ഇരുപത്തഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള 2021 ഫെബ്രുവരി മുതൽ

January 1, 2021,  1:24 PM

Share :ചലച്ചിത്രമേള 2020 ഡിസംബറില്‍ നടക്കേണ്ടതായിരുന്നു. എന്നാല്‍ കോവിഡ് രോഗവ്യാപനത്തിന്‍െറ പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു. ചലച്ചിത്രമേള പോലെ ലോകശ്രദ്ധയാകര്‍ഷിച്ച, കേരളത്തിന്‍െറ അഭിമാനമായ ഒരു സാംസ്കാരിക പരിപാടി പൂര്‍ണമായും ഒഴിവാക്കാതിരിക്കാനാണ് എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് 2021 ഫെബ്രുവരിയില്‍ മേള നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത് . കേരളത്തിന്‍െറ ചലച്ചിത്ര സംസ്കാരത്തിന് നിര്‍ണായകമായ സംഭാവനകള്‍ നല്‍കിയ ഐ.എഫ്.എഫ്.കെയുടെ രജതജൂബിലി പതിപ്പ് കൂടിയാണ് ഇത്.

തിരുവനന്തപുരം എന്ന സ്ഥിരം വേദിയില്‍ നടക്കുന്ന മേളയില്‍ ഓരോ വര്‍ഷവും 14,000 ത്തോളം പ്രതിനിധികളാണ് പങ്കെടുക്കാറുള്ളത്. കോവിഡിന്‍െറ സാഹചര്യത്തില്‍ ഇത് പ്രായോഗികമല്ലാത്തതിനാല്‍ കേരളത്തിന്‍െറ നാലു മേഖലകളിലായാണ് ഇത്തവണ ഐ.എഫ്.എഫ്.കെ സംഘടിപ്പിക്കുന്നത്. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തിരുവനന്തപുരം, എറണാകുളം, തലശ്ശേരി, പാലക്കാട് എന്നിവിടങ്ങളിലാണ് മേള നടക്കുക.

തിരുവനന്തപുരത്ത് 2021 ഫെബ്രുവരി 10 മുതല്‍ 14 വരെയും എറണാകുളത്ത് ഫെബുവരി 17 മുതല്‍ 21 വരെയും തലശ്ശേരിയില്‍ ഫെബുവരി 23 മുതല്‍ 27 വരെയും പാലക്കാട് മാര്‍ച്ച് 1 മുതല്‍ 5 വരെയും ആണ് മേള സംഘടിപ്പിക്കുന്നത്. ഓരോ മേഖലയിലും അഞ്ചു തിയേറ്ററുകളിലായി അഞ്ചു ദിവസങ്ങളില്‍ മേള നടക്കും. ഓരോ തിയേറ്ററിലും 200 പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. കോവിഡിന്‍െറ പശ്ചാത്തലത്തിലാണ് ഇക്കുറി വിവിധ സ്ഥലങ്ങളില്‍ മേള സംഘടിപ്പിക്കുന്നത്. ഐ.എഫ്.എഫ്.കെയുടെ സ്ഥിരം വേദി തുടര്‍ന്നും തിരുവനന്തപുരം തന്നെയായിരിക്കും.

മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാടും ആയിരിക്കും. മേളയുടെ ഭാഗമായി പൊതുപരിപാടികളോ, ആള്‍ക്കൂട്ടം കൂടുന്ന സാംസ്കാരിക പരിപാടികളോ ഉണ്ടായിരിക്കുന്നതല്ല. ഉദ്ഘാടന, സമാപനച്ചടങ്ങുകളില്‍ പരമാവധി 200 പേരെ മാത്രമേ പങ്കെടുപ്പിക്കുകയുള്ളൂ. മീറ്റ് ദ ഡയറക്ടര്‍, പ്രസ് മീറ്റ്, മാസ്റ്റര്‍ ക്ളാസ്, വിദേശ അതിഥികളുടെ സാന്നിധ്യം എന്നിവയെല്ലാം ഓണ്‍ലൈന്‍ വഴിയായിരിക്കും. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിദേശ പ്രതിനിധികളോ അതിഥികളോ മേളയില്‍ നേരിട്ട് പങ്കെടുക്കുന്നതല്ല.

അന്താരാഷ്ട്ര മല്‍സര വിഭാഗം, ലോക സിനിമാ വിഭാഗം, മലയാളം സിനിമ റ്റുഡേ, ഇന്ത്യന്‍ സിനിമ നൗ, കലൈഡോസ്കോപ്പ്, റെട്രോസ്പെക്റ്റീവ്, ഹോമേജ് എന്നിങ്ങനെ എല്ലാ വിഭാഗങ്ങളും മേളയില്‍ ഉണ്ടായിരിക്കും. ഓരോ മേഖലയിലും ഐ.എഫ്.എഫ്.കെയില്‍ ഉള്‍പ്പെടുത്തിയ എല്ലാ സിനിമകളും പ്രദര്‍ശിപ്പിക്കും. ഒരു ദിവസം ഒരു തിയേറ്ററില്‍ നാലു ചിത്രങ്ങള്‍ വീതമാണ് പ്രദര്‍ശിപ്പിക്കുക. അന്താരാഷ്ട്ര മത്സര വിഭാഗം, ലോകസിനിമ വിഭാഗം എന്നിവയ്ക്ക് ഓരോ മേഖലകളിലും രണ്ട് വീതം പ്രദര്‍ശനങ്ങളും മറ്റുള്ള എല്ലാ വിഭാഗത്തിനും ഓരോ പ്രദര്‍ശനങ്ങള്‍ വീതവും ആയിരിക്കും ഉണ്ടാവുക.

ഡെലിഗേറ്റുകള്‍ പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം മേളയില്‍ പങ്കെടുക്കേണ്ടത്. മേള സംഘടിപ്പിക്കുന്ന ഇടങ്ങളില്‍ എല്ലാം ഡെലിഗേറ്റ് പാസ് വാങ്ങുന്നതിനു മുമ്പ് ആന്‍റിജന്‍ ടെസ്റ്റ് നടത്തുന്നതിനുള്ള സജ്ജീകരണം ആരോഗ്യവകുപ്പുമായി ചേര്‍ന്ന് ചലച്ചിത്ര അക്കാദമി ഒരുക്കുന്നതാണ്. കോവിഡ് നെഗറ്റീവ് ആണ് എന്നുള്ള സര്‍ട്ടിഫിക്കറ്റ് (മേള തുടങ്ങുന്നതിന് 48 മണിക്കൂര്‍ മുന്‍പ് ടെസ്റ്റ് ചെയ്തത്) ഹാജരാക്കുന്നവര്‍ക്കും പാസ് അനുവദിക്കുന്നതാണ്. ടെസ്റ്റ് നെഗറ്റീവ് ആയവര്‍ക്കു മാത്രമേ ഡെലിഗേറ്റ് പാസ് അനുവദിക്കുകയുള്ളൂ.

കഴിഞ്ഞ വര്‍ഷം ഡെലിഗേറ്റ് ഫീസ് പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 1000 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയുമായിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഡെലിഗേറ്റ് ഫീസ് പൊതു വിഭാഗത്തിന് 750 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 400 രൂപയുമായി കുറച്ചിട്ടുണ്ട്. തങ്ങളുടെ സ്വദേശം ഉള്‍പ്പെടുന്ന മേഖലയില്‍ സംഘടിപ്പിക്കുന്ന മേളയില്‍ തന്നെ പ്രതിനിധികള്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്തേണ്ടതാണ്.

തിയേറ്ററുകളിലേക്കുള്ള പ്രവേശനം പൂര്‍ണമായും റിസര്‍വേഷന്‍ അടിസ്ഥാനത്തില്‍ ആയിരിക്കും. സീറ്റ് നമ്പര്‍ അടക്കം ഈ റിസര്‍വേഷനില്‍ ലഭിക്കും. തെര്‍മല്‍ സ്കാനിഗ് നടത്തിയതിന് ശേഷം മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. കൃത്യമായി സാമൂഹ്യ അകലം പാലിച്ചുകൊണ്ട് മാത്രമേ തിയേറ്ററുകളില്‍ സീറ്റ് നല്‍കുകയുള്ളൂ. ഓരോ പ്രദര്‍ശനം കഴിയുമ്പോഴും തിയേറ്ററുകള്‍ സാനിറ്റൈസ് ചെയ്യുന്നതാണ്.EBAN Marketing is a custom website designing and digital marketing company in Trivandrum.
  • EBAN Marketing is a custom website designing and digital marketing company in Trivandrum.

പ്രധാന വാർത്തകൾ