ഉത്കണ്ഠാ രോഗങ്ങൾ -ഡോ : ഷീബ റെജികുമാർ

October 10, 2020,  4:44 AM

Share :തിരക്കേറിയ ജീവിത സാഹചര്യങ്ങളും കഠിനമായ സമ്മർദ്ദവും നിത്യവും അഭിമുഖീകരിക്കേണ്ടി വരുന്നവരാണ് ആധുനിക മനുഷ്യർ… അതിനാൽത്തന്നെ എല്ലാ മനുഷ്യരിലും ഏറിയും കുറഞ്ഞും കാണപ്പെടുന്ന ഒന്നാണ് ഉത്കണ്ഠ. എന്നാൽ അമിതമായ ഉത്കണ്ഠ ദൈനംദിന ജീവിതത്തിനെത്തന്നെ പ്രതികൂലമായി ബാധിക്കുന്നു. ഒരു മാനസിക അസ്വസ്ഥതയായി വിലയിരുത്തപ്പെടുമ്പോഴും നിരവധി ശാരീരിക ലക്ഷണങ്ങൾക്കും സ്വഭാവവ്യതിയാനങ്ങൾക്കും ഇത് കാരണമായിത്തീരുന്നു.
ഉത്കണ്ഠ രോഗങ്ങളെ പ്രധാനമായും മൂന്നായി തരം തിരിക്കാം.

1.Generalised Anxiety
Disorder
2.Obsessive Compulsive Disorder
3.Phobia

1.Generalised Anxiety Disorder

ഉത്കണ്ഠ എല്ലാവരിലുമുണ്ട്. എന്നാൽ ജീവിതത്തിൽ വേവലാതിയും ഭയവുമില്ലാതെ ഒന്നിനെയും അഭിമുഖീകരിക്കാൻ കഴിയാത്ത ചില ഹതഭാഗ്യരുണ്ട്. സാധാരണ മനുഷ്യനെ ഒരു തരത്തിലും അലട്ടാൻ വഴിയില്ലാത്ത സാഹചര്യങ്ങൾ പോലും ഇത്തരം വ്യക്തികൾക്ക് സമചിത്തതയോടെ അഭിമുഖീകരിക്കാൻ കഴിയാറില്ല. പരീക്ഷകൾ, സൽക്കാരങ്ങൾ, ആഘോഷവേളകൾ, ഡോക്ടറെ കാണൽ തുടങ്ങി എന്തിനും ഏതിനും വെപ്രാളവും ഭയവും പ്രകടിപ്പിക്കുന്നവരാണിവർ. വിശദീകരിക്കാനാവാത്ത ഭയം മൂലം ആത്മവിശ്വാസം നഷ്ടപ്പെടുന്ന ഇത്തരക്കാർ പൊതുവേ ഏതു പുതിയ സാഹചര്യത്തെയും ഒഴിവാക്കാൻ ശ്രമിക്കും. അസ്വസ്ഥത, ദേഷ്യം, വിയർക്കൽ, നെഞ്ചിടിപ്പ്, വിറയൽ, പേശികൾ വലിഞ്ഞുമുറുകൽ, ഉറക്കക്കുറവ് എന്നിവയെല്ലാം ഈ മാനസികാവസ്ഥയുടെ പ്രത്യേകതകളാണ്.

2.Obsessive Compulsive Disorder(OCD)
തികച്ചും അനാവശ്യമായ, ഭയജനകമായ ചിന്തകളാണ് ഈ രോഗമുള്ളവരുടെ പ്രത്യേകത. ഇത്തരം ചിന്തകളെ ലഘൂകരിക്കുന്നതിനായി ഇവർ പ്രവൃത്തികളുടെ ആവർത്തനത്തിലേർപ്പെടുന്നതായി കാണാം. വാതിലടച്ചോ, ഗ്യാസ് ഓഫ് ചെയ്തോ എന്നൊക്കെ പല പല പ്രാവശ്യം പോയി നോക്കി ഉറപ്പുവരുത്തുന്നവരെ കണ്ടിട്ടുണ്ടോ? ഇങ്ങനെ ആവർത്തന സ്വഭാവമുള്ള കാര്യങ്ങൾ സ്വന്തം മനസ്സിൻ്റെ നിയന്ത്രണത്തിനും അപ്പുറം ചെയ്യേണ്ടിവരുന്ന ഇത്തരം മനുഷ്യർ ഒരുപക്ഷേ ഒ സി ഡി രോഗമുള്ളവർ ആകാം. വീട്ടിൽ കർശനമായ അടുക്കും ചിട്ടയും പാലിക്കുന്നത് ഒരു വളരെ നല്ല സ്വഭാവമാണ്. വൃത്തിയിലുള്ള പ്രത്യേക താൽപര്യവും സമയനിഷ്ഠയും തീർച്ചയായും നല്ല ഗുണങ്ങൾ തന്നെ. എന്നാൽ ഒരു വ്യക്തി എല്ലാ നിയന്ത്രണങ്ങൾക്കും അപ്പുറം കണ്ടുനിൽക്കുന്നവർക്ക് അരോചകമായി തീരുന്ന വിധത്തിൽ ഇത്തരം പ്രവർത്തനങ്ങൾക്ക് അടിമപ്പെടുന്നതായി കണ്ടാൽ തീർച്ചയായും ഇതിന് പ്രതിവിധി തേടേണ്ടതുണ്ട്.

ഉദാഹരണത്തിന് എപ്പോഴും വീടു തുടച്ചു വൃത്തിയാക്കുക, ദിവസവും നാലഞ്ചു വസ്ത്രങ്ങൾ മാറുക, ആരെയും സ്വന്തം വസ്തുക്കൾ തൊടാൻ അനുവദിക്കാതിരിക്കുക തുടങ്ങിയ പ്രവർത്തികൾ… ഇത്തരം വൃത്തി ഭ്രാന്തരിൽ പലപ്പോഴും അഴുക്ക്, കീടാണുക്കൾ, അന്തരീക്ഷത്തിലെ വിഷാംശങ്ങൾ എന്നിവയെക്കുറിച്ചുള്ള അമിതമായ ഉത്കണ്ഠയും വെറുപ്പും ആകാം മൂലകാരണം.ചിലരിൽ മതപരവും ധാർമികവുമായ കാര്യങ്ങളെക്കുറിച്ചുള്ള ഉത്ക്കണ്ഠയാണ് പ്രശ്നം. ഉദാഹരണത്തിന് എല്ലാ ദിവസവും ഇതേ സമയം ആരാധനാലയം സന്ദർശിച്ച് പൂജ നടത്തിയില്ലെങ്കിൽ എന്തെങ്കിലും അപകടം സംഭവിക്കുമെന്നൊരു തോന്നൽ. ചിലരിൽ ഇത് തുടർച്ചയായി എണ്ണിത്തിട്ടപ്പെടുത്തൽ, തുടർച്ചയായി പരിശോധിച്ച് ഉറപ്പു വരുത്തൽ എന്ന ലക്ഷണങ്ങളായും പ്രകടമാകുന്നു .ഇത്തരം തോന്നലുകൾ മൂലം പലപ്പോഴും സമയബന്ധിതമായി കാര്യങ്ങൾ ചെയ്തുതീർക്കാൻ ആകാതെ വരികയും തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ വരികയും ചെയ്യുന്നു.

  1. ഫോബിയ
    മറ്റൊരു സാധാരണമായ ഉത്ക്കണ്ഠാ രോഗമാണ് ഫോബിയ. വലിയ ഉപദ്രവകരമല്ലാത്തതും, കാര്യമായി ഭയപ്പെടേണ്ട ആവശ്യമില്ലാത്തതുമായ ചില വസ്തുക്കളോടും സാഹചര്യങ്ങളോടും തോന്നുന്ന ഉത്ക്കടമായ ഭീതിയെയാണ് ഫോബിയ എന്ന് വിളിക്കുന്നത് .ഇതിനെ പ്രധാനമായും മൂന്നായി തരം തിരിക്കാം.
    ഒരു പ്രത്യേകമായ സാഹചര്യത്തിൽ മാത്രം, അഥവാ സവിശേഷമായ ഒരു സംഗതിയുമായി ബന്ധപ്പെട്ട് മാത്രം കഠിനമായ ഉത്കണ്ഠ തോന്നുന്ന അവസ്ഥയാണ് സ്പെസിഫിക് ഫോബിയ. പാറ്റ, പല്ലി പോലെയുള്ള ചില ജീവികളെ കണ്ടാൽ പരിസരം മറന്ന് പ്രതികരിക്കുകയും, പരിഹാസ്യരായി തീരുകയും ചെയ്യുന്ന ചില കുട്ടികളുണ്ട്. രക്തം കണ്ടാൽ തലകറങ്ങുക, കുത്തിവെപ്പുകൾ എടുക്കേണ്ടിവരുമ്പോൾ മോഹാലസ്യപ്പെടുക, ഇരുട്ട്, ഇടിമിന്നൽ,ഉയരം എന്നിവയെയൊക്കെ ഭയക്കുക ,അടച്ചിട്ട മുറി, ലിഫ്റ്റ് തുടങ്ങിയവയിൽ പെട്ടുപോയാൽ ഭയന്നു നിലവിളിക്കുകയോ ബോധരഹിതരാകുകയോചെയ്യുക എന്നിവയെല്ലാം ഫോബിയയുടെ ലക്ഷണങ്ങളാണ് .ഇത്തരം സന്ദർഭങ്ങളിൽ, കടുത്ത ഭയം മൂലം ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുകയും, നെഞ്ചിടിപ്പു കൂടി, കൈകാൽ വിറച്ച്,അമിതമായ പരിഭ്രാന്തി പ്രകടമാക്കുകയും ചെയ്യും.ഇതേയിനത്തിൽപ്പെട്ട മറ്റൊരുതരം ഭയമാണ് അഗോറഫോബിയ. തിരക്കുള്ള തെരുവുകൾ, ആളുകൾ കൂടുന്ന കച്ചവട സ്ഥലങ്ങൾ, ബസ്, തീവണ്ടി തുടങ്ങിയവ ഉപയോഗിക്കുന്നതിനുള്ള അകാരണമായ ഭയം ആണ് ഇവിടെ പ്രകടമാകുന്നത്. മറ്റു പരിചയക്കാർ കൂടെ ഉണ്ടെങ്കിൽ മാത്രമേ ഇവർക്ക് തിരക്കുള്ള ഇടങ്ങളിൽ പോകാൻ സാധിക്കുകയുള്ളൂ. സാമൂഹിക ഉത്കണ്ഠ അഥവാ സോഷ്യൽ ഫോബിയ മറ്റൊരു തരം ഉത്ക്കണ്ഠാ രോഗമാണ്. സമൂഹത്തോട് ഇടപെടാനുള്ള പേടിയും ഭയവും ആണിത്.ഇത്തരം കുട്ടികൾ അന്തർമുഖരും, ഉൾവലിഞ്ഞ സ്വഭാവ പ്രകൃതിക്കാരുമാകും. തങ്ങളുടെ പെരുമാറ്റം മറ്റുള്ളവരുടെ പരിഹാസത്തിന് ഇടയാക്കുമോ എന്ന ഭീതിയാണ് ഇത്തരക്കാരുടെ പ്രശ്നം. ഇനി നമ്മൾ അറിഞ്ഞിരിക്കേണ്ടത് പാനിക് ഡിസോഡർ അഥവാ സംഭ്രാന്തി രോഗം എന്ന അവസ്ഥയെക്കുറിച്ചാണ്. പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ പെട്ടെന്ന് ഉണ്ടാകുന്ന തീവ്രമായ ഭയം, നെഞ്ചിടിപ്പ്, വിയർക്കൽ, തൊണ്ട വരൾച്ച ശ്വാസതടസ്സം, ഇപ്പോൾ മരിച്ചുപോകുമോ അല്ലെങ്കിൽ ഇപ്പോൾ എനിക്ക് ഭ്രാന്ത് പിടിക്കുമോ എന്ന് ആശങ്ക എന്നിവയാണ് ഈ രോഗത്തിൻ്റെ ലക്ഷണങ്ങൾ. 5 മുതൽ 10 മിനിറ്റ് വരെ ഈ അവസ്ഥ നിലനിൽക്കാം. തനിയെ ഇതു മാറുകയും ചെയ്യും. പക്ഷേ എപ്പോൾ വേണമെങ്കിലും ഈ അവസ്ഥ തിരിച്ചുവരാം. അപ്പോഴുണ്ടാകുന്ന കഠിനമായ ഭീതി മൂലം ഹൃദയാഘാതം ആണെന്ന് തെറ്റിദ്ധരിച്ച് രോഗി അടിയന്തര ചികിത്സയ്ക്കായി അത്യാഹിതവിഭാഗത്തിൽ അഭയം തേടേണ്ടി വരുന്ന അവസ്ഥ വരെ കണ്ടു വരാറുണ്ട്. എന്നാൽ ശാരീരിക പരിശോധനകളിൽ ഒരു തകരാറും കണ്ടെത്താൻ കഴിയുകയുമില്ല. പുറത്തുവച്ച് ഇത്തരം അവസ്ഥ വന്നേക്കാം എന്ന് ഭയന്ന് ഇക്കൂട്ടർ ദൂരയാത്രകൾ ഒഴിവാക്കുകയും, അവസരങ്ങൾ പലതും നഷ്ടപ്പെടുത്തുകയും ചെയ്യും.

ഇത്തരം മാനസികാവസ്ഥകളുടെ പരിഹാരത്തെ കുറിച്ച് ഇനി നമുക്ക് ചിന്തിക്കാം. ഓർക്കുക, ഏത് രോഗത്തിനും ഒരു ചികിത്സയുണ്ട്, പരിഹാരവുമുണ്ട് .എല്ലാ മനുഷ്യരിലും ഏറിയും കുറഞ്ഞും മാനസികമായ ദൗർബല്യങ്ങളുണ്ട്. എന്നാൽ ഇവയ്ക്ക് അടിമപ്പെട്ടു പോകാതെ സന്തുലിതാവസ്ഥ നിലനിർത്താൻ കഴിയുന്നതിനാൽ മാത്രമാണ് നമ്മിൽ പലരും സാധാരണ ജീവിതം നയിക്കുന്നത്. അതു കൊണ്ടുതന്നെ അതിനു കഴിയാതെ നിസ്സഹായരായി, ഇത്തരം രോഗങ്ങളുടെ പിടിയിൽ പെടുന്നവരോട് സമൂഹത്തിന് തോന്നേണ്ടത് ക്ഷമയും സഹതാപവും മാത്രമാണ്. പരിഹസിച്ചും പരീക്ഷിച്ചും, ശാരീരിക മാനസിക പീഡനങ്ങൾ നൽകിയും ഇത്തരം കുട്ടികളെ സ്വയം ചികിത്സിക്കാൻ ഒരിക്കലും മാതാപിതാക്കൾ ഒരുമ്പെടരുത്. നിങ്ങളുടെ ശ്രമങ്ങൾക്ക് അപ്പുറമാണ് എന്ന് തോന്നുന്ന നിമിഷം വിദഗ്ധചികിത്സ ലഭ്യമാക്കാൻ ശ്രമിക്കുക. ഹോമിയോപ്പതി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സദ്ഗമയ പദ്ധതി കുട്ടികളുടെ സമഗ്ര ആരോഗ്യ പരിരക്ഷ മുൻനിർത്തി വിഭാവനം ചെയ്യപ്പെട്ടതാണ്. പാർശ്വഫലമില്ലാത്ത ഹോമിയോപ്പതി മരുന്നുകൾ വഴി ഇത്തരം മാനസികാവസ്ഥകളെ പരിപൂർണ്ണമായി സുഖപ്പെടുത്താൻ സാധിക്കും.സൈക്കോളജിസ്റ്റിൻ്റെ സഹായത്തോടെ കൗൺസലിങ്ങ് നൽകാനും കഴിയും. ആത്മവിശ്വാസം വളർത്തുക എന്നതാണ് ഇവിടുത്തെ പ്രഥമ ചികിത്സ. ബിഹേവിയർ തെറാപ്പി, റിലാക്സേഷൻ തെറാപ്പി എന്നിവ ആവശ്യമുണ്ട് എന്ന് കണ്ടാൽ ഇവ ലഭിക്കുന്നിടത്തേക്കു റഫർ ചെയ്യാനും കഴിയും. സംസ്ഥാനത്തെ എല്ലാ ഗവൺമെൻറ് ഹോമിയോ ഡിസ്പെൻസറികളിലും പ്രാഥമിക തലത്തിൽ പ്രവർത്തിക്കുന്ന ഈ പദ്ധതിക്ക് ജില്ലാതലത്തിൽ റഫറൻസ് സെൻ്ററുകളും ഉണ്ട് .മാനസികപ്രശ്നങ്ങളിൽ നിരാശരാകാതെ, ഇത്തരം ഒരു കുറവ് തനിക്കുണ്ടെന്ന് തിരിച്ചറിഞ്ഞ്, സ്വയം ക്ഷമിക്കാനും, സ്വയം പ്രോത്സാഹിപ്പിക്കാനും കഴിയുന്നവർക്ക് നിസ്സാരമായി ഇത്തരം വെല്ലുവിളികളെ അതിജീവിക്കാൻ ആകും. ഇത്തരം രോഗാവസ്ഥകളിൽ പെട്ട എല്ലാവർക്കും ഇതിനു പരിഹാരമുണ്ടാക്കാൻ കഴിയുന്നവരിലേക്ക് എത്തിപ്പെടാൻ കഴിയട്ടെ എന്ന് ഈ ലോക മാനസികാരോഗ്യ ദിനത്തിൽ പ്രത്യാശിക്കുന്നു.

ഡോ : ഷീബ റെജികുമാർ -district convenor,Sadgamaya project for adolescent health care,Dept of Homeopathy,Govt of KeralaEBAN Marketing is a custom website designing and digital marketing company in Trivandrum.
  • EBAN Marketing is a custom website designing and digital marketing company in Trivandrum.

പ്രധാന വാർത്തകൾ