
42-മത് മോസ്കോ ചലച്ചിത്ര മേളയിൽ ബ്രിക്സ് മത്സര വിഭാഗത്തിൽ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട കനി കുസൃതി വുഡ്പെക്കർ ന്യൂസിന് നൽകിയ അഭിമുഖം .
മോസ്കോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ബിരിയാണി എന്ന സിനിമയിലൂടെ മികച്ച നായികയ്ക്കുള്ള പുരസ്കാരമാണ് നടി കനി കുസൃതിക്ക് ലഭിച്ച ത്. മോസ്കോ ചലച്ചിത്ര മേളയിൽ ആദ്യമായിട്ടാണ് ഒരു മലയാള സിനിമയ്ക്ക് അവാർഡ് ലഭിക്കുന്നത്. ബ്രിക്സ് വിഭാഗത്തിൽ മത്സരിച്ച രണ്ട് ഇന്ത്യൻ സിനിമകളിൽ ഒന്നായിരുന്നു ബിരിയാണി. പ്രശസ്ത റഷ്യൻ എഴുത്തുകാരനും, ക്യാമറാമാനും, സംവിധായകനുമായ സെർജി മാക്രിടസ്കി ജൂറി ചെയർമാനും, ജന്ന ടോൾസ്റ്റികോവ, സാങ് സിങ് സെങ്, മുടെമേലി മതിവ ആരോൻ എന്നിവർ അടങ്ങുന്ന ജൂറിയാണ് അവാർഡ് നിർണയിച്ചത്.
ബിരിയാണി എന്ന സിനിമയിലെ ഖദീജ സമകാലിക രാഷ്ട്രീയത്തോടും കേരളത്തിലെ സമകാലിക സാമൂഹിക സാഹചര്യങ്ങളോടും എങ്ങനെയാണ് സംവദിക്കുന്നത്?
*എനിക്ക് സിനിമയെ പറ്റി ഇപ്പൊ വിശദമായി പറയാൻ പറ്റുമോയെന്നറിയില്ല. സിനിമ റിലീസ് ചെയ്യാൻ ആലോചിക്കുന്നതുകൊണ്ട്. അവര് വളരെ പിന്നോക്ക വിഭാഗത്തിൽ നിന്ന് വരുന്ന മുസ്ലിം സ്ത്രീയാണ്. അവരുടേയും അമ്മയുടെയും ജീവിതത്തിലുണ്ടാകുന്ന സാമൂഹിക സാഹചര്യങ്ങൾ അവരെ എവിടെ കൊണ്ടെത്തിക്കുന്നു എന്നതാണു ഈ സിനിമയിൽ നമുക്ക് കാണാൻ കഴിയുന്നത്. ഇങ്ങനെയുള്ളൊരു സമൂഹത്തിൽ ജാതിപരമായിട്ടോ സാമ്പത്തികപരമായിട്ടോ പ്രിവിലേജ് ഉള്ളവർക്കും ഇല്ലാത്തവർക്കും കിട്ടുന്ന നീതി മിക്കപ്പോഴും ആ ശ്രേണി വ്യത്യാസം അനുസരിച്ചു തന്നെ ആണ് എന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. കദീജ എതു വിധത്തിൽ ജീവിക്കാൻ ശ്രമിക്കുമ്പോഴും അവർക്ക് വേണ്ടവിധത്തിൽ ജീവിക്കാൻ പറ്റാത്ത ഒരവസ്ഥയാണ്. അതിനു തടസ്സമായി നിന്നവരോട് ഒരു റിവഞ്ച് തന്നെ ചെയ്യുന്നുണ്ടെന്നുതന്നെ പറയാം. ആ ഒരു രീതിയിലാണ് ഖദീജ എന്ന കഥാപാത്രം ജീവിതത്തിനോട് ഇടപെടുന്നത്. ഈ നാട്ടിലുള്ള ഓരോ സ്ത്രീകളും ഇതെല്ലം ഓരോതരത്തിലായിരിക്കും നേരിടുന്നത്. വ്യക്തിപരമായിട്ടു എനിക്ക് അറിയാവുന്ന ഒരു ലോകമല്ല അവരുടെത്. അങ്ങനെയുള്ള ജീവിതപ്രശ്നങ്ങൾ അല്ല ഞാൻ അനുഭവിച്ചിട്ടുള്ളത്. എങ്കിൽപ്പോലും ഇമോഷണലി എനിക്കവരെ മനസ്സിലാകും. കനി എന്നുപറയുന്ന നടിക്ക് ഖദീജയെ മനസ്സിലാകും കാരണം എനിക്കു തോന്നുന്നു ഇന്ത്യയിൽ ജനിച്ചു വളർന്ന എല്ലാ സ്ത്രീകൾക്കും അവരെ ഇമോഷണലി മനസ്സിലാക്കാൻ കഴിയും. പക്ഷെ ഓരോരുത്തരും തെരഞ്ഞെടുക്കുന്ന വഴികൾ പലതായിരിക്കും.
പരമ്പരാഗതമായി മലയാള സിനിമയിൽ ലൈംഗികത എന്നത് ഒരു പൂവോ പങ്ക കറങ്ങുന്നതോ ആണ്. അതിന്റെയൊരു പൊളിച്ചെഴുത്തായിരുന്നു ബിരിയാണി. എന്നാൽ ഇരുപത്തിയൊന്നോളം കട്ടുകളാണ് സെൻസർ ബോർഡ് ഇതിൽ നടത്തിയത്. ഇത്തരം ഇടപെടലുകൾ സിനിമയെ എത്രമാത്രം ബാധിക്കുന്നുണ്ട്.?
*മലയാളസിനിമയിൽ ന്യുഡിറ്റി അല്ലെങ്കിൽ സെക്ഷ്വൽ സീനുകളുടെ മേക്കിങ്ങിന്റെ പൊളിച്ചെഴുത്തായിരുന്നു ബിരിയാണി സിനിമ എന്നൊന്നും എനിക്കു പറയാൻ പറ്റില്ല. പോൺ സിനിമയിൽ അഭിനയിക്കുന്ന നടിമാരുമുണ്ടല്ലോ പണ്ടെ നമ്മുടെ നാട്ടിൽ. അതു പൊലെ ന്യുഡ് മോഡ്ൽസ് എത്രയോ പേരുണ്ടു. അവരോടൊക്കെ അടങ്ങാത്ത ബഹുമാനവും എനിക്കുണ്ട്. മിക്ക മുഖ്യധാര സിനിമകളിലും ഈ പറഞ്ഞതുപോലെ പൂവുകളോ അല്ലെങ്കിൽ കിളികളോ ഒക്കെയാണ് ഇത്തരം സീനുകൾക്ക് പകരം കാണിക്കുക. പക്ഷെ അല്ലാത്ത തരം സിനിമകളും വന്നിട്ടുണ്ട്. അതൊക്കെ ഓരോ ഡയറക്ടേഴ്സിന്റെ തീരുമാനവുമാണ്. അങ്ങനെയൊരു സീൻ എങ്ങനെയാണു ഡയറക്റ്റ് ചെയ്യേണ്ടത് എന്ന അറിവില്ലായ്മ, അല്ലങ്കിൽ ആർടിസ്റ്റിനോടു അതിനെ പറ്റി സംസാരിക്കാനുള്ള ഭാഷ ഇല്ലായ്മയാണു ഞാൻ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളത്. പിന്നെ നമ്മൾ കൾച്ചറലിയും അങ്ങനെയാണല്ലോ, ‘ഓരോ നാടും സാംസ്കാരികപരമായിട്ടും സാമൂഹ്യപരമായിട്ടും എന്തൊക്കെ ഉൾക്കൊള്ളുന്നതു വരെ വളർന്നു എന്നുള്ളൊരു ചിന്തയിൽ നിന്നായിരിക്കും സംവിധായകരതെല്ലാം തീരുമാനിക്കുന്നത്. സെൻസർബോർഡിന്റെ കട്ടിനെപ്പറ്റി പറയുകയാണെങ്കിൽ അത് ഈ സിനിമയെ എങ്ങനെ ബാധിച്ചു എന്ന് പറയാൻ പറ്റില്ല. കാരണം സെൻസർബോർഡിന്റെ കട്ട് കഴിഞ്ഞിട്ടുള്ള സിനിമ ഞാൻ കണ്ടിട്ടില്ല. പല കാര്യങ്ങളിലും സെൻസർ ബോർഡ് ഇടപെടുമ്പോൾ ഒരു സിനിമയുടെ അന്തഃസത്ത നഷ്ടപ്പെട്ടേക്കാം. എന്നാൽ മുഴുവനായി സെൻസർബോർഡില്ലാത്ത ഒരു കൾച്ചറൽ ഡിസ്കോഴ്സിനു സാധ്യതയുള്ള രാജ്യമായി ഇന്ത്യ വളർന്നിട്ടുണ്ടു എന്ന് തൊന്നിയിട്ടുമില്ല. ഒരു ആർട്ടിസ്റ്റെന്ന നിലയിൽ എല്ലാം പറയാനുള്ള എക്സ്പ്രഷന്റെ സ്വാതന്ത്ര്യം ആർട്ടിസ്റ്റിനുണ്ട് എന്ന് പറയുമ്പൊൾ തന്നെ സെൻസർബോർഡിന്റെ പ്രസക്തി ഇപ്പോഴുമുള്ളൊരു സ്ഥലമാണ് ഇന്ത്യ എന്ന് എനിക്ക് തോന്നുന്നുണ്ട്.
വളരെ ബോൾഡായ വ്യക്തിയാണ് കനി. ഖദീജയും അത്തരത്തിൽ ബോൾഡാണ്. ഈ സമൂഹത്തിലെ സ്ത്രീകൾക്കുണ്ടാവേണ്ട കരുത്തുറ്റ നിലപാടുകൾ എന്തൊക്കെയായിരിക്കണമെന്നാണ് തോന്നുന്നത് ?
- ഇന്ത്യയിലിപ്പോഴും സ്ത്രീകൾക്ക് കരുത്തുറ്റ നിലപാടുകൾ ഉണ്ടായിരിക്കണമെന്നത് എന്ന് കേൾക്കുമ്പോൾ ഞാൻ വിചാരിക്കുന്നത്, അതു സുഗമമാവുക പലപ്പോഴും നമ്മുടെ സാമ്പത്തിക സുരക്ഷയിൽ നിന്നു തന്നെയാണ്. അപ്പോൾ വിദ്യാഭ്യാസവും, തൊഴിൽ ഉറപ്പും, അവസരങ്ങളും തുല്യമായി ഉണ്ടായിരിക്കുക എന്നുള്ളതാണ് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം സ്ട്രോങ്ങ് ആകാൻ ഇന്ത്യയിൽ അടിസ്ഥാനപരമായിട്ട് വേണ്ടത്. നമുക്ക് രാത്രി പെട്ടെന്ന് വീട്ടിൽ നിന്നും ഇറങ്ങി പോകണമെന്നുണ്ടെങ്കിൽ, നടന്നുപോകുന്ന സമയത്തു, അറ്റാക്ക് ചെയ്യപ്പെടാൻ സാധ്യതയുള്ള രാജ്യമാണ് ഇന്ത്യ, പ്രത്യേകിച്ച് സ്ത്രീകൾക്ക്. അപ്പൊൾ നമുക്കൊരു കാറുണ്ടായിരിക്കുന്നത് തന്നെയാണു സുരക്ഷ. കാറു വാങ്ങാൻ പൈസ വേണം എന്നു പറയുന്നിടത്താണ്, എല്ലാത്തരത്തിലുമുള്ള സുരക്ഷയും സാമ്പത്തിക സുരക്ഷയിൽ നിന്നുമാണ് സ്ത്രീകൾക്ക് കിട്ടിയിട്ടുള്ളത് എന്ന് എനിക്ക് തോന്നിയിട്ടുള്ളത്. പലപ്പോഴും പണം സമ്പാദിക്കുന്ന സ്ത്രീകൾക്കു അവരുടെ പണം കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരിക്കാറില്ല. ഇവിടെയുള്ള ഒട്ടു മിക്ക സ്ത്രീകൾക്കും മനോധൈര്യം ഉണ്ട്. എല്ലാ തട്ടിലുള്ള സ്ത്രീകളോടും ഞാൻ ഇടപെടുമ്പോൾ അവർക്ക് എല്ലാവർക്കും സാമ്പത്തിക സുരക്ഷയാണ് ഇല്ലാത്തത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കദീജയൊ ഞാനോ ബോൾഡ് ആണൊ എന്നറിയില്ല. സങ്കടം വരുമ്പോൾ കരയാനോ, ദേഷ്യം പ്രകടിപ്പിക്കാനോ, പൊട്ടിച്ചിരിക്കാനോ, പ്രേമിക്കാനോ, ഉമ്മ കൊടുക്കനോ, “NO” എന്നു പറയാനോ ഞാൻ മടിക്കാറില്ല.
ആദ്യമായി കനിയുടെ അഭിനയക്കളരികളെക്കുറിച്ച് പറയാമോ?
*എനിക്കു എട്ട് ഒൻപത് വയസ്സുള്ളപ്പോൾ തന്നെ നാടകങ്ങളിൽ അഭിനയിക്കാൻ പോയിട്ടുണ്ട്. സി എസ് ചന്ദ്രിക ചേച്ചിയുടെ നാടകങ്ങളിൽ. പിന്നെ സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ സംസ്കൃതമാണ് പഠിച്ചത്. സംസ്കൃതോത്സവത്തിന് ഞങ്ങൾക്ക് കാവാലം സാറിന്റെ സോപാനത്തിൽ നിന്നും സംസ്കൃത നാടകം പഠിപ്പിക്കാൻ വരുമായിരുന്നു. പതിനഞ്ച് വയസ്സുള്ളപ്പോൾ ഡി.രഘൂത്തമന്റെ അഭിനയ എന്ന നാടകസംഘത്തിന്റെ കൂടെ നാടകം കളിയ്ക്കാൻ വിളിച്ചു. ജ്യോതിഷ്.എം.ജി, ദീപൻ ശിവരാമൻ, അഭിലാഷ് പിള്ള ഇവരുടെയൊക്കെ നാടകത്തിൽ അഭിനയിക്കാൻ തുടങ്ങിയപ്പോഴാണ് സീരിയസായി നാടകത്തിലോട്ട് തിരിഞ്ഞത്. പിന്നെ ഡ്രാമാ സ്കൂളിൽ പഠിക്കാൻ പോയി. പാരിസ്സിലുള്ള ജാക്സ് ലൂകോക്ക് സ്കൂളിൽ പഠിക്കാൻ പോയി. ക്ളൗണിങ്, ബഫൂൺ, മാസ്ക്, പപ്പെറ്റ് പിന്നെ, ഫിസിക്കൽ ആക്റ്റിംഗ് അല്ലെങ്കിൽ കോമഡിയാണ് ശരിക്കും ചെയ്യാൻ ഇഷ്ടമുള്ളത്. സിനിമയുടെ പ്രോസസ്സിനോടൊന്നും മാനസികമായി ഇഷ്ടം തോന്നിയിട്ടുണ്ടായിരുന്നില്ല അന്നൊന്നും. 2002 മുതൽ 2010 വരെയൊന്നും ഞാൻ സിനിമ ചെയ്യാൻ വിളിച്ചാൽ തന്നെ പരമാവധി ഒഴിഞ്ഞു മാറുമായിരുന്നു. 2010ലാണു സാമ്പത്തിക സുരക്ഷയുടെ ഭാഗമായി സിനിമയിലേക്ക് വരുന്നത്. അഭിനയ കളരികൾ എന്നുപറയുന്നത് പ്രധാനമായും തിരുവനന്തപുരത്തുള്ള അഭിനയ നാടക പഠന കേന്ദ്രം, ത്രിശൂർ ഡ്രാമ സ്കൂൾ, ഫ്രാൻസിൽ പഠിച്ച സ്കൂൾ, ഫൂട്സ്ബാർൺ നാടകസംഘം, സൗത്ത് അമേരിക്കയിലും യൂറൊപ്പിലും ഉള്ള പല നാടക സംഘങ്ങൾ, അനാമിക ഹക്സറിന്റെ ക്ലാസ്സുകൾ, എലിയാസ് കോഹെൻ, മായ തങ്ങ്ബർഗ്ഗ് എന്നിവരുടെ വർക്ക് ഷോപ്പുകൾ, ഇരിഞ്ഞാലക്കുടയിലെ വേണു ജിയുടെ നടന കൈരളിയിലെ നവരസ സാധന, വീണാപാണി ചൗളയുടെ പോണ്ടിച്ചേരിയിലുള്ള ആദിശക്തി എന്ന തീയേറ്റർ അങ്ങനെ പല സ്ഥലങ്ങളുണ്ടു. ഞാൻ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു.
കനി പുറത്തുവിട്ട മൈത്രേയന്റെ കത്ത് സമൂഹമാധ്യമങ്ങളില് വലിയ രീതിയില് തന്നെ സ്വീകരിക്കപ്പെട്ടു. ഈ സമൂഹത്തിന് അംഗീകരിക്കാന് സാധിക്കാത്ത കാര്യങ്ങളല്ലേ ആ കത്തില് പറയുന്നത്. അത്തരമൊരു വളര്ച്ച കനിയെന്ന വ്യക്തിയെ ഏതൊക്കെ വിധത്തില് സഹായിച്ചിട്ടുണ്ടെന്ന് പറയാമോ?
- ഉറപ്പായിട്ടും ആ കത്ത് എല്ലാവിധത്തിലും സഹായിച്ചിട്ടുണ്ട്. ഞാൻ ഒറ്റക്ക് ജീവിക്കാൻ തുടങ്ങുമ്പോൾ മാനസികവിഷമം അല്ലെങ്കിൽ ശരി തെറ്റ് ഏതാണു അല്ലെങ്കിൽ ഒറ്റപ്പെട്ടു പോയതു പോലൊക്കെ തോന്നുന്ന സമയത്തു തീരുമാനങ്ങളൊക്കെ എടുക്കാൻ ആ കത്ത് സഹായിച്ചിട്ടുണ്ടു. കത്തിനേക്കാൾ ഉപരി അവരു രണ്ടുപേരും ഒപ്പം ഉണ്ടാവാറുണ്ടു. എന്നെ വളർത്തുന്ന രീതിയിൽത്തന്നെ അതുണ്ടായിരുന്നു. കത്ത് അതിന്റെ ഭാഗമായി വന്നു എന്ന് മാത്രം. മാനസികമായിട്ടും ശാരീരികമായിട്ടും പ്രൊഫഷണലിയും പേഴ്സണലിയും ഒക്കെ വിഷമങ്ങളിൽ നിന്നും അതിജീവിക്കാൻ ആ കത്ത് സഹായിച്ചിട്ടുണ്ട്. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവുമ്പോൾ എനിക്കും മൈത്രേയനും ജയശ്രി ചേച്ചിക്കും നന്നായി അതു സംസാരിക്കാൻ പറ്റാറുണ്ട്. സ്നേഹത്തോടെയും ബഹുമാനത്തോടെയും വഴക്കിടാൻ പറ്റാറുണ്ട്. അതിനൊപ്പം തന്നെ മകൾ എന്ന നിലയിലും ഒരു പ്രായപൂർത്തിയായ വ്യക്തി എന്ന നിലയിലും എനിക്ക് ഏറ്റവും ശക്തിയും സ്നേഹവും തരുന്നത് അവരു തന്നെയാണ്. എന്റെ ഏറ്റവും വലിയ പ്രിവിലേജ് എന്റെ അച്ഛനും അമ്മയും തന്നെയാണു.
സമൂഹത്തിലെ എല്ലാവർക്കും ആ കത്ത് അംഗീകരിക്കാൻ കഴിയണമെന്നില്ല. പക്ഷെ എന്നെപ്പോലെ കുറച്ച് പേർക്ക് ആ കത്ത് ഒരു ആശ്വാസമാണു.
സ്വന്തം നാട്ടിൽ തിരസ്കരിക്കപ്പെട്ടൊരു സിനിമ രാജ്യാന്തര തലത്തിൽ ശ്രദ്ധേയമാകുമ്പോൾ ആ സിനിമയിലെ കഥാപാത്രം എന്നതിലുപരി ഇത്തരമൊരു സിനിമയുടെ കടമ്പകളേയും അഭിമുഖീകരിച്ച ആൾ എന്ന നിലക്ക് ബിരിയാണിയേയും അതിൻ്റെ സംവിധായകനേയും പറ്റി ?
*എനിക്ക് സ്വന്തം നാട്ടിൽ സിനിമ തിരസ്കരിക്കപ്പെട്ടോ എന്നറിയില്ല കേട്ടോ .അത് സജിനോട് ചോദിക്കുന്നതായിരിക്കും നല്ലത്. ബിരിയാണിയെയും അതിന്റെ സംവിധായകനെയും പറ്റി പറഞ്ഞാൽ ഞാൻ ഇത് ആദ്യം ചെയ്യാമെന്ന് വിചാരിച്ച സിനിമയായിരുന്നില്ല. സജിനാണ് കുറച്ചുകൂടി കോൺഫിഡൻസ് ഉണ്ടായിരുന്നത്. എനിക്ക് ആ സമയത്തു ഇതു ചെയ്താൽ ശരിയാകില്ല എന്നൊക്കെ തോന്നുണ്ടായിരുന്നു. വളരെ ചെറിയൊരു ടീമായിരുന്നു ബിരിയാണിയുടേത്. എല്ലാവരും ഒരുപാട് സഹകരണമനോഭാവം ഉണ്ടായിരുന്ന ആളുകളായിരുന്നു. ആ ഒരു രീതി എനിക്ക് വളരെ നല്ലതായിട്ട് തോന്നി. പിന്നെ സജിന്റെ മൂന്നാമത്തെ സിനിമയാണ് എന്റെ അറിവിൽ. ഞാനങ്ങനെ ഫീച്ചർ ഫിലിമിൽ ഒരുപാട് അഭിനയിച്ചിട്ടൊന്നുമില്ല. എന്നെ സംബന്ധിച്ചിടത്തോളം വർക്ക് ചെയ്യാൻ കംഫർട്ട് ഉണ്ടായിരുന്നു. ചില സീനുകൾ ചെയ്യുന്ന സമയത്തു സജിന്റെ അടുത്ത് അഭിപ്രായവ്യത്യാസമൊക്കെ ഉണ്ടായിരുന്നു. ഞാനതൊക്കെ സജിനോടുതന്നെ തുറന്നു പറഞ്ഞു. സജിൻ അത് വളരെ പ്രൊഫഷണലി അല്ലെങ്കിൽ ഓപ്പൺ മൈൻഡഡ് ആയി കേൾക്കുന്ന ആളായിട്ടാണ് എനിക്ക് തോന്നിയത്. പിന്നെ അത് സജിന്റെ തന്നെ സിനിമയാണ്. ഞാൻ ആ കഥ വായിക്കുമ്പോൾ തോന്നിയതു ഞാനൊന്നും കാണുന്ന ഒരു കാഴ്ചയേയല്ല ആ സിനിമയുടെ ഭാഷ എന്നാണു.
ലോകോത്തര വേദികളിൽ അംഗീകരിച്ച നടി എന്ന നിലയിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രതീക്കുന്നുണ്ടോ ?
ഞാനൊരവാർഡും പ്രതീക്ഷിക്കുന്നില്ല ജീവിതത്തിൽ. നാടകം ചെയ്യുമ്പോഴും ആളുകൾ പറയാറുണ്ട് ഇതിന് അവാർഡ് കിട്ടും എന്നൊക്കെ. ആക്ടർ എന്ന നിലയിൽ അത് കേൾക്കാറുണ്ട് ഉറപ്പായിട്ടും. പക്ഷെ ഞാൻ അങ്ങനെ അവാർഡ് പ്രതീക്ഷിക്കാറില്ല. എല്ലാ കഥാപാത്രങ്ങൾ ചെയ്യുന്ന ആക്ടെഴ്സും അവാർഡിന് അർഹരാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഞാനൊക്കെ ജൂറിയിലുണ്ടെങ്കിൽ ഒരിക്കലും മുഴുനീളെയുള്ള കഥാപാത്രം ചെയ്യുന്ന ആൾക്ക് തന്നെ അവാർഡ് കൊടുക്കണമെന്ന നിർബന്ധം വെക്കില്ല. ഒരു ഷോട്ടിൽ വന്ന ആൾക്കാർ പോലും അവാർഡിനു അർഹരാണു. അങ്ങനെയാണെന്റെ ധാരണ. മലയാളത്തിൽ ജഗതി, ഫിലോമിന, മീന, മാമുക്കോയ, പപ്പു തുടങ്ങിയവരെയൊക്കെ ഏറെ ബഹുമാനിക്കുന്നു. പക്ഷെ ഇവർക്കൊന്നും വേണ്ട വിധത്തിൽ അവാർഡുകളൊന്നും കിട്ടിയതായി തോന്നിയിട്ടില്ല. അവാർഡ് ഒരു മോട്ടിവേഷനാണ്, പക്ഷെ പ്രയത്നത്തിന്റെ മാനദണ്ഡമല്ല. അവാർഡുകളെക്കാൾ, സിനിമയോ നാടകമോ നേരിട്ട് കണ്ട് ഓഡിയൻസ് അഭിനന്ദിക്കുന്നതാണു മാനസികമായി ഏറ്റവും സന്തോഷം തൊന്നുന്നത്. നിരവധി നല്ല അഭിനേത്രികൾ ഉള്ള കാലമായതിനാൽ സ്റ്റേറ്റ് അവാർഡ് ആർക്കു കിട്ടിയാലും സന്തോഷം.

