ഇനിയും മരിക്കാത്ത ജോൺ -വെന്നൂർ ശശിധരൻ

August 11, 2020,  12:50 PM

Share :ജീവിച്ചിരുന്നെങ്കിൽ ഇന്ന് 87 വയസ്സ് പൂർത്തിയായ ഒരു വൃദ്ധനായി ജോൺ നമുക്കിടയിൽ ഉണ്ടാവുമായിരുന്നു എന്ന് ഒരു കൗതുകത്തോടെ ഓർത്തു പോവുന്നു. വർത്തമാനകാലത്തെ സമൂഹത്തിൽ നിലനിൽക്കുന്ന എല്ലാ കമ്പോളവൽക്കരണ സംസ്ക്കാരത്തോടും, വ്യവസ്ഥാപിതമായ ഔപചാരികതകളോടും, ആചാരമര്യാദകളോടും കലഹിച്ച്, അതിനെതിരെ ജീവിതം കൊണ്ട് പോരാടി.
അടിമുടി കച്ചവടവൽക്കരിക്കപ്പെട്ട, ജീവിതത്തിൻ്റെ പളപളപ്പിനെക്കുറിച്ച് മാത്രം സംസാരിക്കുന്ന, പ്രേക്ഷകരിൽ ജീവതത്തേക്കുറിച്ചുള്ള വ്യാജ ബോധം ഉത്പാദിപ്പിക്കുന്ന, ജീവിതയാഥാർത്ഥ്യത്തെ ഏഴയലത്ത് അടുപ്പിക്കാത്ത നടപ്പ് ചലച്ചിത്രങ്ങളെക്കുറിച്ച് ജോണിൻ്റെ നിലപാട എന്തായിരിക്കും എന്ന് ആലോചിക്കുന്നതും കൗതുകകരമാണ്. എല്ലാക്കാലത്തേക്കു മായി ജോൺ പറഞ്ഞു വച്ചിട്ടുണ്ട്. ” മരിക്കുമെന്നായാൽ പോലും ഞാൻ കച്ചവടസിനിമയുടെ ലോകത്തേയ്ക്ക് ഇറങ്ങിച്ചെല്ലില്ല. എൻ്റെ സഹജീവികളുമായി ഞാൻ സംവദിക്കാൻ തെരഞ്ഞെടുത്ത മാദ്ധ്യമമാണ് സിനിമ . കിടക്കാൻ എനിക്ക് ഒരു കൂര പോലും വേണ്ട. പട്ടിണി കിടക്കാനും എനിക്കറിയാം. എനിക്ക് ഞാൻ ആഗ്രഹിക്കുന്ന സിനിമകൾ ഉണ്ടാക്കിയാൽ മാത്രം മതി” സിനിമയെ ഒരു വിൽപ്പനച്ചരക്കാക്കാക്കി പണം കുന്നുകൂട്ടാനുള്ള ഉൽപ്പന്നമായി പരിഗണിക്കുന്നതിനെ ജോൺ നഖശിഖാന്തം എതിർത്തിട്ടുണ്ട് ജോൺ. തനിക്ക് പറയാനുള്ളത് ചമൽക്കാര ങ്ങളില്ലാതെ സമൂഹത്തോട് പങ്കുവയ്ക്കാനുള്ള ഒരു സംവേദന മാദ്ധ്യമം മാത്രമായിരുന്നു ജോണിന് സിനിമ.

ആലപ്പുഴ ചേന്നങ്കര വാഴക്കാട്ട് V .T. എബ്രഹാമിൻ്റേയും, കോട്ടയം ആടിമത്ര സാറാമ്മയുടേയും മകനായി 1937 ആഗസ്റ്റ് 11നാണ് ജോൺ അബ്രഹാം ജനിക്കുന്നത്.ബാല്യവും, പ്രാഥമിക വിദ്യഭ്യാസവും കുട്ടനാട്ടിൽ തന്നെയായിരുന്നു. സർക്കാർ ഉദ്യോഗസ്ഥനായ പിതാവിൻ്റെ സ്ഥലം മാറ്റം അനുസരിച്ച് 11 വിദ്യാലയങ്ങളിലായാണ് ജോൺ ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയത്.തുടർന്ന് തിരുവല്ല മാർത്തോമ്മാ കോളേജിൽ നിന്ന് ഇക്കോണമി ക്സിൽ ബിരുദം നേടി. കുറച്ചു കാലം ട്യൂട്ടോറിയൽ കോളേജ് അദ്ധ്യാപകനായി ജോലി ചെയ്തു.തുടർന്ന് ധർവാഡ് യൂണിവേഴ്സിറ്റിയിൽ എം.എ.പൊളിറ്റിക്സിന് ചേർന്നെങ്കിലും പഠനം പൂർത്തിയാക്കിയില്ല. 1960 കളുടെ തുടക്കത്തിൽ എൽ. ഐ സി.യിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചു.പിന്നീട് ജോലി രാജിവച്ച് 1965 ൽ പൂന എഫ്.ടി.ഐ.ഐ യിൽ ചലച്ചിത്ര സംവിധാന പഠനത്തിന് ചേർന്നു.1969ൽ സ്വർണ്ണ മെഡലോടെ ചലച്ചിത്ര സംവിധാനത്തിൽ ഡിപ്ലോമ നേടി.അര മണിക്കൂർ ദൈർഘ്യമുള്ള “പ്രിയ “യായിരുന്നു ഡിപ്ലോമ ചിത്രം.തുടർന്ന് ഫിലിം ഡിവിഷനുവേണ്ടി ഹിമാലയത്തെക്കുറിച്ച് ഒരു ഡോക്യുമെൻററി സംവിധാനം ചെയ്തു.വിഖ്യാത ചലച്ചിത്ര സംവിധായകനും എഫ്.ടി.ഐ.ഐയിലെ അധ്യാപകനുമായ ഋത്വിക് ഘട്ടക്കിന് ഏറെ പ്രതീക്ഷകളുള്ള ശിഷ്യനായിരുന്നു ജോൺ. പിൽക്കാലത്ത് ജോൺ സ്വീകരിച്ച അരാജക ജീവിതത്തിൻ്റെ വേരുകൾ ഋത്വിക് ഘട്ടക്കിലേയ് പടർന്നു കിടപ്പുണ്ട് എന്ന് ജോണിൻ്റെ സഹപാഠികൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

സവർണ്ണ അധ്യപകനും, കഴുതയും തമ്മിലുള്ള ആത്മബന്ധമായിരുന്നു ചിത്രത്തിൻ്റെ വിഷയം. മികച്ചൊരു സംവിധായകൻ്റെ കൈ മുദ്രകൾ പതിഞ്ഞ ചിത്രമായിരുന്നു.” അഗ്രഹാരത്തിൽ കഴുതൈ” .


ഫിലിം ഇൻസ്റ്റ്യൂട്ടിൽ നിന്ന് പുറത്തിറങ്ങിയ ജോൺ മണി കൗളിൻ്റെ സഹസംവിധായകനായി “ഉസ്കി റോട്ടി ” എന്ന ചിത്രത്തിൽ പ്രവർത്തിക്കുകയുണ്ടായി.ഭിക്ഷക്കാരൻ്റെ ഒരു ചെറിയ റോളിൽ അതിൽ അദ്ദേഹം അഭിനയിക്കുകയും ചെയ്തു.തുടർന്നാണ് ജോൺ കേരളത്തിലേക്കെത്തുന്നത്. 1969 ൽ പുറത്തിറക്കിയ “വിദ്യാർത്ഥികളേ ഇതിലേ ഇതിലേ ” ആണ് റിലീസ് ചെയ്യുന്ന ജോണിൻ്റെ ആദ്യ മുഴുനീള ചിത്രം. കലാപരമായി അത്ര മികച്ച സിനിമയൊന്നുമായിരുന്നില്ല അത്.തുടർന്ന് “മാട്ടു പെട്ടി മുതൽ ദില്ലി വരെ ” എന്നൊരു ചിത്രം പ്ലാൻ ചെയ്തെങ്കിലും യാഥാർത്യമായില്ല. ഇക്കാലത്തു തന്നെ ” അവതാരം ” എന്നൊരു ചിത്രത്തിൻ്റെ പ്രാരംഭ പ്രവർത്തനങ്ങളും ഉണ്ടായിരുന്നു അതും യാഥാർത്ഥ്യമായില്ല. (പീന്നീടത് പ്രശസ്ത ചെറുകഥാകൃത്തായ ടി.ആറുമായി ചേർന്ന് തിരക്കഥ എഴുതി ”നന്മയിൽ ഗോപാലൻ ” എന്നാക്കി).കൗബോയ് സിനിമകളുടെ കേരളീയ പാരഡിയായാണ് ചിത്രം ജോൺ വിഭാവനം ചെയ്തിരുന്നത്. സക്കറിയയുടെ തിരക്കഥയെ ആധാരമാക്കി “ജോസഫ് ഒരു പുരോഹിതൻ ” എന്നൊരു ചിത്രത്തിൻ്റെ പ്രവർത്തനങ്ങളും ഏറെ മുന്നോട്ടു പോയിരുന്നെങ്കിലും അതും സാക്ഷാത്കരിക്കാനായില്ല. ആദ്യ ചലച്ചിത്രത്തിൻ്റെ റിലീസിനു ശേഷം നീണ്ട 9 വർഷമാണ് ജോൺ യാഥാർത്ഥ്യമാവാത്ത സിനിമാസ്വപ്നങ്ങളുമായി ജീവിച്ചത്.1978 ൽ ജോണിൻ്റെ രണ്ടാമത്തെ ചലച്ചിത്രം റിലീസ് ചെയ്തു.തമിഴ് ഭാഷയിൽ പുറത്തിറക്കിയ “അഗ്രഹാരത്തിൽ കഴുതൈ ” ആയിരുന്നു അത്. കലാപരമായി മികച്ച സിനിമയായിരുന്നു അതെങ്കിലും സവർണ്ണരെ ആക്ഷേപിക്കുന്നു എന്ന കാരണത്താൽ തമിഴ്നാട്ടിൽ അതിൻ്റെ പ്രദർശനം നിരോധിച്ചു. എങ്കിലും ഒട്ടേറെ ബഹുമതികൾ ചിത്രത്തിന് ലഭിച്ചു.ഒരു സവർണ്ണ അധ്യപകനും, കഴുതയും തമ്മിലുള്ള ആത്മബന്ധമായിരുന്നു ചിത്രത്തിൻ്റെ വിഷയം. മികച്ചൊരു സംവിധായകൻ്റെ കൈ മുദ്രകൾ പതിഞ്ഞ ചിത്രമായിരുന്നു.” അഗ്രഹാരത്തിൽ കഴുതൈ” .
1979ൽ കണ്ണകിയെ കുറിച്ചൊരു തമിഴ് ചിത്രം പ്രഖ്യപിക്കപ്പെട്ടെങ്കിലും ആ പദ്ധതി യാഥാർത്ഥ്യമായില്ല. ജോണിൻ്റെ മൂന്നാമത്തെ സിനിമയായ “ചെറിയാച്ചൻ്റെ ക്രൂരകൃത്യങ്ങൾ ” പുറത്തിറങ്ങുന്നത് 1980ലാണ്. അക്കാലത്തെ കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങൾ ഒരിടത്തരം കുട്ടനാടൻ ഭൂവുടമയെ എപ്രകാരം ബാധിക്കുന്നു എന്നാണ് ആ ചിത്രത്തിൻ്റെ പതിപാദ്യ വിഷയം.” അഗ്രഹാരത്തിൽ കഴുതൈ ” യോളം കലാപരമായ മേന്മ ഈ ചിത്രത്തിനില്ലെങ്കിലും തീയ്യേറ്ററിൽ സ്വീകരിക്കപ്പെട്ടു.അടുത്ത പടം തമിഴിൽ കോവലനെ കുറിച്ചായിരിക്കുമെന്ന് ജോൺ പ്രഖ്യാപിച്ചെങ്കിലും ജോണിൻ്റെ യാഥാർത്ഥ്യമാവാതെ പോയ സിനിമകളുടെ പട്ടികയിലേയ്ക്ക് അതും എഴുതി ചേർക്കപ്പെട്ടു.ഇക്കാലമത്രയും ഒരു ശീലമായി കൊണ്ടു നടന്നിരുന്ന മദ്യപാനം “ചെറിയാച്ചൻ്റെ ക്രൂരകൃത്യങ്ങൾ ” റിലീസ് ചെയ്ത ശേഷം 6 മാസക്കാലം ജോൺ ഉപേക്ഷിച്ചത്രേ!. ഇക്കാലത്ത് കച്ചവട സാധ്യതകളുള്ള ഒരു മ്യൂസിക്കൽ ചിത്രവും ജോൺ ആലോചിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. അതും യാഥാർത്ഥ്യമായില്ല. പൂർത്തിയാക്കിയ നാലു സിനിമയേക്കാൾ നടക്കാതെ പോയ സിനിമകളുടെ കണക്കാണ് ജോണിൻ്റെ സിനിമാജീവിതത്തിൽ കൂടുതൽ.ഇതിൽ ഏറ്റവും വിവാദമുണ്ടാക്കായ ചലച്ചിത്ര ശ്രമമാണ് കയ്യൂർ സമരത്തേക്കുറിച്ചുള്ളത്.

മൃണാൾ സെൻ അതിനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും പിൻ വാങ്ങുകയായിരുന്നു.പിന്നീടാണ് ജോൺ അതിലേക്കെത്തപ്പെടുന്നത്.ചിത്രത്തിൻ്റെ ഗവേഷണത്തിനായി ജോൺ ഏറെ നാളുകൾ കയ്യൂരിൽ ചെലവഴിച്ചെങ്കിലും, പതിവുപോലെ ഒന്നും നടന്നില്ല. കളിയാട്ടം എന്ന ഡോക്യുമെൻ്ററി കയ്യൂർ ഗവേഷണ കാലത്തിൻ്റെ ഉത്പന്നമാണ്. അപ്പോഴേക്കും ജോൺ മദ്യപാനത്തിലേക്കും അരാജക ജീവിതത്തിലേക്കും ആണ്ടിറങ്ങിയിരിന്നു. ചുറ്റും വലിയൊരു അനുചരവൃന്ദവും.
മലബാറിലെ രാഷ്ട്രീയ പ്രതിബദ്ധതയുള്ള ഒരു സംഘം ചെറുപ്പക്കാർ ഇക്കാലത്താണ് “അമ്മ അറിയാൻ എന്ന ചലച്ചിത്രത്തിൻ്റെ നിർമ്മാണ പദ്ധതിയുമായി ജോണിനെ സമീപിക്കുന്നത്. തീവ്ര ഇടതുപക്ഷ സംഘടനയുടെ സാംസ്കാരിക വിഭാഗമായ ”ഒഡേസ ” യുടെ പ്രവർത്തകരായിരുന്നു അവർ. ക്രൗഡ് ഫണ്ടിങ്ങിലൂടെ ലോകത്ത് ആദ്യമായി നിർമ്മിച്ച ചിത്രമാണത്രേ” അമ്മ അറിയാൻ”. ജോണിൻ്റെ കടുത്ത മദ്യപാനവും, ചിത്രീകരണത്തിലെ അരാജക സ്വഭാവവും ഫണ്ടിൻ്റെ അപര്യാപ്തതയും മൂലം ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പല തവണ തടസ്സപ്പെട്ടെങ്കിലും ഒഡേസ പ്രവർത്തകൾ അതെല്ലാം മറികടന്ന് ചിത്രം പൂർത്തിയാക്കി 1986 ൽ റിലീസ് ചെയ്തു.
ഡോക്യുഫിക്ഷൻ ശൈലിയിലുള്ള ചിത്രം അടിയന്തിരാവസ്ഥക്കാലത്തെ മലബാർ മുതൽ തിരുവിതാംകൂർ വരെയുള്ള കേരളത്തിൻ്റെ രാഷ്ട്രീയ സാമൂഹികാവസ്ഥകൾ ഒരമ്മയ്ക്ക് മകൻ എഴുതി അറിയിക്കും മട്ടിലാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. സാങ്കേതികമായി പല പോരായ്മകളും ചിത്രത്തിനുണ്ടെങ്കിലും, അതിൻ്റെ കലാപരവും, രാഷ്ടീയപരവുമായ മികവിന് അത് കാര്യമായ ന്യൂനതയൊന്നും വരുത്തിയിട്ടില്ല.

ഉന്നതമായ കലാ സങ്കൽപ്പങ്ങൾ ഉണ്ടായിരുന്ന പ്രതിഭയായിരുന്നു ജോൺ. ലോകസിനിമയിൽ അടയാളപ്പെടുത്താൻ മാത്രം മികവ് ജോണിനുണ്ടായിരുന്നു. ജോണിനെ അനുസ്മരിച്ച് o.v.വിജയൻ പറഞ്ഞതുപോലെ “ജോണിന് പലതുമാവാമായിരുന്നു.എന്നാൽ ഒന്നു മാകേണ്ട എന്ന പോലെയായിരുന്നു ജോൺ

സിനിമ മാത്രമല്ല നാടകരംഗത്തും ജോൺ പ്രതിഭ തെളിയിച്ചിട്ടുണ്ട്. ഫോർട്ടുകൊച്ചിയിൽ 100 ലേറെ പേർ ചേർന്നവതരിപ്പിച്ച നായ്ക്കളി എന്ന തെരുവുനാടകം ജോൺ സംവിധാനം ചെയ്തിരുന്നു. നേർച്ച കോഴി, മരണാനന്തരം, ജോൺ എബ്രഹാമിൻ്റെ കഥകൾ എന്നിങ്ങനെ മൂന്ന് ചെറുകഥാ സമാഹാരങ്ങളിലൂടെ സാഹിത്യ രംഗത്തും ജോൺ ശക്തമായ സാന്നിദ്ധ്യം തെളിയച്ചിട്ടുണ്ട്.
ജോണിൻ്റെ അവസാന കാലം കോഴിക്കോട്ടായിരുന്നു ചെലവഴിച്ചിരുന്നത്. വലിയൊരു സൗഹൃദവലയത്തിൻ്റെ നടുവിലായിരുന്ന ജോണിൻ്റെ കോഴിക്കോടൻ ദിനങ്ങൾ.ജോണിൻ്റെ അരാജക വിദ്യാലയത്തിൽ ജോണിന് പഠിക്കുന്നവരായിരുന്നു അതിൽ പലരും.സർഗ്ഗാത്മകതയെ ജോൺ മദ്യത്തിൽ കെട്ടിത്താഴ്ത്തുമ്പോൾ അനുചരവൃന്ദം അതിന് ഈർജ്ജം പകരുകയായിരുന്ന് എന്ന് പിൽക്കാലത്ത് അഭ്യുദയകാംക്ഷികളായ ചില ജോൺ സുഹൃത്തുക്കൾ തുറന്നടിച്ചിട്ടുണ്ട്. കോഴിക്കോട്ടെ ഒരു ഹോട്ടലിൻ്റെ വരാന്തയിൽ നിന്ന് മദ്യലഹരിയിൽ താഴേക്ക് വീണാണ് ജോൺ മരണമടയുന്നത്.ആരൊക്കെയോ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും വൈകി പോയിരുന്നു.അമ്മ അറിയാൻ എന്ന ചിത്രത്തിലെ ഹരിയുടെ മരണം പോലെ ആരാലും തിരിച്ചറിയപ്പെടാതെ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ ജോണിൻ്റെ മൃതദേഹം കിടന്നു എന്നത് യാദൃശ്ചികമാവാം.1987 മെയ് 30നാണ് ജോൺ മരണമടയുന്നത്.സംസ്ക്കാരം മെയ് 31 ഞായറാഴ്ച വൈകീട്ട് 4.3o കുട്ടനാട്ടിലെ ചേന്നങ്കരി പള്ളി സെമിത്തേരിയിൽ. ഇടവകക്കാരനല്ലാത്തതിനാൽ ചിലർ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും സഭാ മേലധികാരികളുടെ അനുമതി നേരത്തേ മേടിച്ചതിനാൽ അത് വിലപ്പോയില്ല.


ഉന്നതമായ കലാ സങ്കൽപ്പങ്ങൾ ഉണ്ടായിരുന്ന പ്രതിഭയായിരുന്നു ജോൺ. ലോകസിനിമയിൽ അടയാളപ്പെടുത്താൻ മാത്രം മികവ് ജോണിനുണ്ടായിരുന്നു. ജോണിനെ അനുസ്മരിച്ച് o.v.വിജയൻ പറഞ്ഞതുപോലെ “ജോണിന് പലതുമാവാമായിരുന്നു.എന്നാൽ ഒന്നു മാകേണ്ട എന്ന പോലെയായിരുന്നു ജോൺ ” .K .G. ജോർജ്ജ് ഒരിക്കൽ പറയുകയുണ്ടായി. ജോണിൻ്റെ ഏറ്റവും വലിയ പരിമിതി മദ്യപാനവും, അതുമൂലമുള്ള അച്ചടക്കരാഹിത്യവുമായിരുന്നു. ഋത്വിക് ഘട്ടക്കിനെ പോലെ തന്നെ. ഒരു പാട് ഘടകങ്ങള ആശ്രയിച്ച് പൂർത്തിയാക്കേണ്ട കലാരൂപമാണ് സിനിമ എന്നതിനാൽ സംവിധായകൻ്റെ അച്ചടക്കം പ്രധാനമാണ്. ജോണിന് അതില്ലായിരുന്നു.
‌ ജോണിൻ്റെ എല്ലാ പരിമിതികളോടെയും കേരളയെ സമൂഹം പ്രത്യേകിച്ച് സമാന്തരസിനിമയുടെ വക്താക്കളായ പ്രേക്ഷകർ അദ്ദേഹത്തെ സ്നേഹിക്കുന്നു. ലഭ്യമായ സിനിമകൾ ഇന്നും കാണുന്നു. ചർച്ച ചെയ്യുന്നു.സമൂഹം, സംസ്ക്കാരം, കല, വ്യക്തി ബന്ധങ്ങൾ എന്നിങ്ങനെ എല്ലാം കമ്പോളവത്ക്കരിക്കപ്പെട്ട വർത്തമാനകാലത്ത് ഇനിയൊരു ജോൺ ഭൂജാതനാവാനിടയില്ല. വ്യവസ്ഥാപിതമായ എല്ലാത്തിനോടും യുദ്ധം പ്രഖ്യാപിച്ച ആദ്യത്തേയും അവസാനത്തേയും കലാപകാരിയാണ് ജോൺ എബ്രഹാം

-വെന്നൂർ ശശിധരൻ


EBAN Marketing is a custom website designing and digital marketing company in Trivandrum.
  • EBAN Marketing is a custom website designing and digital marketing company in Trivandrum.

പ്രധാന വാർത്തകൾ