ചലച്ചിതോത്സവ വികേന്ദ്രീകരണം കച്ചവടസിനിമാക്കാരുടെ ഒടിവിദ്യയോ ?

January 4, 2021,  7:31 AM

Share :കാൽ നൂറ്റാണ്ടു പിന്നിടുന്ന കേരള അന്താരാഷ്ട്ര ചലച്ചിത്രമേള കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലായി നടത്തുമെന്നും അതല്ല യഥാർത്ഥ IFFK തിരുവനന്തപുരത്തും കോവിഡ് പടർന്നു എന്ന പേരുദോഷം അകറ്റാൻ വിവിധ സ്ഥലങ്ങളിൽ സമാന്തര പ്രദർശനങ്ങൾ നടത്തുമെന്നുമൊക്കെയാണല്ലോ ഇപ്പോൾ പറഞ്ഞു കേൾക്കുന്നത് .കോവിഡിൻ്റെ മറവിലാകുമ്പോ എന്തും ആകാമെന്നു കരുതന്നവർക്കും സംഗതി സ്വന്തം നാട്ടിൽ കളിച്ചാലെന്താ എന്ന് പ്രാദേശികപ്പെടുന്നവർക്കുമൊക്കെ കുളിരാകുമെങ്കിലും .IFFI അഥവാ ഗോവൻ ചലച്ചിത്രോത്സവത്തിൽ പോലുമില്ലാത്ത കോവിഡാധിഷ്ഠിത വികേന്ദ്രീകരണം അത്ര നിർദ്ദോഷമാകാൻ വഴിയില്ല .

അതിൽ ഒന്നാമത്തെ കാരണം ചലച്ചിത്രോത്സവ സംഘാടനതലപ്പത്തിരിക്കുന്നവരിലുള്ള വിശ്വാസമില്ലായ്മയും അവരുടെ കച്ചവട സിനിമാ താത്പര്യവും തന്നെയാണ്.

കലാമൂല്യമുള്ള സിനിമകളെത്തള്ളി ഉണ്ടയും വെടിയും കുത്തി നിറച്ച് പിന്നിൽ നിന്ന് കുത്തിയിട്ടും ഇവർ തള്ളിയ സിനിമകൾ രാജ്യാന്തര തലത്തിൽ മലയാള സിനിമക്ക് പെരുമയുണ്ടാക്കി ജൈത്രയാത്ര നടത്തുന്ന ഇക്കാലത്തു തന്നെയാണ് IFFKയെ കഷ്ണം വെയ്ക്കുന്നതെന്നും ശ്രദ്ധേയമാണ് . അതിനവർ പറയുന്ന ന്യായവും വിചിത്രമാണ് .നിർമ്മാതാക്കളുമായി ആലോചിച്ചു പോലും ഒരു സാംസ്കാരിക കൂടിച്ചേരലിൽ ഘടനാപരമായ മാറ്റം വരുത്തുമ്പോൾ ഇത്തരം ബാലിശ കൂടിയാലോചനകൾ മതിയാവില്ല .തിരുവനന്തപുരം അതിനേറ്റവും ഉചിതമായ സ്ഥലം എന്ന വാദമൊന്നും ഇല്ലെങ്കിലും .IFFK അങ്ങ് എറണാകുളത്ത് പറിച്ചുനട്ടാലോ എന്ന ചില കച്ചവട സിനിമാക്കാരുടെ ഇഷ്‌ക്ക് രഹസ്യമല്ലാത്ത കാര്യം തന്നെയാണ് .

ചലച്ചിത്രോത്സവം വികേന്ദ്രീകരിക്കുന്നതിൽ കൂടി കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിനുള്ള international federation of film producers association (FIAPF ) അംഗീകാരം നഷ്ടമാകുമെന്ന ചില ആശങ്കകൾ ചലച്ചിത്ര പ്രവർത്തകർ തന്നെ ഉയർത്തിയിരുന്നു.ഇതിന് അക്കാദമി വക്താക്കൾ പറയുന്ന മറുപടി ഔദ്യോഗികമായി നടത്തിയ ചർച്ചയിൽ FIAPF നിർമാതാക്കളുമായി ആലോചിച്ചു തീരുമാനമെടുത്തുകൊള്ളുവാൻ അനുമതി നൽകിയതായാണ് അവകാശപ്പെടുന്നത്.എന്നാൽ അത്തരമൊരു അനുമതി രേഖാമൂലമാണോയെന്നത് അജ്ഞാതമാണ് . കാരണം FIAPF റാങ്കിങ്ങിൽ 22 മത് അതായത് ഏറ്റവും അവസാന റാങ്കിലാണ് IFFK ഉള്ളത് .ഈ വിഷയത്തിൽ ചലച്ചിത്രോത്സവ വികേന്ദ്രീകരണം ചൂണ്ടിക്കാട്ടി തല്പര കക്ഷികളോ കച്ചവട സിനിമക്കാരോ ഒരു പരാതി നൽകിയാൽ FIAPF അംഗീകാരം നഷ്ടപ്പെട്ടേക്കാം.

അതുകൊണ്ടെന്താണ് പ്രശനം,
നാട്ടിൽ പലയിടത്തും FIAPF അംഗീകാരം ഇല്ലാതെ ചലച്ചിത്രോത്സവം നടക്കുന്നില്ലേ,അവിടെയാണ് മറ്റു സാംസ്കാരിക അക്കാദമികളിൽ ഒന്നുമില്ലാത്തവിധം പോപ്പുലർ ആർട്ടിന്റെ തമ്പ്രാക്കന്മാർ കയറിയിരിക്കുന്ന ചലച്ചിത്ര അക്കാദമിയും ചലച്ചിത്രോൽസവും പൂർണമായി കച്ചവട സിനിമക്കാരിൽ എത്തിച്ചേരുന്ന തന്ത്രം .അതായത് FIAPF ഇല്ലാതായ വിടവിൽ ഫെഫ്കയും അമ്മയും ഒക്കെ കയറി മേഞ്ഞു കേരളത്തിന്റെ ഏറ്റവും വലിയ സാംസ്കാരിക ഉത്സവത്തെ ചൊല്പടിയിലാക്കാനുള്ള സാധ്യത ഉരുത്തിരിഞ്ഞേക്കാം.ചലച്ചിത്രോത്സവത്തിന്റെ തലപ്പത്ത് പതിറ്റാണ്ടുകളായി അട്ടിപ്പേറിരിക്കുന്നവർ നാളിതുവരെ ശ്രമിച്ചിട്ടുള്ളതും മറ്റൊന്നിനുമല്ലെന്നുള്ളതാണ് ചരിത്രം.

സ്വയപ്രയത്‌നം കൊണ്ടും കടം വാങ്ങിയും ശ്രദ്ധേയമായ കലാമൂല്യമുള്ള സിനിമകളെടുത്ത സംവിധായകരുൾപ്പെടെ നൂറിൽ താഴെ സ്വതന്ത്ര സിനിമാ സംവിധായകർ മാത്രമാണ് മലയാളത്തിലുള്ളത്.25 വർഷം കൊണ്ട് ഏതാണ്ട് 200 കോടി രൂപ ചെലവഴിച്ച ചലച്ചിത്ര അക്കാദമി ഇവരെ ഒരു സെമിനാർ ഹാളിൽ ഒന്നിച്ചു വിളിച്ചുകൂട്ടുവാനോ പുതുമുഖ പ്രതിഭകളെ കണ്ടെത്തുവാനോ പ്രോത്സാഹിപ്പിക്കുവാനോ തയ്യാറായിട്ടില്ലെന്നുള്ളതും അക്കാദമിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളെ ചോദ്യം ചെയ്യുന്നുണ്ട്.യുവ കവികളെയും എഴുത്തുകാരെയും പ്രോത്സാഹിപ്പിക്കാൻ സാഹിത്യ അക്കാദമി വർഷത്തിൽ രണ്ടു ക്യാമ്പെങ്കിലും സംഘടിപ്പിക്കാറുണ്ട്.ലളിതകലാ അക്കാദമിയും സമാനമായാണ് പ്രവർത്തിക്കുന്നതെന്ന് പരിഗണിക്കുമ്പോൾ മാത്രമേ മലയാള സിനിമയിലെ പൈങ്കിളി ധാരയുടെ മേൽക്കയ്യും കച്ചവട താല്പര്യവും തിരിച്ചറിയാനാവു .

NB:.കലാമൂല്യമുള്ള സിനിമകളെ കൂട്ടക്കുരുതി നടത്തിയ 2018 ലെ IFFK യ്ക്കെതിരെ പൊതുവികാരം രൂപ പ്പെടുകയും ജനകീയമായ ചില പ്രതിഷേധങ്ങൾ ഉയരുകയും ബദൽ സംഘടന സ്ഥാപിതമാകുകയുമൊക്കെ ചെയ്തു.എന്നാൽ ജനിച്ചു മുട്ടിലിഴയും മുൻപുതന്നെ അവരും കച്ചവട സിനിമാതാല്പര്യങ്ങളിലേക്കുള്ള ചവിട്ടുപടി മാത്രമായി വഴങ്ങുന്നതാണ് പിന്നീട് കണ്ടത്.അക്കാദമിക്കെതിരെ കടുത്ത ഭാഷയിൽ വിമര്ശനം ഉയരേണ്ട സാഹചര്യത്തിലൊക്കെ സംഘടനയിലെ തീവ്ര മിതവാദികൾ വണ്ട് ചാണകമുരുട്ടുമ്പോലെ ഉരുണ്ടുമറിഞ്ഞു കടകംവെട്ടി ആരെയും പിണക്കാതെ ഒരു പ്രസ്താവനയിറക്കും.ഏറ്റവുമൊടുവിൽ ചലച്ചിത്രോത്സവത്തിന്റെ വികേന്ദ്രീകരണത്തെ ശക്തമായ ഭാഷയിൽ വിമർശിക്കേണ്ടതുണ്ടെന്ന നിർദേശം ഉള്ളിനിന്നു തന്നെ ഉയർന്നുവന്നെങ്കിലും വികേന്ദ്രീകരണത്തെ അവസരമായി കാണുന്ന ചിലരും അംബ്രാക്കന്മാർക്ക് തിരുവുള്ളക്കേട് ഉണ്ടാകുമോയെന്നു ഭയക്കുന്ന ചിലരും നാല് ദിവസം വിവാദവിഷയത്തെ ഉരുട്ടിപെരട്ടി NGO ലൈനിൽ മിതഭാഷിയായി .സാംസ്കാരിക ആൾക്കൂട്ടങ്ങളെയെല്ലാം ഭയപ്പെടുകയും ഭിന്നിപ്പിക്കുകയും ചെയ്യുന്ന ഫാസിസ്റ്റ് അജണ്ടയെന്ന് ആരോപിക്കപ്പെടുകപോലും ചെയ്യാവുന്ന വിഷയത്തിൽ തീവ്ര മിതവാദവും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട് .

                                                                   - സുനിൽ മാലൂർ 


EBAN Marketing is a custom website designing and digital marketing company in Trivandrum.
 • EBAN Marketing is a custom website designing and digital marketing company in Trivandrum.

പ്രധാന വാർത്തകൾ