അനിശ്ചിതത്വത്തിലും തിരിച്ചു ചേക്കേറാൻ മടിക്കുന്ന പ്രവാസ കുടുംബങ്ങൾ -അനുമോൾ ലിൻസ്

September 9, 2020,  3:10 PM

Share :നാട്ടിലേക്കുള്ള പെട്ടി കെട്ടുന്ന തിരക്കിൽ ആണ് സജിതയും  കുടുംബവും. ഇത്തവണ ഷോപ്പിങ്  കാര്യമായില്ല.  വീട്ടിൽ ഉള്ളത് മൊത്തം എടുത്തു തിരിച്ചു  പോവുകയാണ്. സജിതയുടെ  ഭർത്താവ് മഹിയെ  കഴിഞ്ഞ ആഴ്ചയിൽ കമ്പനിയിൽ നിന്ന് പിരിച്ചു വിട്ടു.  
ഇതോടെ ഇരുവരുടെയും ഇരുപത്തി മൂന്നു വർഷത്തെ ഒമാൻ  പ്രവാസത്തിനു വിരാമമായി. എന്നാൽ സജിതയുടെ  മുഖത്ത് വെക്കേഷന് നാട്ടിൽ പോകുമ്പോൾ  കാണുന്ന സന്തോഷം പോലും ഇല്ല.  അബുദാബിയിലെ ഒരു കമ്പനിയിൽ നിന്നുള്ള ഓഫർ മഹിക്കു കിട്ടിയിട്ടുണ്ട്.  നാട്ടിൽ ചെന്ന് സാവധാനം   പുതിയ ജോലിയിൽ പ്രവേശിച്ചാൽ മതിയാകും. അപ്പോൾ   ജോലിപോയ സങ്കടം അല്ല. മക്കൾ രണ്ടു പേരും വിവാഹം കഴിഞ്ഞു സന്തോഷത്തോടെ വേറെ രാജ്യങ്ങളിൽ  ജീവിക്കുന്നുണ്ട്. നാട്ടിൽ ടൗണിൽ നിന്ന് അധികം ദൂരത്തല്ലാതെ അത്യാധുനിക സൗകര്യങ്ങളോടെ  മൂവായിരത്തി അഞ്ഞൂറു  സ്‌ക്വയർ ഫീറ്റ് വീട് അടഞ്ഞു കിടക്കുന്നു.  പുത്തൻ വീട്ടിൽ താമസിച്ചു  കൊതി മാറിയില്ല എന്ന് പരാതിയും ഉണ്ട്. പിന്നെന്താണ് സജിതയുടെ  മുഖത്ത് തെളിച്ചമില്ലാത്തതു . നേരിട്ട് ചോദിക്കുക തന്നെ.

“എന്ത് പറ്റി ? എന്താണ് ഒരു സന്തോഷമില്ലാത്തത്?  ഇനി നാട്ടിൽ സ്വസ്ഥം ഗൃഹഭരണം ആയി കഴിഞ്ഞാൽ മതിയല്ലോ “

“അതൊക്കെ ശരിയാണ്. പക്ഷെ നാട്ടിൽ പോയി ജീവിക്കാൻ എളുപ്പമല്ല. ഇരുപത്തിമൂന്നു   വർഷമായി ഇവിടുത്തെ ജീവിതരീതികളുമായി പൊരുത്തപ്പെട്ടു.  വർഷത്തിൽ ഒരിക്കൽ അവധിക്കുപോയി താമസിക്കാൻ അല്ലാതെ സ്ഥിരമായി നാട്ടിൽ നിൽക്കുന്നത് ആലോചിക്കാനേ വയ്യ. “

“അതെന്താ അങ്ങനെ ?

“നാട്ടിൽ നമ്മൾ ഇപ്പോഴും വിരുന്നുകാരാണ്. ഇവിടെ  കിട്ടുന്ന ഒരു സ്വാതന്ത്ര്യം  വീട് ടൗണിൽ ആണെങ്കിൽ പോലും അവിടെ കിട്ടില്ല.  എന്തെങ്കിലും  ഒരു നിസ്സാര കാര്യങ്ങൾക്കു വരെ നമ്മൾ ഒരു പാട് പേരെ ആശ്രയിക്കണം. എന്തിനു കഴിഞ്ഞ തവണ ചെന്നിട്ടു വീടിന്റെ  മതിൽ ഒന്ന് പൊളിച്ചു പണിയാൻ നോക്കിയപ്പോൾ അതിനു മുൻസിപ്പാലിറ്റിയിൽ  നിന്ന്  അനുവാദം വാങ്ങണം . മൂന്നു നാല് തവണ നടന്നിട്ടും ശരിയാകാതെ വന്നപ്പോൾ  ആ ആശയം തന്നെ  മാറ്റി വെക്കേണ്ടി വന്നു. അത് മാത്രമല്ല  നമ്മൾ എവിടെ പോകുന്നു ആരൊക്കെ നമ്മുടെ  വീട്ടിൽ വരുന്നു എന്ന് മാത്രം നോക്കിയിരിക്കുന്ന  ബന്ധുക്കളും അയൽവാസികളും. ഇവിടെ  രാത്രി പതിനൊന്നു  ആയാലും വണ്ടി ഓടിച്ചു  ഒറ്റയ്ക്ക് തിരിച്ചെത്താം . നാട്ടിൽ അത് ആലോചിക്കാൻ പോലും പറ്റില്ല. ഒരു മാസം പോയി നിൽക്കുമ്പോൾ നമ്മൾ അനുഭവിക്കുന്ന ബദ്ധിമുട്ട്  എനിക്കേ അറിയൂ. “

ഇത് സജിതയുടെ  മാത്രം ഒറ്റപ്പെട്ട ആശങ്കകൾ അല്ല.  നാട്ടിൽ തിരിച്ചെത്തി സ്ഥിര താമസം തുടങ്ങുന്നതിൽ രണ്ടാമതൊന്നാലോചിച്ചു തുടങ്ങുന്നു  പ്രവാസി മലയാളികൾ  എന്നാണ് പുതിയ കണ്ടെത്തലുകൾ. കോവിഡ്  മഹാമാരി മൂലം ജോലി  നഷ്ടപ്പെട്ട അനേകം  കുടുംബങ്ങളാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് തിരിച്ചു  ചേക്കേറി കൊണ്ടിരിക്കുന്നത്. എന്നാൽ വേറെ ഒരു സാധ്യതയും ഇല്ലെങ്കിൽ മാത്രം  നാട്ടിൽ സ്ഥിരതാമസമാക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഇവർ എന്നത്  പരസ്യമായ രഹസ്യമാണ്.

  കുടുംബമായി താമസിക്കുന്നവരിൽ ഭൂരിഭാഗവും പേർക്കും രണ്ടു പ്രധാന കാരണങ്ങൾ കൊണ്ടാണ് സ്വേച്ഛയാ അല്ലാതെ  നാട്ടിലേക്കു കൂടു മാറ്റം നടത്തേണ്ടി വരുന്നത് . അതിൽ ആദ്യത്തേത് കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യം കണക്കിലെടുത്താണെങ്കിൽ    രണ്ടാമത്തേത് ഇത് പോലെ പെട്ടെന്ന് പിരിച്ചു വിടൽ  സാഹചര്യത്തിൽ  ആയിരിക്കും . ഇതിൽ തന്നെ പകുതി പേരും അടുത്ത  രണ്ടുവർഷത്തിനുള്ളിൽ എങ്ങനെയെങ്കിലും മറ്റേതെങ്കിലും  ഗൾഫ് രാജ്യങ്ങളിലേക്കു  കുടുംബ  സമേതം വീണ്ടും കുടിയേറും.

ഇരുപതും മുപ്പതും വർഷം കഴിഞ്ഞിട്ടും നാട്ടിൽ പോകാൻ ആഗ്രഹിക്കാതെ പ്രവാസം തുടരുന്ന ആളുകൾ ജീവിക്കുന്ന രാജ്യത്തെ സ്വന്തം രാജ്യമായി തന്നെ കാണുന്നവരും ആണ്. ജന്മ നാടിനേക്കാൾ ഇവിടുത്തെ രീതികളോടും  ചുറ്റുപാടുകളോടും അങ്ങേയറ്റം ഇണങ്ങി പൊരുത്തപ്പെട്ടു   കലാ-സാംസ്‌കാരിക-ആത്മീയ  മേഖലകളിൽ അവരുടേതായ സൗഹൃദങ്ങളും കൂട്ടായ്മകളും ആയി ജീവിച്ചു പോരുന്നവർ നിരവധിയാണ്.  വർഷത്തിൽ ഒരു മാസം നാട്ടിൽ പോയി അവധിക്കാലം ചിലവഴിച്ചു തിരിച്ചു വിമാനം കയറുമ്പോൾ ഗൃഹാതുരുത്ത്വത്തെ മനസ്സിൽ പേറി ബാക്കി പതിനൊന്നു മാസങ്ങളും സ്വസ്ഥമായി ജോലി ചെയ്തു ജീവിക്കുന്ന ആളുകൾ ആണ് അധികവും. .  അന്യനാട്ടിൽ ജീവിക്കുമ്പോഴും നാടിന്റെ ഓർമക്കായി സ്വീകരണ മുറികളിൽ തുളസി ചെടി വെക്കുന്ന, നെറ്റിപ്പട്ടം  ചുമരിൽ തൂക്കുന്ന, ഓണവും വിഷുവും    നാട്ടിലെക്കാൾ കേമത്തിൽ ആഘോഷിക്കുന്ന കുടുംബങ്ങളിൽ  കഴിയുന്നവരോടും  എന്താണ് നാട്ടിൽ സ്ഥിര താമസമാക്കാത്തത്  ചോദിച്ചാൽ ഒരു ഉത്തരമേയുള്ളൂ – ഇവിടെ ആണ് ജീവിക്കാൻ സുഖം. ശാന്തം-സ്വസ്ഥം

ഗൾഫുകാരന്റെ വീട്ടിലെത്തുമ്പോൾ മാത്രം സംഭാവന ചീട്ടിൽ  പൂജ്യങ്ങളുടെ എണ്ണം കൂട്ടുന്ന കാര്യത്തിൽ രാഷ്ട്രീയക്കാരും മത നേതാക്കളും  സാമൂഹ്യ പ്രവർത്തകരും മത്സരമാണ്.

  ഹർത്താലുകൾ, പണിമുടക്കുകൾ, വിലക്കയറ്റം  കൂടാതെ   സദാചാര എത്തി നോട്ടങ്ങൾ  ഇത് കൊണ്ടൊന്നും മാത്രമല്ല  നാട്ടിൽ സ്ഥിരതാമസമാക്കൻ പ്രവാസികൾ മടിക്കുന്നത് . മാർക്കറ്റിൽ നിന്ന് ഇഷ്ടപ്പെട്ട ചെറിയ ഏതെങ്കിലും മൽസ്യം വാങ്ങുമ്പോൾ നേരിടേണ്ടി വരുന്ന പുച്ഛം കലർന്ന നോട്ടം മുതൽ പറമ്പിലെ  ഒടിഞ്ഞ  മരത്തിന്റെ ചില്ല  മുറിച്ചു മാറ്റാൻ വരുന്ന പണിക്കാരന്റെ കൂലിയിൽ വരെ പക്ഷപാതം നേരിടുന്നവനാണ് സ്വന്തം നാട്ടിൽ പ്രവാസികൾ. ഇവിടെ റിയാലിൽ ജീവിതം ആസ്വദിച്ചു നാട്ടിലെത്തുമ്പോൾ പോക്കറ്റിൽ നിന്ന് ഓരോ ദിവസവും അതിവേഗം കാലിയാകുന്ന  ഇന്ത്യൻ നോട്ടുകൾ കണ്ടു പരിഭ്രമിച്ചു  നെടുവീർപ്പിട്ടുകൊണ്ടു അവൻ മനസ്സിൽ  പറയും  നാട്ടിൽ എന്തൊരു ചിലവാണ്.  

ഗൾഫുകാരന്റെ വീട്ടിലെത്തുമ്പോൾ മാത്രം സംഭാവന ചീട്ടിൽ  പൂജ്യങ്ങളുടെ എണ്ണം കൂട്ടുന്ന കാര്യത്തിൽ രാഷ്ട്രീയക്കാരും മത നേതാക്കളും  സാമൂഹ്യ പ്രവർത്തകരും മത്സരമാണ്. ഇതിനിടയിൽ വേണ്ട എന്ന് പറയാനാകാതെ ഞെരുങ്ങുമ്പോൾ ഏതു പ്രവാസിയും ആശ്വസിക്കുക  വർഷത്തിൽ ഒരിക്കൽ അല്ലെ.
സ്വന്തം  നാട്ടുകാർക്ക് കൈയയച്ചു കൊടുത്തു ശീലിക്കലാണ് ആദ്യമായി നാട്ടിൽ അവധിക്കു വരുന്ന ഏതൊരു  ശരാശരി മലയാളിയുടെയും  ആദ്യ പാഠം. . ജോലി നഷ്ടപ്പെട്ടു  നാട്ടിൽ തിരിച്ചെത്തിയാലും ഇത് തുടർന്ന് കൊണ്ടേയിരിക്കും. പിരിവുകാരുടെ എണ്ണം കുറഞ്ഞാലും സംഖ്യയിൽ വലിയ മാറ്റം വരുന്നില്ല. കൊടുത്തു ശീലിച്ചവന് ഇല്ല എന്ന് പറഞ്ഞു തിരിച്ചയക്കാനും  അറിയില്ല.

കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലുള്ള  പ്രവാസികളോടില്ലാത്ത പ്രത്യേക സ്നേഹം ഇക്കാര്യത്തിൽ  ഗൾഫ്  മലയാളികളോട്  ഉണ്ടെന്നും പറയപ്പെടുന്നു. കർക്കിടമഴയും നാട്ടിലെ ഉത്സവങ്ങളും   ആസ്വദിക്കാൻ എങ്ങനെയെങ്കിലും വർഷത്തിൽ ഒരിക്കൽ നാട്ടിൽ എത്തുന്നവൻ  ഏവർക്കും സുപരിചിതനാണല്ലോ. കണ്ടിട്ട് കുറെ കാലമായല്ലോ  കഴിഞ്ഞ വർഷം   വന്നില്ലേ എന്ന് ചോദ്യത്തിൽ തന്നെ പ്രവാസിയുടെ മനസ്സ്  അലിഞ്ഞു പോകും .

സ്വയം തയ്യാറെടുപ്പുകൾ നടത്തി നാട്ടിൽ തിരിച്ചെത്തിയാലും  കാലങ്ങളോളമായി നാട്ടിൽ നിന്ന് വിട്ടു നിൽക്കുന്ന  ഒരു  സാധാരണ പ്രവാസിക്ക് നാട്ടിലെ ഒരു സ്ഥിര വരുമാനക്കാരന്റെ ജീവിത ശൈലി പോലും കൈ പൊള്ളിക്കും.

കോവിഡ്  മഹാമാരി തീർത്ത  സാമ്പത്തിക അനിശ്ചിതത്വത്തിൽ  തിരിച്ചെത്തുന്ന പ്രവാസികളുടെയും അവരെ ആശ്രയിച്ചു കഴിയുന്ന  നാട്ടിലെ  കുടുംബങ്ങളിലെയും ജന്മനാട്ടിലെ  ജീവിത രീതികളിൽ ഇനി മുതൽ  പ്രകടമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം.  ഈ  കാലയളവിൽ ഉണ്ടായ   സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കരകയറാൻ ഗൾഫ് രാജ്യങ്ങൾ എടുക്കുന്ന സമയവും പുതിയ ജോലി സാധ്യതകളും എല്ലാം ഇപ്പോഴും പ്രവചനാതീതമാണ്. അത് വരേയ്ക്കും പ്രവാസിക്ക് തുണ  നാടും വീടും മാത്രം.  

അനുമോൾ ലിൻസ്EBAN Marketing is a custom website designing and digital marketing company in Trivandrum.
  • EBAN Marketing is a custom website designing and digital marketing company in Trivandrum.

പ്രധാന വാർത്തകൾ