
2007 ഫെബ്രുവരി മാസത്തിലെ നല്ല ചൂടുള്ള ഒരു ദിവസം. സ്വന്തമായി ഒരു കൊച്ചു വീടുണ്ടാക്കി, അതിൽ താമസമാക്കിയതിൻ്റെ പിറ്റേന്ന് വീടുമാറ്റത്തിൻ്റെ ക്ഷീണത്തിൽ ലീവെടുത്ത് ഉച്ചമയക്കത്തിനുള്ള പുറപ്പാടിലാണ് ഞാൻ. ഉച്ചയുറക്കം ശീലമില്ലാത്ത വേണുവേട്ടൻ വീടിനു പുറകിൽ മറ്റാരോടോ സംസാരിക്കുന്ന പോലെ തോന്നി. ആരാണേലും ഞാൻ അവിടേക്കില്ലെന്ന് എൻ്റെ ക്ഷീണം ഉറപ്പിച്ചു കഴിഞ്ഞിരുന്നതിനാൽ അങ്ങോട്ടു പോകാതെ കണ്ണടച്ച് കിടന്നു.
ഒരഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ വേണുവേട്ടൻ മുറിയിൽ വന്ന് ” ഒന്നു വരൂ അവിടെ ടീച്ചറെ അറിയുന്ന രണ്ടുപേർ വന്നിട്ടുണ്ട് ” എന്ന് പറഞ്ഞു. ഒരല്പം നീരസത്തോടെ ആരാണെന്ന് ചോദിച്ചപ്പോൾ ” ചെന്ന് കാണൂ ” എന്നു പറഞ്ഞ് വന്നപോലെ തിരിച്ചുപോയി. മനസ്സില്ലാ മനസ്സോടെയാണ് അടുക്കള വാതിലിലൂടെ വർക്ക് ഏരിയയിൽ ചെന്ന് എത്തി നോക്കിയത്. എന്നെ അതിശയിപ്പിച്ചു കൊണ്ട് കഴിഞ്ഞ വർഷം പത്താം ക്ലാസ്സിൽ പഠിച്ചിരുന്ന രണ്ട് കുട്ടികളെ കണ്ട് ഞാനാകെ അന്തം വിട്ടു പോയി. കാരണം പട്ടാമ്പി പരിസരത്ത് വീടുള്ള അവരെങ്ങനെ അമ്പതു കിലോമീറ്ററിലധികം ദൂരമുള്ള എൻ്റെ വീടിൻ്റെ പുറകുവശത്ത് എന്ന അന്ധാളിപ്പിൽ ഒന്നൂടെ കണ്ണു തിരുമ്മി നോക്കി. അതെ ഇതവർത്തന്നെ. “എന്താ ടീച്ചറെ, ഞങ്ങളെ അറിയോ?” എന്ന ചോദ്യത്തോടെ അത് സ്ഥിരീകരിക്കപ്പെടുകയും ചെയ്തു.
പഴയ ഇരുമ്പു സാധനങ്ങൾ ശേഖരിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന അവരെക്കണ്ട് ഞാൻ ശരിക്കും വിഷമിച്ചു പോയി. സംസാരത്തിനിടെ കണ്ണു നിറഞ്ഞ എന്നോടവർ പറഞ്ഞത്” ടീച്ചറേ.. ഒട്ടും വിഷമിക്കണ്ടാ ട്ടോ. ഒരു മാസം ഇങ്ങക്ക് കിട്ടണതിനേക്കാളും കായ് ഞമ്മക്ക് ഇപ്പണി കൊണ്ട് കിട്ടണുണ്ട് “എന്നാണ്. അവരെ വീട്ടിനുള്ളിലേക്ക് വിളിച്ചിരുത്തി ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന പാലട പായസമെല്ലാം കൊടുത്ത് കുറേ നേരം സംസാരിച്ചപ്പോൾ അവരു പറഞ്ഞത് ശരിയാണെന്ന് ബോധ്യപ്പെട്ടു.
അതിൽ ഒരാളുടെ മാമായ്ക്ക് പട്ടാളം റോഡിൽ പഴയ ഇരുമ്പു സാധനങ്ങളുടെ വലിയ ബിസിനസ്സ് ആണെന്നും അദ്ദേഹത്തോടൊപ്പം ഈ ബിസിനസ്സിൽ അവരും ഇഷ്ടത്തോടെ ചേർന്നതാണെന്നും സ്വന്തമായി വണ്ടിയുണ്ടെന്നും (മിനിലോറി ) ആ വണ്ടിയിലാണ് സാധനങ്ങൾ എടുത്തോണ്ട് പോണത് എന്നുമൊക്കെ പറഞ്ഞു. സത്യത്തിൽ ആ കുട്ടികൾ വളരെ സന്തോഷത്തോടെയാണ് ആ തൊഴിൽ ചെയ്തിരുന്നത്. വീടുപണിയുടെ ബാക്കിപത്രമായ കുറേ പഴയ സാധനങ്ങൾ അവർക്ക് കൊടുത്ത്, അവരെ യാത്രയാക്കി.
കഴിഞ്ഞ മാസം യാദൃശ്ചികമായി ഒരുദിവസം fb യിലെ എൻ്റെ പോസ്റ്റുകണ്ട് എന്നെ ഓർത്ത് വിളിച്ച എൻ്റെ ഒരു പൂർവ്വ വിദ്യാർത്ഥി, ( N S S School, West Fort) തിരുവനന്തപുരം ശ്രീ ചിത്തിര ഹോസ്പിറ്റലിൽ വാസ്കുലർ സർജറിയിൽ റിസർച്ച് ചെയ്യുന്ന ഡോക്ടർ വിളിച്ച് ഒരു മണിക്കൂറിലധികം സംസാരിച്ചപ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം തോന്നി. ഇങ്ങിനെ പലപ്പോഴായി ജീവിതത്തിൻ്റെ പല മേഖലയിലും എത്തിപ്പെട്ട എത്രയോ വിദ്യാർത്ഥികൾ ലോകത്തിൻ്റെ പല ഭാഗത്തു നിന്നും “ടീച്ചറേ സുഖമാണോ ?”എന്ന് ചോദിക്കുമ്പോൾ സന്തോഷം തോന്നാറുണ്ട്. അതിനുമപ്പുറം ഒരു അഭിമാനം തോന്നാറുണ്ട്, ഒരധ്യാപിക എന്ന നിലയിൽ !
സുനിത.പി.എം
