
നിർമ്മിത ചട്ടക്കൂടുകളെ മുഴുവനും ഭേദിച്ച് വന്യതയിലേക്കുള്ള യാത്രയായിരുന്നു ഡുക്കിന്റെ ചിത്രങ്ങൾ പൊതുവിൽ .വ്യവസ്ഥയെ വലുതായി വെല്ലുവിളിക്കുന്ന ഡുക്കിന്റെ പ്രണയിനികൾ എല്ലാവിധ വിലക്കുകളെയും ഒന്നൊഴിയാതെ വെല്ലുവിളിക്കും അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ.സിനിമയിൽ അരാജകത്വത്തെ ഡൂക്കിനോളം നിറവൽക്കരിച്ച മറ്റൊരാളെയും അറിയില്ല.
.പ്രണയത്തോടുള്ള അതിന്റെ തൃഷ്ണയിൽ ഡുക്കിന്റെ പാത്രവികാരങ്ങൾ പലപ്പോഴും മനുഷ്യസംസ്കാരം പിറവിയെടുക്കുന്നതിനും പുറകിലേക്ക് പോകുന്നു .സ്നേഹവും രതിയും വന്യവും മൃഗീയവും ആകുന്നു അവിടെ…ഡുക്കിന്റെ ആദ്യചിത്രങ്ങളിലൊന്നായിരുന്നു ഐൽ .കാമുകിയോടുള്ള വർദ്ധിച്ച പ്രണയത്താൽ അവൾ പുറപ്പെട്ടുപോകാൻ ഉപയോഗിക്കുന്ന തോണിയിൽ ചുറ്റിയ ചരടിന്റെ അറ്റത്തുള്ള കൊളുത്തു വിഴുങ്ങുന്ന കാമുകന്റെ കുടലും പണ്ടവും തൊണ്ടയും തോണി നീങ്ങുന്നതിനോടൊത്തു വലിഞ്ഞുമുറുകുന്നു.പ്രായശ്ചിത്തമായി കാമുകി അതെ കൊളുത്തു തന്റെ ഗുഹ്യഭാഗത്തു കയറ്റുകയും തോണി നീങ്ങുമ്പോൾ ഉൾഭാഗം വലിഞ്ഞു ചിതറുകയും ചെയ്യുന്നത് ഐലിൽ ചിത്രീകരിച്ചിട്ടുണ്ട്.

സ്പ്രിംഗ് സമ്മറിനും ത്രീ അയണിനും മുൻപ് തന്നെ ഐലിലെ അവസാന രംഗങ്ങളിലൂടെ ഡുക്ക് ലോകത്തെ ഞെട്ടിച്ചു.ജാരന്മാരും അരാജകവാദികളും ഡുക്കിന്റെ ചിത്രങ്ങളിൽ ആവർത്തിക്കപ്പെടുന്നു.ത്രീ അയണിൽ വിവാഹേതര ലൈംഗികതയ്ക്ക് അതിവിശുദ്ധമായ ഒരു തലം കൂടി ഡുക്ക് ബോധപൂർവം സൃഷ്ടിക്കുന്നുണ്ട്.ഡുക്കിന്റെ എന്നത്തേയും വലിയ ക്യാൻവാസ് സ്പ്രിംഗ് സമ്മർ തന്നെയാണ് .ഇതിൽ പ്രകൃതിയും കാലവും മനുഷ്യബോധവുമൊക്കെ ഇതിഹാസമാനം കൈവരിക്കുന്നു

.അധികമൊന്നും ചർച്ച ചെയ്യപ്പെട്ടിട്ടില്ലാത്ത ബ്രെത് എന്ന സിനിമയിൽ ഒരു വീട്ടമ്മ തനിക്ക് പ്രണയിക്കാനായി നാട്ടിലെ ഏറ്റവും അരാജകവാദിയായ ക്രിമിനലിനെ തേടി പുറപ്പെടുന്നു.കിംകിഡുക്കിന് സിനിമയിലും ചിന്തയിലും മുൻഗാമികൾ ഉണ്ടായിരുന്നില്ല.തീർത്തും സ്വയം വെട്ടിയ വഴിയിലൂടെ നടന്നുതീർത്ത ഈ ചലച്ചിത്രകാരന്റെ ഇല്ലാതാകൽ സൃഷ്ടിക്കുന്ന ശൂന്യതയുടെ വലിപ്പവും വല്ലാതെ വലുതാണ്.

