ്പൂർണ ചുമതല ജനങ്ങൾക്ക് നൽകും. അവർക്ക് പിരിവെടുത്ത് വിദ്യാലയങ്ങൾ നടത്താം. നക്ഷത്രത്തിളക്കമുള്ള തൊഴിലഭ്യാസ പ്രപഞ്ചമാണ് സ്റ്റാർസിലൂടെ സൃഷ്ടിക്കപ്പെടുക എന്ന് ലോക ബാങ്ക് വാഗ്ദാനം ചെയ്യുന്നു.

– അഡ്വ. ടി നാരായണൻ വട്ടോളി
കൺവീനർ
വിദ്യാഭ്യാസ അവകാശ സംരക്ഷണ സമിതി


EBAN Marketing is a custom website designing and digital marketing company in Trivandrum.
  • EBAN Marketing is a custom website designing and digital marketing company in Trivandrum.

പ്രധാന വാർത്തകൾ